ഡല്‍ഹിയിലും പഞ്ചാബിലും ഹരിയാനയിലും മാത്രമല്ല, ശൈത്യകാലത്ത് അന്തരീക്ഷ മലിനീകരണം ഉത്തരേന്ത്യയുടെ വിവിഝ പ്രദേശങ്ങളില്‍ ജനജീവിതം ദുസ്സഹമാക്കിയിരിക്കുകയാണ്. പ്രധാനമന്ത്രി നരേന്ദ്ര മോദിയുടെ മണ്ഡലമായ വരാണസിയില്‍ അന്തരീക്ഷ മലിനീകരണ തോത് 500 പോയിന്റിലെത്തി. ദീപാവലി ആഘോഷങ്ങള്‍ക്ക് ശേഷം വായുമലിനീകരണം രൂക്ഷമായി. തീര്‍ത്ഥാടന നഗരമായ വരാണസിയില്‍ ദൈവങ്ങള്‍ക്കും പ്രതീകാത്മകമായി മുഖത്ത് മാസ്‌ക് നല്‍കിയിരിക്കുന്നു ഭക്തര്‍. സിഗ്രയിലെ പ്രശസ്തമായ ശിവ-പാര്‍വതി ക്ഷേത്രത്തില്‍ ശിവൻ, ദുര്‍ഗ, കാളി, സായി ബാബ വിഗ്രഹങ്ങളുടെയെല്ലാം മുഖത്ത് മാസ്‌ക് അണിയിച്ചിരിക്കുകയാണ്. ശിവലിംഗത്തിൽ മാസ്ക് അണിയിച്ചിരിക്കുന്നു. വാർത്താ ഏജൻസിയായ ഐഎഎൻഎസ് ആണ് ഇക്കാര്യം റിപ്പോർട്ട് ചെയ്തിരിക്കുന്നത്.

ചൂട് കാലത്ത് വിഗ്രഹങ്ങളെ ചന്ദനം കൊണ്ട് തണുപ്പിക്കുന്ന പതിവ് വരാണസിയിലുണ്ട്. തണുപ്പുകാലത്ത് കമ്പിളി കൊണ്ട് പുതപ്പിക്കും – ക്ഷേത്ര പൂജാരി ഹരീഷ് മിശ്ര ഐഎഎന്‍എസിനോട് പറഞ്ഞു. മനുഷ്യന് ആവശ്യമുള്ളതെല്ലാം ദൈവങ്ങള്‍ക്കും. അതേസമയം കാളിയെ മാസ്‌ക് അണിയിക്കുന്നത് മെനക്കേടാണ്. ക്ഷിപ്രകോപമാണ് കാളിക്ക്. പുറത്തേയ്ക്ക് നീട്ടിയ കാളിയുടെ നാക്ക് ഒരിക്കലും മൂടരുതെന്ന് വിശ്വാസികള്‍ കരുതുന്നു. അതുകൊണ്ട് ഞങ്ങള്‍ കാളിയുടെ മുഖം മൂടേണ്ട എന്ന് തീരുമാനിച്ചു – ഹരീഷ് മിശ്ര പറഞ്ഞു.

വരാണസിയിലെ വര്‍ദ്ധിച്ച അന്തരീക്ഷ മലിനീകരണ തോതില്‍ ഒരോ വ്യക്തികള്‍ക്കും പങ്കുണ്ട് എന്ന് ക്ഷേത്ര പൂജാരി കുറ്റപ്പെടുത്തി. അന്തരീക്ഷ മലിനീകരണം കണക്കിലെടുത്ത് ദീപാവലിയ്ക്ക് പടക്കം പൊട്ടിക്കുന്നത് ഒഴിവാക്കാന്‍ ആരും തയ്യാറായില്ല. ഇപ്പോള്‍ എല്ലായിടത്തും പുകമഞ്ഞാണ്. നഗരസഭ അധികൃതരും ഇത് തടയാന്‍ ഒന്നും ചെയ്യുന്നില്ല. പകരം മാലന്യം കത്തിച്ച് അവര്‍ സ്ഥിതിഗതികള്‍ കൂടുതല്‍ വഷളാക്കുകയാണ്. ആളുകളുടെ ശീലങ്ങള്‍ മാറാതെ ഇതിന് മാറ്റം വരില്ലെന്നും ഹരീഷ് മിശ്ര ചൂണ്ടിക്കാട്ടി. ഇന്ന് ഇന്ത്യയില്‍ നിലവിലുള്ള നഗരങ്ങളില്‍ ഏറ്റവും പഴക്കമുള്ളത് വരാണസിയ്ക്കാണ്.