വന്ദേ ഭാരത് മിഷൻ നാലാം ഘട്ടത്തിന്റെ ഭാഗമായി ജൂലൈ 3 നും 15 നും ഇടയിൽ എയർ ഇന്ത്യ 170 വിമാന സർവീസുകൾ നടത്തും. 17 രാജ്യങ്ങളിലേക്കാണ് സർവീസുകൾ. കേരളത്തിലെ നാല് വിമാനത്താവളങ്ങിലേക്കായി എയർ ഇന്ത്യയുടെ 21 വിമാനസർവീസുകളുണ്ടാവും.

ഗൾഫ് രാജ്യങ്ങളിൽ സൗദിയിൽനിന്നു മാത്രമാണ് കേരളത്തിലേക്കുള്ള എയർ ഇന്ത്യയുടെ വിമാന സർവീസ്. റിയാദ്, ജിദ്ദ, ദാമാം എന്നിവിടങ്ങളിൽ നിന്ന് കേരളത്തിലേക്ക് വിമാന സർവീസുകളുണ്ടാവും. യുഎസ് അടക്കമുള്ള മറ്റ് രാജ്യങ്ങളിൽ നിന്നും കേരളത്തിലേക്ക് എയർ ഇന്ത്യ സർവീസ് നടത്തും.

കേരളത്തിൽ കൊച്ചിയിലേക്കാണ് ഏറ്റവും കൂടുതൽ വിമാന സർവീസുകൾ. 12 വിമാന സർവീസുകളാണ് കൊച്ചിയിലേക്ക്. തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ എന്നിവിടങ്ങളിലേക്ക് മൂന്ന് വീതം വിമാന സർവീസുകളാണുള്ളത്.

റിയാദ്, ജിദ്ദ, ദാമാം എന്നിവിടങ്ങളിൽ നിന്ന് ഓരോ സർവീസുകളാണ് തിരുവനന്തപുരം, കോഴിക്കോട്, കണ്ണൂർ വിമാനത്താവളങ്ങളിലേക്കുണ്ടാവുക. കൊച്ചിയിലേക്ക് റിയാദിൽ നിന്നും ദമാമിൽ നിന്നും ഓരോ സർവീസുകളുണ്ടാവും. ജിദ്ദയിൽ നിന്ന് സർവീസുകളുണ്ടാവില്ല. ഗൾഫ് ഇതര രാജ്യങ്ങളിൽ നിന്നാണ് കൊച്ചിയിലേക്കുള്ള 10 സർവീസുകൾ. മുംബൈ, ഡെൽഹി വിമാനത്താവളങ്ങൾ വഴിയുള്ള കണക്ഷൻ ഫ്ലൈറ്റുകളാണ് ഇവ. യുഎസിൽ നിന്ന് മൂന്ന് വിമാനങ്ങൾ കൊച്ചിയിലേക്ക് സർവിസ് നടത്തും.

വന്ദേ ഭാരത് നാലാം ഘട്ടത്തിൽ കാനഡ, യുഎസ്, ബ്രിട്ടൺ, കെനിയ, ശ്രീലങ്ക, ഫിലിപ്പീൻസ്, കിർഗിസ്ഥാൻ, സൗദി അറേബ്യ, ബംഗ്ലാദേശ്, തായ്ലൻഡ്, ദക്ഷിണാഫ്രിക്ക, റഷ്യ, ഓസ്‌ട്രേലിയ, മ്യാൻമർ, പ്പാൻ, ഉക്രെയ്ൻ, വിയറ്റ്നാം, എന്നിവിടങ്ങളിൽ നിന്നാണ് രാജ്യത്തെ വിമാനത്താവളങ്ങളിലേക്ക് എയർ ഇന്ത്യ വിമാന സർവീസ് നടത്തുക. ഇതിൽ സൗദിക്കും യുഎസിനും പുറമേ റഷ്യ, കിർഗിസ്താൻ, കാനഡ, ബ്രിട്ടൻ, ഉക്രെയ്ൻ, കെനിയ എന്നീ രാജ്യങ്ങളിൽനിന്നാണ് കൊച്ചിയിലേക്കുള്ള സർവീസുകൾ.

ഇന്ത്യയ്ക്കും സൗദി അറേബ്യയ്ക്കുമിടയിൽ 26 വിമാനങ്ങളാണ് സർവീസ് നടത്തുക. യുഎസ്, ബ്രിട്ടീഷ് വിമാനത്താവളങ്ങളുമായി ബന്ധിപ്പിച്ച് യഥാക്രമം 38 വിമാനങ്ങളും 32 വിമാനങ്ങളും സർവീസ് നടത്തും. മുഴുവൻ വിമാനങ്ങളുടെയും സമയക്രമം എയർ ഇന്ത്യ വെബ്സൈറ്റിൽ ലഭ്യമാണ് (airindia.in/images/pdf/New-format-VBM-Phase-4-updated-27Jun-20-1400-Hrs-converted.pdf).

കേരളത്തിലേക്കുള്ള വിമാനങ്ങൾ
തിരുവനന്തപുരം

ജൂലൈ 04: റിയാദ്- തിരുവനന്തപുരം
ജൂലൈ 08: ജിദ്ദ- തിരുവനന്തപുരം
ജൂലൈ 09: ദമാം- തിരുവനന്തപുരം
കൊച്ചി

ജൂലൈ 03: നെയ്റോബി- മുംബൈ- കൊച്ചി
ജൂലൈ 04: മോസ്കോ- ഡൽഹി- കൊച്ചി
ജൂലൈ 05: ഷികാഗോ- ഡൽഹി- കൊച്ചി
ജൂലൈ 06: ദമാം- കൊച്ചി
ജൂലൈ 08: ന്യൂയോർക്ക്- ഡൽഹി- കൊച്ചി
ജൂലൈ 09: ബിഷ്കക്- ഡൽഹി- കൊച്ചി
ജൂലൈ 09: സാൻ ഫ്രാൻസിസ്കോ- ഡൽഹി- കൊച്ചി
ജൂലൈ 09: വാൻകൂവർ- ഡൽഹി- കൊച്ചി
ജൂലൈ 10: റിയാദ്- കൊച്ചി
ജൂലൈ 10: ലണ്ടൻ- മുംബൈ- കൊച്ചി
ജൂലൈ 12: കിയേവ്- ഡൽഹി- കൊച്ചി
കോഴിക്കോട്

ജൂലൈ 03: റിയാദ്- കോഴിക്കോട്
ജൂലൈ 04: ദമാം- കോഴിക്കോട്
ജൂലൈ 06: ജിദ്ദ- കോഴിക്കോട്
കണ്ണൂർ

ജൂലൈ 03: ദമാം- കണ്ണൂർ
ജൂലൈ 05: ജിദ്ദ- കണ്ണൂർ
ജൂലൈ 07: റിയാദ്- കണ്ണൂർ