ബിന്‍സു ജോണ്‍
TOEIC പരീക്ഷയില്‍ നടന്ന ക്രമക്കേടുകളെ തുടര്‍ന്ന്‍ ഹോം ഓഫീസ് നടത്തിക്കൊണ്ടിരിക്കുന്ന ഡീപോര്‍ട്ടേഷന്‍ നടപടികള്‍ നേരിടാന്‍ സാധ്യതയുള്ളവരെ സഹായിക്കാനായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഓഫ് ഗ്രേറ്റ് ബ്രിട്ടന്‍ തീരുമാനമെടുത്തു. മലയാളികള്‍ ഉള്‍പ്പെടെ ഏകദേശം അന്പതിനായിരത്തോളം വിദേശ വിദ്യാര്‍ത്ഥികളെ ബാധിക്കുന്ന ഈ പ്രശ്നത്തില്‍ അടിയന്തിര ശ്രദ്ധ പതിപ്പിക്കാന്‍ തീരുമാനിച്ചതായി ഇന്ത്യന്‍ വര്‍ക്കേഴ്സ് അസോസിയേഷന്‍ ഭാരവാഹികള്‍ മലയാളം യുകെയോട് പറഞ്ഞു.

സ്റ്റുഡന്റ് വിസയിലും മറ്റും യുകെയിലെത്തിയ നിരവധി ആളുകള്‍ യുകെയില്‍ തുടര്‍ വിസകള്‍ക്കും (Visa Extension) മറ്റ് ആവശ്യങ്ങള്‍ക്കുമായി എഴുതിയിരുന്ന പരീക്ഷയാണ് TOEIC (Test of English for International Communication) എന്നത്. IELTS പോലെ തന്നെ വിവിധ രാജ്യങ്ങള്‍ അംഗീകരിച്ചിരുന്ന ഈ പരീക്ഷ നടത്തിയിരുന്നത് ETS (English Testing Services) എന്ന അന്താരാഷ്ട്ര ഏജന്‍സി ആയിരുന്നു. എന്നാല്‍ 2014ല്‍ ബിബിസി നടത്തിയ ഒരു സ്റ്റിംഗ് ഓപ്പറേഷനില്‍ ഈ പരീക്ഷ നടത്തിയിരുന്ന ചില ടെസ്റ്റ്‌ സെന്ററുകളില്‍ നടന്ന കള്ളക്കളികള്‍ പുറത്ത് വരികയായിരുന്നു. ബിബിസി വെളിപ്പെടുത്തിയതനുസരിച്ച് യാതൊരു വിധ ഇംഗ്ലീഷ് പരിജ്ഞാനവും ഇല്ലാത്ത നിരവധി പേര്‍ക്ക് ഈ പരീക്ഷ പാസ്സായ സര്‍ട്ടിഫിക്കറ്റുകള്‍ നല്‍കിയിട്ടുണ്ട്. ഇതിനായി യഥാര്‍ത്ഥ വ്യക്തിക്ക് പകരം വേറെ ആളെ ഉപയോഗിച്ച് പരീക്ഷ എഴുതുക, സഹായിയെ നല്‍കി ഉത്തരങ്ങള്‍ പറഞ്ഞ് കൊടുക്കുക തുടങ്ങിയ കാര്യങ്ങള്‍ ആയിരുന്നു ഇംഗ്ലീഷ് അറിയാത്തവര്‍ക്ക് വേണ്ടി ഈ പരീക്ഷാ കേന്ദ്രങ്ങളിലുള്ളവര്‍ ചെയ്തത്. ഇതിനായി സാധാരണ പരീക്ഷ ഫീസിന്‍റെ മൂന്നിരട്ടി വരെ പരീക്ഷ എഴുതാന്‍ വരുന്നവരില്‍ നിന്ന് ഈടാക്കിയിരുന്നു.

