വാരാപ്പുഴ കസ്റ്റഡി മരണത്തില്‍ ആരോപണവിധേയനായ എസ്.ഐ ദീപക്കിനെ അറസ്റ്റു ചെയ്തു. ഇദ്ദേഹത്തിനെതിരെ കൊലക്കുറ്റത്തിനാണ് കേസ് ചാര്‍ജ് ചെയ്തിരിക്കുന്നത്. കേസില്‍ നാലാം പ്രതിയാണ് എസ്.ഐ ദീപക്ക്. കൊല്ലപ്പെട്ട ശ്രീജിത്തിന്റെ ബന്ധുക്കളും ദീപക്കിനെതിരെ പരാതി നല്‍കിയിരുന്നു. കേസന്വേഷിക്കുന്ന ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രത്യേക സംഘമാണ് ദീപക്കിനെ അറസ്റ്റ് ചെയ്തത്.

കസ്റ്റഡി മര്‍ദനത്തില്‍ ശ്രീജിത്ത് കൊല്ലപ്പെട്ട സംഭവത്തില്‍ മൂന്ന് ടൈഗര്‍ ഫോഴ്‌സ് ഉദ്യോഗസ്ഥരെ അറസ്റ്റു ചെയ്തിരുന്നു. പറവൂര്‍ കോടതിയില്‍ ഹാജരാക്കിയ ഇവരെ റിമാന്‍ഡ് ചെയ്തു. കേസില്‍ ഇവരുടെ മൊഴിയാണ് എസ് ഐയുടെ അറസ്റ്റിന് വഴിയൊരുക്കിയതെന്ന് വിലയിരുത്തല്‍. കേസില്‍ ഐജി ശ്രീജിത്തിന്റെ നേതൃത്വത്തിലുള്ള പ്രേത്യക സംഘമാണ് പ്രതികളെ കസ്റ്റഡിയിലെടുത്തത്.

കളമശേരി എ ആര്‍ ക്യാമ്പിലെ പോലീസുകാരായ ജിതിന്‍രാജ്, സന്തോഷ്‌കുമാര്‍, സുമേഷ് എന്നിവരെയാണ് കേസുമായി ബന്ധപ്പെട്ട് റിമാന്‍ഡ് ചെയ്തത്. എറണാകുളം റൂറല്‍ എസ്പിയുടെ പ്രത്യേക സ്‌ക്വാഡായ റൂറല്‍ ടൈഗര്‍ ഫോഴ്സിലെ (ആര്‍ടിഎഫ്) അംഗങ്ങളായ മൂന്നുപേരെയാണ് കോടതിയില്‍ ഹാജരാക്കിയ ശേഷം റിമാന്‍ഡ് ചെയ്തത്. എന്നാല്‍ സംഭവത്തില്‍ തങ്ങള്‍ ബലിയാടാക്കപ്പെടുകയായിരുന്നെന്ന് ആര്‍.പിഎഫ് ആംഗങ്ങള്‍ പ്രതികരണം നടത്തിയിരുന്നു.

അറസ്റ്റ് പലരുടേയും മുഖം രക്ഷിക്കാനാണെന്ന് ഇവര്‍ ആരോപിച്ചിരുന്നു.ആര്‍ടിഎഫിന്റെ വാഹനത്തില്‍ ശ്രീജിത്ത് കയറിയിട്ടില്ല. ശ്രീജിത്തിനെ മര്‍ദിച്ചിട്ടില്ല. കസ്റ്റഡിയിലെടുത്ത് പൊലീസ് വാഹനത്തില്‍ കയറ്റിവിടുകയായിരുന്നു. പറവൂര്‍ സിഐയുടെ നിര്‍ദേശപ്രകാരമാണ് ആര്‍ടിഎഫ് ശ്രീജിത്തിനെ കസ്റ്റഡിയിലെടുത്തതെന്നും ഇവര്‍ പറഞ്ഞിരുന്നു.

തങ്ങളെ കുടുക്കാന്‍ വ്യക്തമായ ആസൂത്രണം നടക്കുന്നുണ്ടെന്നും നുണ പരിശോധനയ്ക്ക് തയ്യാറാണെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. കോടതിയെ മാത്രമെ വിശ്വാസമുള്ളൂവെന്നും ആര്‍ടിഎഫുകാര്‍ പ്രതികരിച്ചിരുന്നു.ആര്‍ടിഎഫുകാരെ പ്രതിയാക്കിയത് പൊലീസിലെ ഉന്നതരുടെ നിര്‍ദേശപ്രകാരമാണെന്ന് അറസ്റ്റിലായവരുടെ ബന്ധുക്കള്‍ ആരോപിക്കുന്നത്.

വീടാക്രമണ കേസില്‍ സിപിഐഎം സമ്മര്‍ദം ചെലുത്തിയെന്ന് ശ്രീജിത്തിന്റെ ബന്ധുക്കള്‍ ആരോപിച്ചു. തുളസിദാസ് എന്ന ശ്രീജിത്തിനെ ആയിരുന്നു പാര്‍ട്ടി ലക്ഷ്യമിട്ടതെന്നും എന്നാല്‍ ആളുമാറിയാണ് പൊലീസ് പിടികൂടിയതെന്നും ഇവര്‍ പറഞ്ഞു. റൂറല്‍ എസ് പി എ.വി ജോര്‍ജും ശ്രീജിത്തിന്റെ മരണത്തിന് ഉത്തരവാദിയെന്ന് ശ്രീജിത്തിന്റെ കുടുംബം ആരോപിക്കുന്നത്.