മലയാളികളുടെ ‘ആക്ഷൻ നായിക’ വാണി വിശ്വനാഥ് രാഷ്ട്രീയത്തിലേക്കിറങ്ങുന്നതായി റിപ്പോർട്ടുകൾ. കേരള രാഷ്ടട്രീയത്തിലേക്കാണ് താരം പ്രവേശിക്കുന്നതെന്ന് കരുതിയെങ്കിൽ തെറ്റി. തെലുങ്ക് രാഷ്ടീയത്തിൽ ഒരു കൈ നോക്കാനാണ് മലയാളി താരം ഒരുങ്ങുന്നതെന്നാണ് വാർത്തകൾ. ഒരു പ്രമുഖ തെലുങ്ക് ഓൺലൈൻ മാധ്യമമാണ് വാർത്ത റിപ്പോർട്ട് ചെയ്യുന്നത്. എന്നാൽ വാർത്തയ്ക്ക് താരത്തിൽ നിന്ന് ഇതുവരെ സ്ഥിരീകരണം ഒന്നും ലഭിച്ചിട്ടില്ല.

മലയാളത്തിന് പുറമേ തമിഴ്, തെലുങ്ക്, കന്നഡ എന്നീ ഭാഷാ സിനിമകളിലും വാണി വിശ്വനാഥ് അഭിനയിച്ചിട്ടുണ്ട്. സൂസന്ന (2000) എന്ന ചിത്രത്തിലെ അഭിനയത്തിന് മികച്ച രണ്ടാമത്തെ നടിക്കുള്ള കേരള സംസ്ഥാന ചലച്ചിത്ര പുരസ്കാരം ലഭിച്ചിട്ടുള്ള വാണി വിശ്വനാഥ് ദി കിംഗ്‌, ഇന്റിപ്പെന്റൻസ്‌, മാന്നാർമത്തായി സ്പീക്കിങ്ങ് എന്നീ ചിത്രങ്ങളിലെ അഭിനയത്തിലൂടെയാണ് ശ്രദ്ധേയയാകുന്നത്. മലയാളത്തിന്‍റെ പ്രിയനടന്‍ ബാബുരാജിന്‍റെ ഭാര്യയായതോടെയാണ് സിനിമയില്‍ നിന്ന് വാണി വിശ്വനാഥ് മാറിനിന്നത്. ഇടയ്ക്കിടെ ചില സിനിമകളില്‍ പ്രത്യക്ഷപ്പെട്ടതല്ലാതെ സിനിമയിലേക്ക് സജീവമായൊരു തിരിച്ചുവരവ് വാണി നടത്തിയിട്ടില്ല.

‘മുത്തുക്കൾ വൈരം’ എന്ന തമിഴ്ചിത്രത്തിലൂടെയാണ് വാണി സിനിമാ ലോകത്തെത്തുന്നത്. മലയാളത്തിൽ അരങ്ങേറ്റം കുറിക്കും മുൻപേ വാണി തെലുങ്കിൽ സജീവമായിരുന്നു. ഗ്ലാമർ വേഷങ്ങളിലായിരുന്നു താരം തെലുങ്കിൽ തിളങ്ങിയത്. ചിരഞ്ജീവിയുടെ കൂടെ അഭിനയിച്ച ‘ഗരണ മൊഗുഡു’ അടക്കം നിരവധി ബ്ലോക്ക്ബസ്റ്ററുകളാണ് അന്ന് വാണി വിശ്വനാഥിന്റെ പേരിലുണ്ടായിരുന്നത്. ‘ജയാ ജാനകി നായക’ എന്ന ചിത്രത്തിലൂടെ വാണി തെലുങ്ക് സിനിമയിൽ തിരിച്ചെത്തിയിരുന്നു.

ഇതിനിടക്കാണ് ഇപ്പോൾ വാണി രാഷ്ട്രീയത്തിലിറങ്ങുന്നതെന്ന വാർത്ത പുറത്തു വരുന്നത്. തെലുഗു ദേശം പാർട്ടിക്കായാണ് വാണി വിശ്വനാഥ് തെരഞ്ഞെടുപ്പിൽ മത്സരിക്കുകയെന്നാണ് റിപ്പോർട്ട്. വൈഎസ്ആർ കോൺഗ്രസ് എംഎൽഎയും മുൻ നടിയുമായ റോജക്കെതിരെയാകും വാണി വിശ്വനാഥിനെ രംഗത്തിറക്കുകയെന്നും റിപ്പോർട്ടിൽ പറയുന്നു.