ഭാര്യ ഉയര്‍ത്തിയ ആരോപണങ്ങള്‍ നിഷേധിച്ച് കോര്‍പ്പറേറ്റ് 360 സിഇഒയും സ്ഥാപകനുമായ വരുണ്‍ ചന്ദ്രന്‍. കഴിഞ്ഞ പത്തു മാസമായി തങ്ങള്‍ പിരിഞ്ഞു താമസിക്കുകയാണെന്നും കേസ് ഇപ്പോള്‍ കോടതിയാണെന്നും കെട്ടിചമച്ച വിവാദത്തിലേക്ക് തന്നെ മനപ്പൂര്‍വം വലിച്ചിഴക്കാനുള്ള ശ്രമങ്ങളാണ് നടക്കുന്നതെന്നും വരുണ്‍ ചന്ദ്രന്‍ പറഞ്ഞു

ആരോപണങ്ങൾക്ക് വരുൺ ചന്ദ്രന്റെ മറുപടി ഇങ്ങനെ:

‘മറ്റെല്ലാവരെയും പോലെ തന്നെ സാധാരണമായ ജീവിതം നയിക്കുകയും നിയമാനുസൃതമായ ബിസിനസ് നടത്തുകയും ചെയ്യുന്ന പൗരനാണ് ഞാന്‍. കരിയറുമായി ബന്ധപ്പെട്ട എന്റെ പ്രവര്‍ത്തനങ്ങളെല്ലാം സത്യസന്ധമാണ്, നിയമാനുസൃതമാണ് നിര്‍വ്യാജമാണ്. ഒരിക്കലും യോജിക്കാന്‍ സാധിക്കാത്ത വിയോജിപ്പുകള്‍ കൊണ്ട് ഞങ്ങള്‍ കഴിഞ്ഞ പത്തു മാസമായി വേര്‍പിരിഞ്ഞാണ് താമസിക്കുന്നത്. ഈ കേസ് ഇപ്പോള്‍ കോടതിയിലാണ്.

സോഷ്യല്‍ മീഡിയ ഹേറ്റേഴ്‌സില്‍നിന്ന് ഉയരുന്ന ഇത്തരം പ്രതിഷേധങ്ങള്‍ എന്നെ മനപ്പൂര്‍വം കെട്ടിച്ചമച്ച വിവാദത്തിലേക്ക് വലിച്ചിഴക്കുക എന്ന ഉദ്ദേശത്താല്‍ സൃഷ്ടിക്കപ്പെടുന്നതാണ്. എനിക്കെതിരെ ഉയര്‍ന്ന ആരോപണങ്ങള്‍ തെറ്റാണെന്ന് മാത്രമല്ല വിദ്വേഷജനകവും അപകീര്‍ത്തിപരവുമാണ്. സ്വകാര്യതയ്ക്കുള്ള എന്റെ മൗലിക അവകാശത്തിന്റെ ലംഘനവുമാണിത്. എനിക്കെതിരെ അപകീര്‍ത്തി നടത്തുന്നവര്‍ക്കെതിരെ നിയമപരമായി നടപടി സ്വീകരിക്കാനും ഡീഫമേഷന്‍ ഫയല്‍ ചെയ്യാനും അവകാശമുണ്ട്’  

വരുണ്‍ തന്നെ മര്‍ദ്ദിക്കാറുണ്ടെന്നും കമ്പനി പിടിച്ചെടുത്തുവെന്നും പരസ്ത്രീ ബന്ധമുണ്ടെന്നുമുള്ള മുന്‍ഭാര്യ ഡിമെയ്റ്റയുടെ ആരോപണങ്ങളോട് പ്രതികരിക്കുകയായിരുന്നു വരുണ്‍ ചന്ദ്രന്‍. കോടികണക്കിന് ടേണ്‍ ഓവറുള്ള കോര്‍പറേറ്റ് 360 എന്ന സ്റ്റാര്‍ട്ട്അപ്പ് കമ്പനിയുടെ സിഇഒയാണ് വരുണ്‍. സ്വപ്രയ്തനം കൊണ്ട് കോടീശ്വരനായി മാറിയ വരുണ്‍ കേരളത്തിലെ അറിയപ്പെടുന്ന സംരംഭക പ്രമുഖരില്‍ ഒരാളാണ്.