റെജി നന്തികാട്ട്

ലണ്ടന്‍ മലയാള സാഹിത്യവേദി സംഘടിപ്പിച്ച നൃത്ത സംഗീത സന്ധ്യ വര്‍ണ്ണനിലാവ് ജനപങ്കാളിത്വത്തിലും അവതരണ മികവിലും ഗംഭീര വിജയം. 2018 ഏപ്രില്‍ 7 ന് വൈകുന്നേരം 5 ന് ഈസ്റ്റ് ഹാമില്‍ ട്രിനിറ്റി സെന്ററില്‍ യുക്മ നാഷണല്‍ പ്രസിഡന്റ് ഉദ്ഘാടനം ചെയ്തതോടെ കലാ സന്ധ്യയ്ക്ക് തുടക്കമായി. റോയി വര്‍ഗീസ് സ്വാഗതവും മനീഷ ഷാജന്‍ പ്രാര്‍ത്ഥന ഗാനവും ആലപിച്ചു. യുകെയിലെ ഏറ്റവും പ്രായം കുറഞ്ഞ കലാകാരി ദേവനന്ദ ബിബിന്‍രാജ് അവതരിപ്പിച്ച നൃത്തം കാണികളുടെ ശ്രദ്ധ നേടി. തുടര്‍ന്ന് യുക്മ നാഷണല്‍ കലാമേളയടക്കം നിരവധി വേദികളില്‍ സമ്മാനാര്‍ഹയായ ആന്‍ മേരി ജോജോ, യുക്മ റീജിയന്‍ കലാമേളയില്‍ സമ്മാനാര്‍ഹയായ അശ്വിനി അജിത്, ജോവാന പ്രകാശ് എന്നിവര്‍ ഭാരതനാട്യവും ആന്‍ മേരി ജോജോ, അശ്വിനി അജിത്, ലിയാന വില്യംസ്, ഡെബ്ബി ജെയിംസ്, ബിയാട്രീസ് ബിജു തുടങ്ങിയവര്‍ അവതരിപ്പിച്ച സിനിമാറ്റിക് ഡാന്‍സും കാണികള്‍ക്ക് ദൃശ്യ വിരുന്നൊരുക്കി. യുകെയിലെ സംഗീത വേദികളിലെ സ്ഥിരം ഗായകരായ റോയി സെബാസ്റ്റ്യന്‍, വക്കം ജി സുരേഷ്‌കുമാര്‍, ജോമോന്‍ മാമൂട്ടില്‍, അനീഷ് ജോര്‍ജ്, ടെസ്സമോള്‍ ജോര്‍ജ്ജ്, കുട്ടി ഗായകരായ ടെസ്സ സൂസന്‍ ജോണ്‍, ഡെന്ന ആന്‍ ജോമോന്‍, ഇവനാ സോജന്‍ തുടങ്ങിയവര്‍ ഗാനങ്ങള്‍ ആലപിച്ച് വര്‍ണ്ണനിലാവിനെ സംഗീത സാന്ദ്രമാക്കി. എന്‍ഫീല്‍ഡില്‍ നിന്നെത്തിയ ദീപ്തി മനോജ് വളരെ മനോഹരമായി കവിത ആലപിച്ചു.