ബിബിസി ഈ വിവരം വെളിയില്‍ കൊണ്ട് വന്നതോടെ ഈ പരീക്ഷ പാസ്സായവരുടെ യോഗ്യത റദ്ദ് ചെയ്യാന്‍ ഹോം ഓഫീസ് തീരുമാനമെടുക്കുകയായിരുന്നു. ഓരോ വര്‍ഷവും ഒരു ലക്ഷത്തിലധികം ആളുകള്‍ക്ക് വിസ എക്സ്റ്റന്‍ഷന്‍ അനുവദിച്ച് കൊണ്ടിരുന്ന ഹോം ഓഫീസ് TOEIC സര്‍ട്ടിഫിക്കറ്റുകള്‍ യോഗ്യത ആയി വച്ചിരുന്നവരുടെ അപേക്ഷകള്‍ നിരസിച്ച് തുടങ്ങി. പക്ഷെ ഇതില്‍ സംഭവിച്ച ഒരു ദുരന്തം എന്നത് ഹോം ഓഫീസ് എടുത്ത തീരുമാനം കൃത്രിമമായി പരീക്ഷ പാസ്സായവരെയും പഠിച്ച് സത്യസന്ധമായി പരീക്ഷ എഴുതി പാസ്സായവരെയും ഒരേ പോലെ കണ്ട് എല്ലാവര്‍ക്കും എതിരെ നടപടി സ്വീകരിച്ചു എന്നതാണ്. മാത്രവുമല്ല ഇങ്ങനെ ഡീപോര്‍ട്ട്‌ ചെയ്യപ്പെടുന്ന ആളുകള്‍ക്ക് യുകെയില്‍ നിന്ന് പുറത്ത് പോയല്ലാതെ നിയമ നടപടികള്‍ സ്വീകരിക്കാനുള്ള അനുവാദം പോലും നല്‍കുന്നുമില്ല.

വന്‍ തുക മുടക്കി എല്ലാ യോഗ്യതകളോടും കൂടി യുകെയിലെത്തുകയും എന്നാല്‍ ഒരു ന്യൂനപക്ഷം കാണിച്ച കള്ളത്തരത്തിന് ഇരകളാവുകയും ചെയ്തിരിക്കുന്നത് ഈ പരീക്ഷ എഴുതിയിരിക്കുന്ന എല്ലാവരും ആണ് എന്നതാണ് ഇതിലെ വിരോധാഭാസം. TOEIC പരീക്ഷയില്‍ പങ്കെടുത്ത മുഴുവന്‍ ആളുകളെയും കണ്ട് പിടിച്ച് യുകെയില്‍ നിന്നും പുറത്താക്കുന്ന നടപടികള്‍ യുകെബിഎ അടുത്ത ദിവസങ്ങളില്‍ കൂടുതല്‍ ഊര്‍ജ്ജിതമാക്കിയിരിക്കുകയാണ്. അന്‍പതിനായിരത്തിലധികം ഇന്ത്യന്‍ വിദ്യാര്‍ത്ഥികളെയും തൊഴില്‍ വിസക്കാരെയും ബാധിക്കുന്ന ഈ പ്രശ്നം ഐഡബ്ല്യുഎയിലെ മലയാളികളായ നാഷണല്‍ കമ്മറ്റിയംഗങ്ങള്‍ ദേശീയ നേതൃത്വത്തിന്‍റെ ശ്രദ്ധയില്‍ പെടുത്തിയിരുന്നു

ഇതിനെ തുടര്‍ന്ന്‍ ഈ വിഷയം ഹോം ഓഫീസ് സെലക്റ്റ് കമ്മറ്റി ചെയര്‍മാന്‍ കൂടിയായ കീത്ത് വാസ് എം.പിയുടെ മുന്‍പില്‍ അവതരിപ്പിക്കുകയും ഇക്കാര്യത്തില്‍ അടിയന്തിര നടപടികള്‍ സ്വീകരിക്കാം എന്ന്‍ അദ്ദേഹം ഉറപ്പ് നല്‍കുകയും ചെയ്തിട്ടുണ്ട്. ഇക്കാര്യത്തില്‍ നീതിയുക്തമായ തീരുമാനം പ്രഖ്യാപിക്കപ്പെടുന്നത് വരെ ഇത് സംബന്ധിച്ച് ക്യാമ്പയിനിംഗും ലോബിയിംഗും നടത്താനും ഐഡബ്ല്യുഎ തീരുമാനം എടുത്തു കഴിഞ്ഞു.

TOEIC പരീക്ഷ എഴുതിയതും ഇപ്പോഴത്തെ ഹോം ഓഫീസ് തീരുമാനം ബാധിക്കുന്നവരുമായ ആളുകളുടെ കൃത്യമായ ഒരു കണക്ക് ഇതിനായി അടിയന്തിരമായി ശേഖരിക്കേണ്ടതുണ്ട്. അതിനാല്‍ അങ്ങനെയുള്ള ആളുകള്‍ എത്രയും പെട്ടെന്ന് ഐഡബ്ല്യുഎ ദേശീയ വൈസ് പ്രസിഡണ്ട് ഹര്‍സേവ് ബെയിന്‍സിനെ [email protected] എന്ന ഇ മെയില്‍ വിലാസത്തില്‍ ബന്ധപ്പെടെണ്ടതാണ്.

കൂടുതല്‍ വിവരങ്ങള്‍ക്ക്

റസ്സല്‍ ഫൈസല്‍ :07876255252