വെളിച്ചം പബ്ലിക്കേഷൻ പ്രസിദ്ധീകരിക്കുന്ന നാലാമത് കൃതി ജോർജ്ജ് അറങ്ങാശ്ശേരിയുടെ കവിതാ സമാഹാരം ‘നിറഭേദങ്ങളില്ലാത്ത മരണം’ ജൂൺ 28 ന് പ്രകാശനം ചെയ്യുന്നു. ജീവിതത്തിന്റെ ദുഃഖാത്മകതയെ നെഞ്ചോട് ചേർത്ത് പിടിച്ച് ജീവിതത്തിൽ ഊറി വരുന്ന ഭാവങ്ങളുടെ ചിത്രങ്ങളാണ് ജോർജ്ജ് അറങ്ങാശ്ശേരിയുടെ ഓരോ കവിതയും. വിഷാദത്തിന്റെ ഒരു നനുത്ത ആവരണം പൊതിയുന്ന 11 കവിതകൾ അടങ്ങിയ ‘നിറഭേദങ്ങളില്ലാത്ത മരണം ‘ വായനക്കാരന് നല്ലൊരു വായനാനുഭവം പ്രദാനം ചെയ്യുന്നു. റാം മോഹൻ പാലിയത്ത് എഴുതിയ
അവതാരികയും എം. തോമസ് മാത്യു എഴുതിയ ആസ്വാദന കുറിപ്പും പുസ്തകത്തിന്റെ ഉള്ളടക്കത്തെ മികവുറ്റതാക്കുന്നു.

യുകെയിലെ സാഹിത്യ ലോകത്ത് സുപരിചിതനായ ചാലക്കുടി സ്വദേശിയായ ജോർജ്ജ് അറങ്ങാശ്ശേരി സ്കോട്ട്ലാൻഡിൽ അബർഡീനിൽ താമസിക്കുന്നു. മലയാള സാഹിത്യത്തിൽ ബിരുദധാരിയായ ജോർജ്ജ് ‘മുറിവ് ‘ എന്ന പേരിലുള്ള ഇൻലൻഡ് മാസികയുടെ
എഡിറ്ററായിരുന്നു. ചാലക്കുടിയിലെ ദൃശ്യവേദി എന്ന സംഘടനയുടെ രൂപീകരണത്തിൽ പ്രധാന പങ്കു വഹിച്ചു. മലയാളത്തിലെ ആനുകാലികങ്ങളിലും ഓൺലൈൻ പ്രസിദ്ധീകരണങ്ങളിലും കഥകളും കവിതകളും എഴുതാറുള്ള ജോർജ്ജ് അറങ്ങാശ്ശേരിയുടെ പ്രഥമ കൃതിയായ ‘ വൃത്തിയാവാത്ത മുറി ‘ എന്ന കഥാ സമാഹാരത്തിന് മലയാളി അസോയ്‌സിയേഷൻ ഓഫ് മെരിലാൻഡ് (അമേരിക്ക )നടത്തിയ സാഹിത്യമത്സരത്തിൽ പ്രഥമ സ്ഥാനം ലഭിച്ചിട്ടുണ്ട്. യുക്മ സാംസ്കാരിക വേദി പ്രസിദ്ധീകരിക്കുന്ന ‘ജ്വാല ഇ മാഗസിന്റെ ‘ എഡിറ്റോറിയൽ ബോർഡ് അംഗമാണ്.

പ്രവാസി എഴുത്തുകാരുടെ കൃതികൾ പ്രസിദ്ധീകരിക്കുക എന്ന ലക്ഷ്യത്തോടെ പ്രവർത്തനം ആരംഭിച്ച ലണ്ടൻ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷൻ പ്രമുഖ മലയാള സാഹിത്യകാരന്മാരുടെയും കൃതികൾ പ്രസിദ്ധീകരിക്കുവാൻ
തയ്യാറെടുക്കുകയാണെന്ന് ലണ്ടൻ മലയാള സാഹിത്യവേദിയുടെ പ്രധാന സംഘാടകൻ റജി നന്തികാട്ട് അറിയിച്ചു.