ലണ്ടന്‍ മലയാള സാഹിത്യവേദി രണ്ടുവര്‍ഷത്തിലൊരിക്കല്‍ നല്‍കുന്ന സാഹിത്യ വേദി പുരസ്‌കാരം ചടങ്ങിനോടനുബന്ധിച്ചു നടന്നു. പ്രമുഖ നാടകനടനും സംവിധായകനുമായ ബോഡ്വിന്‍ സൈമണ് യുകെയിലെ നാടക രംഗത്ത് സുപരിചിതനായ ശശി കുളമടയും ഷോര്‍ട്ട് ഫിലിം രംഗത്ത് നിരവധി സംഭാവനകള്‍ നല്‍കിയ ഷാഫി ഷംസുദിന് യുക്മ സാംസ്‌കാരിക വേദി വൈസ് ചെയര്‍മാനും അഭിനേതാവും ആയ സി.എ ജോസഫും പുരസ്‌കാരങ്ങള്‍ നല്‍കി. ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗം വെളിച്ചം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിച്ച യുകെയിലെ അറിയപ്പെടുന്ന എഴുത്തുകാരി ബീന റോയ് എഴുതിയ ക്രോകസിന്റെ നിയോഗങ്ങള്‍ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശന കര്‍മ്മം യുക്മ നാഷണല്‍ പ്രസിഡന്റ് മാമന്‍ ഫിലിപ്പ് പ്രമുഖ സാഹിത്യകാരി സിസിലി ജോര്‍ജിന് പുസ്തകത്തിന്റെ ആദ്യ കോപ്പി നല്‍കികൊണ്ട് നിര്‍വഹിച്ചു. പ്രസിദ്ധ എഴുത്തുകാരന്‍ ജിന്‍സണ്‍ ഇരിട്ടി പുസ്തകത്തെ സദസിനു പരിചയപ്പെടുത്തി സംസാരിച്ചു.

ലണ്ടന്‍ മലയാള സാഹിത്യവേദി 2017 ല്‍ നടത്തിയ സാഹിത്യ മത്സരത്തിന്റെ സമ്മാനങ്ങള്‍ ബീന റോയ്, മാത്യു ഡൊമിനിക്,ലിജി സെബി എന്നിവര്‍ സ്വീകരിച്ചു സാഹിത്യകാരിയും പ്രഭാഷകയുമായ കമല മീരയും സാംസ്‌കാരിക രംഗത്തെ സജീവ സാന്നിധ്യമായ ജേക്കബ് കോയിപ്പള്ളിലും സമ്മാനദാനം നിര്‍വഹിച്ചു. വിദ്യാഭാസ രംഗത്തെ പ്രവര്‍ത്തങ്ങളെ മാനിച്ചു ഗ്ലോബല്‍ സ്റ്റഡി ലിങ്ക് എംഡി റെജുലേഷും, സാമൂഹ്യ രംഗത്തെ പ്രവര്‍ത്തങ്ങള്‍ മാനിച്ച് ഷിജു ചാക്കോ, ജിബി ജോര്‍ജ്ജ് എന്നിവരെയും ‘അമ്മ ചാരിറ്റി എന്ന സംഘടനയെയും വേദിയില്‍ ആദരിച്ചു. അഡ്വ.പോള്‍ ജോണ്‍, സുഗതന്‍ തെക്കേപ്പുര, ജോഷി ജോണ്‍, കുര്യാക്കോസ് സാര്‍ തുടങ്ങിയവര്‍ ചടങ്ങില്‍ പങ്കെടുത്തു.

യുകെയിലെ ഗാന രംഗത്ത് വളരെ സുപരിചിതനായ ഉണ്ണികൃഷ്ണന്‍ പരിപാടിയില്‍ പങ്കെടുത്തെങ്കിലും വര്‍ണ്ണ നിലാവിന്റെ വിജയത്തിന്റെ പ്രധാന ഘടകമായ ശബ്ദ പ്രകാശവും നിയന്ത്രിക്കുന്നതിന്റെ തിരക്കില്‍ ഗാനങ്ങള്‍ ആലപിക്കാന്‍ സാധിച്ചില്ല. അതൊരു വേദനയായി. ഗ്രേസ് മെലഡീസ് ആയിരുന്നു വര്‍ണ്ണനിലാവിന്റെ ശബ്ദവും പ്രകാശവും നിയന്ത്രിച്ചത്. വര്‍ണ്ണനിലാവിന്റെ അവതാരകയായി സീന അജീഷ് തിളങ്ങി. ലണ്ടന്‍ മലയള സാഹിത്യവേദി ജനറല്‍ കോര്‍ഡിനേറ്റര്‍ റജി നന്തികാട്ട് കൃതജ്ഞത രേഖപ്പെടുത്തി.

