ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്‍ക്കാലികമായി മാറ്റി. ബിഷപ്പിന്റെ ആവശ്യം പരിഗണിച്ചാണ് തീരുമാനമെന്ന് സിബിസിഐ അധ്യക്ഷന്‍ വ്യക്തമാക്കി. തന്നെ ജലന്ധര്‍ രൂപതയുടെ ചുമതലകളില്‍ നിന്ന് താല്ക്കാലികമായി ഒഴിവാക്കണമെന്ന് ആവശ്യപ്പെട്ട് ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കല്‍ ഡല്‍ഹിയിലുള്ള വത്തിക്കാന്‍ സ്ഥാനപതി മുഖേന മാര്‍പാപ്പയ്ക്ക്‌ കത്ത് നല്‍കിയിരുന്നു. കേസുമായി ബന്ധപ്പെട്ട കാര്യങ്ങള്‍ക്കായി കേരളത്തിലേക്ക് പോകുന്നതിനാല്‍ ചുമതലകളില്‍ നിന്ന് ഒഴിവാക്കണമെന്നായിരുന്നു കത്തിലെ ആവശ്യം. ഈ കത്ത് പരിഗണിച്ചാണ് മാര്‍പാപ്പയുടെ തീരുമാനം എന്നാണ് വിവരം. മുംബൈ അതിരൂപത മുന്‍ സഹായമെത്രാന്‍ ആഗ്നെലോ റൂഫിനൊ ഗ്രേഷ്യസിനാണ് ജലന്ധര്‍ രൂപതയുടെ പകരം ചുമതല നല്‍കിയിരിക്കുന്നത്.

ഇതിനിടെ കന്യാസ്ത്രീയുടെ ലൈംഗിക പീഡനപരാതിയില്‍ ജലന്ധര്‍ ബിഷപ്പ് ഫ്രാങ്കോ മുളയ്ക്കലിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ലെന്ന് ഡി ജി പി ലോക്‌നാഥ് ബെഹ്‌റ വ്യക്തമാക്കി. തിരുവനന്തപുരത്ത് മാധ്യമങ്ങളോട് പ്രതികരിക്കുകയായിരുന്നു അദ്ദേഹം. മുന്‍കൂര്‍ ജാമ്യാപേക്ഷ കോടതിയുടെ പരിഗണനയിലിരിക്കുന്ന സാഹചര്യത്തിലും ബിഷപ്പിനെ അറസ്റ്റ് ചെയ്യുന്നതില്‍ നിയമ തടസമില്ല. അന്വേഷണസംഘം ചോദ്യം ചെയ്യല്‍ പൂര്‍ത്തിയാക്കിയ ശേഷം ഇന്നോ നാളെയോ തീര്‍ച്ചയായും തീരുമാനമെടുക്കുമെന്നും അദ്ദേഹം പറഞ്ഞു.