വൃദ്ധ ദമ്പതികളുടെ കൊലപാതകത്തില്‍ വിറങ്ങലിച്ചിരിക്കുകയാണ് വെണ്‍മണി. എപി ചെറിയാനും ഭാര്യ ലില്ലിയുമാണ് കൊല്ലപ്പെട്ടത്. അന്യ സംസ്ഥാന തൊഴിലാളികുളുടെ അടിയേറ്റാണ് ഇരുവരും കൊല്ലപ്പെട്ടത്. ഇപ്പോള്‍ കൊല്ലപ്പെട്ട ദമ്പതികളുടെ മക്കളുടെ പ്രതികരണമാണ് ഏവരെയും ഈറനണിയി്കുന്നത്. ‘മോഷണം നടത്താനാണെങ്കില്‍ അവരെ പൂട്ടിയിട്ടാല്‍ പോരായിരുന്നോ, വയ്യാത്തവരല്ലേ, എന്തിനാ കൊന്നുകളഞ്ഞത് ?’ ദമ്പതികളുടെ മകള്‍ ബിന്ദു ചോദിക്കുന്നു.

ഷാര്‍ജയില്‍ നിന്നും പപ്പയെയും മമ്മിയെയും വീഡിയോകള്‍ ചെയ്യുമായിരുന്നു, ഞായറാഴ്ചയും ചെയ്തിരുന്നു,. പണിക്കാര്‍ ഉള്ള വിവരം പറഞ്ഞിരുന്നു. മുന്‍കൂട്ടി ആസൂത്രണം ചെയ്ത വിധത്തിലാണ് പ്രതികളെത്തിയത്. വേണ്ടെന്ന് പറഞ്ഞിട്ടും ഞായറാഴ്ച അവര്‍ എത്തി. ആവശ്യപ്പെടാതെ തന്നെ തെങ്ങില്‍ കയറി തേങ്ങയിട്ടു. ഞായറാഴ്ച പള്ളിയില്‍ പോകാനൊരുങ്ങിയ ലില്ലിയുടെ ആഭരണങ്ങള്‍ ഇവര്‍ കണ്ടിട്ടുണ്ടാകാം.-ബിന്ദു പറഞ്ഞു. ഭര്‍ത്താവ് രെജു കുരുവിളയ്‌ക്കൊപ്പമാണ് ഷാര്‍ജയില്‍ നിന്നും ബിന്ദു എത്തിയത്. സഹോദരന്‍ ബിബു ഭാര്യ ഷാനിക്കും മകനും ഒപ്പം ദുബായില്‍ നിന്നും എത്തി. ബന്ധുക്കളെ കെട്ടിപ്പിടിച്ച് പൊട്ടിക്കരയുകയായിരുന്നു ബിബു.

പ്രതികള്‍ മൊബൈല്‍ ഫോണ്‍ ഉപയോഗിക്കാതിരുന്നതിനാല്‍ ഇവരെ കണ്ടെത്താന്‍ പ്രയാസമായിരുന്നു. പ്രതികളിലൊരാള്‍ നേരത്തേ ബംഗ്ലദേശില്‍ നിന്നു കേരളത്തിലെ സുഹൃത്തിനെ വിളിച്ചതൊഴിച്ചാല്‍ പിന്നീട് ഫോണ്‍ ഉപയോഗിച്ചിട്ടില്ല. ട്രെയിന്‍ യാത്രയില്‍ സഹയാത്രികരുടെയും വെണ്‍മണിയില്‍ ഉണ്ടായിരുന്നപ്പോള്‍ സുഹൃത്തുക്കളുടെയും ഫോണുകളില്‍ നിന്നാകും ഇവര്‍ സുഹൃത്തുക്കളെ വിളിച്ചിരുന്നത് എന്നാണു പൊലീസ് നിഗമനം. എന്നാല്‍ പ്രതികളില്‍ നിന്നു 3 മൊബൈല്‍ ഫോണുകള്‍ കണ്ടെടുത്തതായാണു വിവരം. മരിച്ച ചെറിയാന്റേതു തന്നെയാണോ ഈ ഫോണുകള്‍ എന്നു ബന്ധുക്കള്‍ സ്ഥിരീകരിച്ചിട്ടില്ല. ഡിവൈഎസ്പി അനീഷ് വി.കോരയുടെ മൊബൈല്‍ ഫോണില്‍ ഇവയുടെ ഫോട്ടോ കാണിച്ചപ്പോള്‍ ഇതല്ല ഫോണ്‍ എന്നായിരുന്നു പേരക്കുട്ടി സ്‌നേഹയുടെ മറുപടി.