യുകെയിലെ സാമൂഹ്യ, സാംസ്‌കാരിക രംഗത്തെ പ്രമുഖ വ്യക്തികളുടെ സാന്നിധ്യം പരിപാടിയെ പ്രൗഢ ഗംഭീരമാക്കി. അഡ്വ. എബി സെബാസ്റ്റ്യന്‍, യുക്മ നഴ്‌സസ് ഫോറം മുന്‍ പ്രസിഡണ്ടും സോഷ്യല്‍ ആക്ടിവിസ്റ്റുമായി എബ്രഹാം പൊന്നുംപുരയിടം, യുക്മ ഈസ്റ്റ് റീജിയന്‍ സെക്രട്ടറി ജോജോ തെരുവന്‍ മുരളി മുകുന്ദന്‍, പ്രിയന്‍ പ്രിയവര്‍ധന്‍ അഡ്വ.പോള്‍ ജോണ്‍, സുഗതന്‍ തെക്കേപ്പുര, കേരളത്തില്‍ നിന്നെത്തിയ റിട്ടയേര്‍ഡ് അധ്യാപകന്‍ കുര്യാക്കോസ് സാര്‍, ഫ്രഡിന്‍, സോജന്‍ എരുമേലി, ശ്രീജിത്ത് ശ്രീധരന്‍, ബ്രിസ്റ്റോള്‍ ഡയമണ്ട് ക്ലബ് പ്രസിഡണ്ട് ജോഷി ജോണ്‍ തുടങ്ങി നിരവധി പേര്‍ ചടങ്ങില്‍ പങ്കെടുത്തു.

വര്‍ണ്ണനിലാവിന്റെ വന്‍വിജയത്തിനു പിന്നില്‍ ലണ്ടന്‍ മലയാള സാഹിത്യവേദി ടോണി ചെറിയാന്റെയും ഷാജന്‍ ജോസഫിന്റെയും നേതൃത്വത്തില്‍ ചെയ്യുന്ന കാരുണ്യ പ്രവര്‍ത്തങ്ങളില്‍ ആകൃഷ്ടനായ ബിജു ഗോപിനാഥ് തന്റെ ബിസിനസ്സിന്റെ പരസ്യം ഒരിക്കല്‍ പോലും പറയരുതെന്ന് പറഞ്ഞു കൊണ്ട് നല്‍കിയ നിര്‍ലോഭമായ സാമ്പത്തിക സംഭാവന, നിരവധി പരിപാടികള്‍ ലണ്ടന്റെ വിവിധ ഭാഗങ്ങളില്‍ നടന്നിട്ടും ജനപങ്കാളത്തത്തിനു ഒരു കുറവും വരാതെ നോക്കിയ ടോണി ചെറിയന്റെയും ഷാജന്‍ ജോസഫിന്റെയും പ്രവര്‍ത്തനങ്ങളും നമ്മുടെ നാടിന്റെ കലകള്‍ തങ്ങളുടെ കുട്ടികളും പഠിക്കണമെന്ന് ആഗ്രഹിക്കുന്ന മാതാപിതാക്കളും അങ്ങനെ നിരവധി ഘടകങ്ങള്‍ ഉണ്ട്.

പരിപാടിയുടെ വിജയത്തിനായി ടോണി ചെറിയാന്‍, ഷാജന്‍ ജോസഫ്, എബ്രഹാം വര്‍ക്കി വാഴൂര്‍, റോയി വറുഗീസ്, ബിജു തോമസ്, ജോര്‍ജ്ജ് ജോണ്‍, ജിജോയി മാത്യു ,ഡെയ്‌സി ടോണി, ജോസി ഷാജന്‍ എന്നിവര്‍ അടങ്ങിയ കമ്മറ്റി പ്രവര്‍ത്തിച്ചു.