കോവിഡ് പ്രതിരോധത്തിനുള്ള ലോക്ഡൗണ്‍ കര്‍ശനമായി നടപ്പാക്കുന്നതിന് കേരള പൊലീസ് നടത്തുന്ന ‘ഡ്രോൺ പരീക്ഷണ’ത്തെ പുകഴ്ത്തി ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകൻ രവി ശാസ്ത്രി. വിഖ്യാതമായ തന്റെ ‘ട്രേസര്‍ ബുള്ളറ്റ് ചാലഞ്ച്’ പശ്ചാത്തലമാക്കി കേരള പൊലീസ് പുറത്തുവിട്ട വിഡിയോ റീട്വീറ്റ് ചെയ്താണ് ശാസ്ത്രിയുടെ അഭിനന്ദനം. കേരള പൊലീസ് ഔദ്യോഗിക ട്വിറ്റർ പേജിലാണ് രസകരമായ ഈ വിഡിയോ പങ്കുവച്ചത്. കേരള പൊലീസിന്റെ പരീക്ഷണത്തെ ‘നൂതനം’ എന്നാണ് ശാസ്ത്രി വിശേഷിപ്പിച്ചത്.

ലോക്ഡൗണ്‍ ലംഘിക്കുന്നവരെ കണ്ടെത്തുന്നതിനായി കേരള പൊലീസ് ഡ്രോണ്‍ ഉപയോഗിച്ചുള്ള നിരീക്ഷണം തിങ്കളാഴ്ച മുതൽ ശക്തമാക്കിയിരുന്നു. ഇങ്ങനെ നടത്തിയ നിരീക്ഷണത്തിനിടെ വിവിധ പൊലീസ് സ്റ്റേഷൻ പരിധികളിൽ കണ്ട ‘ആകാഴക്കാഴ്ചകൾ’ വിഡിയോ രൂപത്തിൽ പൊലീസ് പുറത്തുവിട്ടിരുന്നു. വയലിലും കടല്‍ക്കരയിലുമുള്ള ആളുകള്‍ ഡ്രോണ്‍ കണ്ട് നെട്ടോട്ടം ഓടുന്നതു വിഡിയോയിലുണ്ട്. ചിലയിടത്ത് ആളുകള്‍ ഇടവഴികളിലേക്ക് ഓടിമാറി ആകാശക്കണ്ണില്‍നിന്നു രക്ഷപ്പെടാന്‍ ശ്രമിക്കുന്നുണ്ട്. ചിലര്‍ തൂവാല കൊണ്ടും കൈകൊണ്ടും മുഖം മറയ്ക്കുകയും ചെയ്തു.

ഇതേ വിഡിയോയുടെ പശ്ചാത്തലത്തിലാണ് രവി ശാസ്ത്രിയുടെ വിഖ്യാതമായ ‘ട്രേസർ ബുള്ളറ്റ് ചാലഞ്ചി’ന്റെ സംഗീതവും ഓഡിയോയും ഉപയോഗിച്ചിരിക്കുന്നത്. ഇന്ത്യൻ ക്രിക്കറ്റ് ടീം പരിശീലകനാകുന്നതിനു മുൻപ് ക്രിക്കറ്റ് കമന്റേറ്ററായിരുന്ന ശാസ്ത്രി, 2016ലാണ് തന്റെ സഹ കമന്റേറ്റർമാക്കു മുന്നിൽ ‘ട്രേസർ ബുള്ളറ്റ് ചാലഞ്ച്’ വച്ചത്. ക്രിക്കറ്റ് കമന്ററിയിൽ താൻ പ്രശസ്തമാക്കിയ ഈ പ്രയോഗം വ്യത്യസ്തമായ ശൈലികളിൽ ഉപയോഗിക്കാനുള്ള ചാലഞ്ച് ആയിരുന്നു ഇത്.

മൻ താരങ്ങൾ കൂടിയായ സുനില്‍ ഗാവസ്‌കര്‍, സഞ്ജയ് മഞ്ജരേക്കര്‍, ഇയാന്‍ ബോതം തുടങ്ങിയവരാണ് ചാലഞ്ച് ഏറ്റെടുത്തത്. ഇവരുടെ കമന്ററിയും വിഡിയോയില്‍ ചേര്‍ത്തിട്ടുണ്ട്. ഇതുവരെ ട്വിറ്ററിൽ മാത്രം മൂന്നര ലക്ഷത്തിലേറെ പേരാണ് വിഡിയോ കണ്ടത്. 5100 പേര്‍ റീട്വീറ്റ് ചെയ്യുകയും 15,000ലേറെപ്പേര്‍ ലൈക്ക് ചെയ്യുകയും ചെയ്തു.