റെജി നന്തികാട്ട്

ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ പുസ്തക പ്രസിദ്ധീകരണ വിഭാഗമായ വെളിച്ചം പബ്ലിക്കേഷന്‍ പ്രസിദ്ധീകരിക്കുന്ന യുകെയിലെ പ്രമുഖ സാഹിത്യകാരി ബീന റോയിയുടെ ‘ക്രോകസിന്റെ നിയോഗങ്ങള്‍’ എന്ന കവിതാസമാഹാരത്തിന്റെ പ്രകാശനകര്‍മ്മം 2018 ഏപ്രില്‍ 7 ശനിയാഴ്ച വൈകുന്നേരം 5 മണിക്ക് ഈസ്റ്റ് ഹാമില്‍ ട്രിനിറ്റി സെന്ററില്‍ വെച്ച് ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ ആഭിമുഖ്യത്തില്‍ സംഘടിപ്പിക്കുന്ന സംഗീത നൃത്ത സന്ധ്യ ‘വര്‍ണ്ണനിലാവി’നോടനുബന്ധിച്ചു നടത്തപ്പെടുന്നു. യുക്മ ദേശീയ പ്രസിഡണ്ട് മാമ്മന്‍ ഫിലിപ്പ് പുസ്തകത്തിന്റ പ്രഥമ പതിപ്പ് സാഹിത്യകാരി സിസിലി ജോര്‍ജ്ജിന് നല്‍കികൊണ്ട് പ്രകാശനം കര്‍മ്മം നിര്‍വഹിക്കും. സാഹിത്യകാരന്‍ ജിന്‍സണ്‍ ഇരിട്ടി പുസ്തകത്തെ പരിചയപ്പെടുത്തി സംസാരിക്കും.

ബ്രിട്ടനിലെ കെന്റില്‍ കുടുംബസമേതം താമസിക്കുന്ന ബീന റോയി യുകെയിലെ സംഗീത വേദികളില്‍ തന്റെ അനുപമമായ ശബ്ദ മാധുര്യം  കൊണ്ട് സംഗീത പ്രേമികളുടെ പ്രിയ ഗായകന്‍ റോയി സെബാസ്‌ററ്യന്റെ ഭാര്യയാണ്. അനാമിക് കെന്റിന്റെ ബാനറില്‍ അടുത്തയിടെ
പുറത്തിറങ്ങിയ വീഡിയോ സംഗീത ആല്‍ബം ബൃന്ദാവനിയുടെ ഗാനങ്ങള്‍ രചിച്ചത് ബീനയും പ്രധാന ഗായകന്‍ റോയിയും ആയിരുന്നു. ഈ സംഗീത ആല്‍ബം മികച്ച അഭിപ്രായം നേടി മുന്നേറുന്നു. ബീന റോയിയുടെ കവിതകള്‍ ആദ്യമായിട്ടാണ് പുസ്തക രൂപത്തില്‍ പ്രസിദ്ധീകരിക്കുന്നത്

ഭാഷാ പരിജ്ഞാനം കൊണ്ടും പദ സമ്പന്നത കൊണ്ടും അനുഗൃഹീതയായ എഴുത്തുകാരിയാണ് ബീന റോയി. ആശയത്തോടും അവതരണത്തോടും പ്രകടിപ്പിക്കുന്ന ആഴമേറിയ പ്രതിബദ്ധത പ്രകടമാക്കുന്ന കവിതകളുടെ സമാഹാരമാണ് ക്രോകസിന്റെ നിയോഗങ്ങള്‍. പ്രസിദ്ധ സാഹിത്യകാരന്‍ കിളിരൂര്‍ രാധാകൃഷ്ണന്‍ എഴുതിയ പ്രൗഢമായ അവതാരികയും ആധുനിക കവികളില്‍ മുന്നില്‍ നില്‍ക്കുന്ന കുഴുര്‍ വില്‍സണ്‍ എഴുതിയ ആസ്വാദനവും കൃതിയുടെ മഹത്വം വര്‍ധിപ്പിക്കുന്നു. പുസ്തക പ്രകാശന ചടങ്ങിലേക്ക് ഭാഷാ സ്‌നേഹികളെ സ്വാഗതം ചെയ്യുന്നതായി ലണ്ടന്‍ മലയാള സാഹിത്യവേദിയുടെ എക്‌സിക്യൂട്ടീവ് കമ്മറ്റി അറിയിച്ചു.