സ്വന്തമായി ക്രിപ്‌റ്റോ കറന്‍സി പുറത്തിറക്കിയ ആദ്യത്തെ രാജ്യമെന്ന പദവിയിലെത്തിയിരിക്കുകയാണ് വെനസ്വേല. ലോകത്തിലെ ഏറ്റവും വലുതെന്ന് കരുതുന്ന ക്രൂഡ്ഓയില്‍ ശേഖരമാണ് രാജ്യത്തിന്റെ സാമ്പത്തികാടിത്തറ. ഇതിന്റെ പിന്‍ബലത്തിലാണ് പെട്രോ അവതരിപ്പിച്ചിരിക്കുന്നത്. അമേരിക്കന്‍ ഉപരോധത്തെ മറികടക്കുന്നതിനായി ഡിജിറ്റല്‍ കറന്‍സി പുറത്തിറക്കുമെന്ന് വെനസ്വേലന്‍ സോഷ്യലിസ്റ്റ് പ്രസിഡന്റ് നിക്കോളാസ് മദുറോ കഴിഞ്ഞ വര്‍ഷം പ്രഖ്യാപിച്ചിരുന്നു. അതേസമയം പുതിയ കറന്‍സിയെ എതിര്‍ത്തുകൊണ്ട് അമേരിക്കന്‍ ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് രംഗത്തു വന്നു. അമേരിക്കന്‍ പൗരന്മാരോ കമ്പനികളോ പെട്രോ വാങ്ങിക്കുകയാണെങ്കില്‍ അമേരിക്കന്‍ ഉപരോധത്തെ നിരാകരിക്കുന്ന പ്രവര്‍ത്തിയായിരിക്കുമെന്ന് ട്രഷറി ഡിപ്പാര്‍ട്ട്‌മെന്റ് മുന്നറിയിപ്പ് നല്‍കി. ഇക്കാര്യത്തില്‍ വെനസ്വേലന്‍ സര്‍ക്കാരിന്റെ സുതാര്യതയില്‍ പലര്‍ക്കും സംശയമുള്ളതായി റിപ്പോര്‍ട്ടുകള്‍ പറയുന്നു.

മുന്‍കാല പ്രവര്‍ത്തനങ്ങളെ അടിസ്ഥാനപ്പെടുത്തി പുതിയ കറന്‍സി സൂക്ഷ്മതയോടു കൂടി മാത്രമേ കൈകാര്യം ചെയ്യാന്‍ പാടുള്ളുവെന്നാണ് തന്റെ അഭിപ്രായമെന്ന് അര്‍ജന്റീന ആസ്ഥാനമായുള്ള ഡിജിറ്റല്‍ കറന്‍സി സിഗ്‌നേച്ചറിന്റെ സഹസ്ഥാപകനായ ഫെഡറികോ ബോണ്ട് പറഞ്ഞു. വലിയ സാമ്പത്തിക ക്രയവിക്രയങ്ങള്‍ നടത്താന്‍ പാകത്തിലുള്ള അവസ്ഥയിലല്ല നിലവില്‍ വെനസ്വേലന്‍ സാര്‍ക്കാരെന്നും അതുകൊണ്ടു തന്നെ പുതിയ നീക്കം അറ്റകൈ പ്രയോഗമാകാന്‍ സാധ്യതയുണ്ടെന്നും ബോണ്ട് കൂട്ടിച്ചേര്‍ത്തു. ആകെ 100 മില്ല്യണ്‍ ഡിജിറ്റല്‍ ടോക്കണുകള്‍ പുറത്തിറക്കാനാണ് വെനസ്വേല തയ്യാറെടുക്കുന്നത്. ആദ്യഘട്ടത്തില്‍ 38.4 മില്ല്യണ്‍ പെട്രോയാണ് പുറത്തിറക്കുക. ഇതിന്റെ വിപണനം ചൊവ്വാഴ്ച്ച ആരംഭിക്കും. ക്രൂഡോയിലിന്റെ ബാരല്‍ മൂല്യത്തെ അടിസ്ഥാനപ്പെടുത്തിയായിരിക്കും പെട്രോയുടെ വില നിശ്ചയിക്കുക.

ഡോളറിന്റെയും വാള്‍സ്ട്രീറ്റിന്റെയും ആഗോള കുത്തകവല്‍ക്കരണത്തില്‍ നിന്നും മോചിതമായ മറ്റൊരു മാതൃക സൃഷ്ടിക്കുകയെന്ന ഹ്യൂഗോ ഷാവേസിന്റെ സ്വപ്‌നമാണ് പുതിയ കറന്‍സിയിലൂടെ സാധ്യമാകുന്നതെന്ന് മദൂറോ അവകാശപ്പെട്ടു. പെട്രോ വെനസ്വേലയുടെ സാമ്പത്തിക സ്ഥിരതയുടേയും സാമ്പത്തിക സ്വാതന്ത്ര്യത്തിന്റേയും മാതൃകയായി ഉയര്‍ത്തികാണിക്കപ്പെടും. സന്തുലിതവും, സ്വതന്ത്രവും മികച്ചതുമായ സമ്പദ് വ്യവസ്ഥയെന്ന ആഗോള വീക്ഷണമാണ് ഇത് നല്‍കുന്നതെന്നും വെനസ്വലേന്‍ സര്‍ക്കാര്‍ പുറത്തിറക്കിയ കുറിപ്പില്‍ പറയുന്നു. അതേസമയം പെട്രോയുടെ വിപണനം ഡോളറിനെ അടിസ്ഥാനപ്പെടുത്തി മാത്രമേ സാധ്യമാകൂവെന്ന് വിമര്‍ശകര്‍ പറയുന്നു. നാണ്യപ്പെരുപ്പം മൂലം മൂല്യം ഗണ്യമായി കുറഞ്ഞ വെനസ്വലേന്‍ കറന്‍സി ബോളിവറും പെട്രോയുമായുള്ള വിനിമയം സാധ്യമല്ലെന്നും വിമര്‍ശകര്‍ സൂചിപ്പിക്കുന്നു.