കൊച്ചി: വരാപ്പുഴ കസ്റ്റഡി മരണത്തില്‍ ഒടുവില്‍ സര്‍ക്കാര്‍ കനിയുന്നു. കസ്റ്റഡിയില്‍ കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ഭാര്യ അഖിലയ്ക്ക് സര്‍ക്കാര്‍ ജോലിയും കുടുംബത്തിന് പത്തു ലക്ഷം രൂപ ധനസഹായവും നല്‍കാന്‍ മന്ത്രിസഭാ യോഗത്തില്‍ തീരുമാനം. ശ്രീജിത്ത് കസ്റ്റഡിയില്‍ കൊല്ലപ്പെട്ടതാണെന്ന് കണ്ടെത്തിയിട്ടും പ്രതികളായ പോലീസുകാര്‍ അറസ്റ്റിലായിട്ടും സര്‍ക്കാരിന്റെ ഭാഗത്തുനിന്ന് സഹായമൊന്നും പ്രഖ്യാപിക്കാതിരുന്നത് വലിയ വിമര്‍ശനത്തിന് ഇടയാക്കിയിരുന്നു. കുടുംബത്തിന് സഹായം നല്‍കണമെന്ന് മനുഷ്യാവകാശ കമ്മീഷനും സര്‍ക്കാരിനോട് നിര്‍ദേശിച്ചിരുന്നു.

അതിനിടെ, കേസില്‍ ഇന്നലെ അറസ്റ്റിലായ വടക്കന്‍ പറവൂര്‍ സി.ഐ ക്രിസ്പിന്‍ സാമിനെ അന്വേഷണ സംഘം ഇന്ന് പറവൂര്‍ കോടതിയില്‍ ഹാജരാക്കും. സി.ഐയ്‌ക്കെതിരെ ജാമ്യം ലഭിക്കാവുന്ന വകുപ്പുകളാണ് ചുമത്തിയിരിക്കുന്നത്. തെളിവുനശിപ്പിക്കല്‍, കോടതിയില്‍ കൃത്രിമ രേഖ ഹാജരാക്കി, അന്യായമായി തടവില്‍ വച്ചു തുടങ്ങിയ കുറ്റങ്ങളാണ് സി.ഐയ്‌ക്കെതിരെ ചുമത്തിയിരിക്കുന്നത്. ഏപ്രില്‍ ആറിന് രാത്രി അറസ്റ്റിലായ ശ്രീജിത്ത് ഏഴിനാണ് അറസ്റ്റിലായത് എന്നാണ് സി.ഐ കോടതിയില്‍ സമര്‍പ്പിച്ച രേഖയില്‍ എഴുതിയിരുന്നത്. എന്നാല്‍ സി.ഐ ശ്രീജിത്തിനെ മര്‍ദ്ദിച്ചിട്ടില്ലെന്നും അന്വേഷണ സംഘം കണ്ടെത്തിയിരുന്നു. ഇതിനാല്‍ കൊലക്കുറ്റം ചുമത്തിയിട്ടില്ല.

മുതിര്‍ന്ന ഉദ്യോഗസ്ഥനായതിനാല്‍ പകല്‍ സമയത്ത് കോടതിയില്‍ എത്തിച്ചേക്കില്ലെന്നാണ് സൂചന. വൈകിട്ട് മജിസ്‌ട്രേറ്റിന്റെ വീട്ടില്‍ ഹാജരാക്കിയേക്കും. കൂടുതല്‍ ചോദ്യം ചെയ്യലിന് കസ്റ്റഡിയില്‍ വാങ്ങാനും സാധ്യതയില്ല. ജാമ്യാപേക്ഷ വന്നാല്‍ അന്വേഷണ സംഘം എതിര്‍ക്കുമോ എന്ന് വ്യക്തമല്ല. ജാമ്യം ലഭിച്ചില്ലെങ്കില്‍ റിമാന്‍ഡ് ചെയ്യും.

അതേസമയം, കേസുമായി ബന്ധപ്പെട്ട് ആലുവ റൂറല്‍ എസ്.പിയായിരുന്ന എ.വി ജോര്‍ജിനെയും അന്വേഷണ സംഘം ചോദ്യം ചെയ്യും. സി.ഐയുടെ മൊഴിയുടെ അടിസ്ഥാനത്തിലാണ്. എസ്.പിയുടെ കീഴിലുള്ള റൂറല്‍ ടൈഗര്‍ ഫോഴ്‌സിലെ മൂന്നു പോലീസുകാരാണ് ശ്രീജിത്തിനെ കസ്റ്റഡിയില്‍ എടുത്തത്. ശ്രീജിത്ത് ഉള്‍പ്പെടെയുള്ളവരെ കസ്റ്റഡിയില്‍ എടുക്കാന്‍ നിര്‍ദേശം നല്‍കിയതും ആര്‍.ടി.എഫിനെ സഹായിക്കാന്‍ ഗണേഷന്‍ ഉള്‍പ്പെടെയുള്ളവരെ സമീപിക്കാന്‍ നിര്‍ദേശിച്ചതും എസ്.പിയാണെന്നും സി.ഐ നല്‍കിയ മൊഴിയിലുണ്ടെന്നാണ് സൂചന.

ശ്രീജിത്തിനെ അറസ്റ്റ് ചെയ്തതിനു ശേഷമുള്ള എസ്.പിയുടെ ഫോണ്‍ രേഖകളും പരിശോധിക്കും. ചോദ്യം ചെയ്യല്‍ ഇന്നുണ്ടാവില്ല. വരും ദിവസങ്ങളില്‍ ചോദ്യം ചെയ്യല്‍ നടക്കുമെന്നാണ് സൂചന. കസ്റ്റഡി മരണത്തിനു പിന്നാലെ സി.ഐ അടക്കമുള്ളവര്‍ക്ക് സസ്‌പെന്‍ഷന്‍ നല്‍കിയപ്പോള്‍ എസ്.പിയെ പോലീസ് അക്കാദമിയിലേക്ക് സ്ഥലംമാറ്റിയതിനെയും മനുഷ്യാവകാശ കമ്മീഷന്‍ വിമര്‍ശിച്ചിരുന്നു.

സര്‍ക്കാര്‍ പ്രഖ്യാപിച്ച ധനസഹായവും ജോലിയും അര്‍ഹതപ്പെട്ടതാണെന്ന് ശ്രീജിത്തിന്റെ ഭാര്യ അഖില പ്രതികരിച്ചു. സങ്കടത്തോടെയാണെങ്കിലും സഹായം സ്വീകരിക്കും. പോലീസ് അന്വേഷണം ഇപ്പോള്‍ ശരിയായ നിലയിലാണ്. കോടതിയിലേക്ക് എത്തുമ്പോള്‍ വമ്പന്‍മാര്‍ രക്ഷപ്പെടുമോ എന്ന് ഭയമുണ്ടെന്നും അവര്‍ പറഞ്ഞു. സഹായത്തില്‍ ആശ്വാസമുണ്ടെന്നും ഗൂഢാലോചനക്കാര്‍ ഉള്‍പ്പെടെയുള്ളവരെ കൂടി പിടികൂടണമെന്നും ശ്രീജിത്തിന്റെ അമ്മയും പറഞ്ഞു.