പ്രശസ്ത ബോളിവുഡ് നടി റീത്താ ബാദുരി (62) അന്തരിച്ചു. ഇന്നലെ രാത്രിയോടെയായിരുന്നു അന്ത്യം. വൃക്ക സംബന്ധമായ അസുഖത്തെ തുടര്‍ന്ന് കഴിഞ്ഞ കുറച്ചു നാളുകളായി ആശുപത്രിയില്‍ ചികിത്സയിലായിരുന്നു. ശാരീരിക അവശതകള്‍ അലട്ടിയിരുന്ന അവസാന നാളുകളില്‍ പോലും അഭിനയരംഗത്ത് സജീവമായിരുന്നു റീത്താ ഭാദുരി. സിനിമകള്‍ക്ക് പുറമെ ടെലിവിഷന്‍ സിരിയലുകളിലെ ജനപ്രിയ മുഖമായിരുന്നു റീത്തയുടേത്.

1968ല്‍ തേരി തല്‍ഷാന്‍ മേന്‍ എന്ന ചിത്രത്തിലൂടെയാണ് റീത്താ അഭിനയരംഗത്തേക്കെത്തിയത്. തുടര്‍ന്ന് 70 മുതല്‍ 90കാലഘട്ടം വരെ നായികയായും സഹനടിയായും മിന്നിത്തിളങ്ങാന്‍ അവര്‍ക്ക് കഴിഞ്ഞു. സാവന്‍ കോ ആനെ ദോ (1979), ജൂലി (1975), രാജ (1995) എന്നീ ചിത്രങ്ങളില്‍ അവയില്‍ പ്രധാനപ്പെട്ടതാണ്. കമലഹാസന്റെ ആദ്യ ചിത്രങ്ങളിലൊന്നായ കന്യാകുമാരിയിലൂടെ (1974) മലയാളത്തിന്റെ നായികയായും റീത്ത എത്തി. അഭിഷേക് ജയിന്‍ സംവിധാനം ചെയ്ത കെവി റിതേ ജയിഷ് എന്ന ഗുജറാത്തി ചിത്രത്തിലാണ് ഒടുവിലായി അഭിനയിച്ചത്. ഇന്ന് ഉച്ചയ്ക്ക് 12മണിക്ക് മുംബയ് അന്ധേരിയിലെ ശ്മശാനത്തില്‍ അന്തിമചടങ്ങുകള്‍ നടക്കുമെന്ന് ബന്ധുക്കള്‍ അറിയിച്ചു.