മലയാറ്റൂര്‍ പള്ളിയുടെ കുരിശടിയുടെ റെക്ടര്‍ ആയിരുന്ന റവ. ഫാ. സേവ്യര്‍ തേലക്കാട്ടിനെ കൊലപ്പെടുത്തിയ കപ്യാര്‍ ജോണി നാട്ടുകാരുമായി സംസാരിക്കുന്ന വീഡിയോ പുറത്ത്. തനിക്ക് അബദ്ധം പറ്റിയതാണ് എന്ന് ജോണി വെളിപ്പെടുത്തുന്നു. ആത്മഹത്യ ചെയ്യാനും ജോണി ശ്രമിച്ചതായി ഈ വീഡിയോയില്‍ പറയുന്നുണ്ട്. മുണ്ട് എവിടെ എന്ന ചോദ്യത്തിന് മറുപടി ആയാണ് തൂങ്ങാന്‍ ശ്രമിച്ചു എന്ന് ജോണി പറയുന്നത്.

ഒളിവില്‍ കഴിയുമ്പോള്‍ മൂന്നുതവണ ആത്മഹത്യയ്ക്ക് ശ്രമിച്ചെന്നു പിന്നീട് അന്വേഷണ സംഘത്തോടും ജോണി വെളിപ്പെടുത്തി.  തൂങ്ങി മരിക്കാന്‍ മൂന്ന് തവണ ശ്രമിച്ചെങ്കിലും പരാജയപ്പെട്ടെന്നാണ് കപ്യാര്‍ മൊഴി നല്‍കിയത്. ഉടുമുണ്ട് മരച്ചില്ലയില്‍ കെട്ടി തൂങ്ങാന്‍ ശ്രമിച്ചെങ്കിലും പരാജയപ്പെടുകയായിരുന്നെന്ന് പ്രതി പറഞ്ഞു. ഈ ശ്രമം പരാജയപ്പെട്ടതോടെയാണ് മലയാറ്റൂരിലെ ഫോറസ്റ്റിലെ പന്നിഫാമില്‍ നിന്ന് ഇയാളെ നാട്ടുകാര്‍ പിടികൂടിയത്. പിന്നീട് പോലീസ് സംഘത്തിന് കൈമാറുകയായിരുന്നു. പിടിയിലായ വേളയില്‍ ജോണി നിരവധി തവണ കുടിക്കാന്‍ വെള്ളം ആവശ്യപ്പെട്ടു. മലയാറ്റൂര്‍പള്ളി റെക്ടര്‍ സേവ്യര്‍ തേലക്കാട്ടന്‍ തന്നെ ജോലിയില്‍ നിന്ന് പിരിച്ചുവിട്ടതിലുള്ള വൃക്തിവൈരാഗ്യമാണ് കൊലയ്ക്ക് പിന്നിലെന്ന് പോലീസിന് മൊഴി നല്‍കിയിട്ടുണ്ട്.

നാട്ടുകാര്‍ പിടികൂടുമ്പോള്‍ ഇയാള്‍ തീര്‍ത്തും അവശനായിരുന്നു. നാട്ടുകാര്‍ പിടികൂടിയ പ്രതിയെ മലയാറ്റൂര്‍ ഡി.വൈ.എസ്.പി ജി.വേണു, കാലടി സി.ഐ സിജി മാര്‍ക്കോസ് തുടങ്ങിയവര്‍ അടങ്ങിയ അന്വേഷണ സംഘത്തിന് കൈമാറുകയായിരുന്നു.  വ്യാഴാഴ്ച രാവിലെയോടെയാണ് മലയാറ്റൂര്‍ പള്ളി റെക്ടര്‍ സേവ്യറിനെ കപ്യാര്‍ ജോണി കുത്തിക്കൊലപ്പെടുത്തുന്നത്.

ഒരു സ്വകാര്യ ചാനലിന് അഭിമുഖം നല്‍കി മടങ്ങവേ മലയാറ്റൂര്‍ ആറാം സ്ഥാനത്ത് വെച്ച് പ്രതി വികാരിയെ ആക്രമിക്കുകയായിരുന്നു. വാക്കുതര്‍ക്കമാണ് കൊലയ്ക്ക് കാരണമായതെന്ന് പോലീസ് പറയുന്നു. കാലിനും തുടയ്ക്കും മാരകമായി കുത്തേറ്റ ഫാ സേവ്യറിനെ ആശുപത്രിയില്‍ എത്തിച്ചെങ്കിലും മരണം സംഭവിച്ചിരുന്നു.

വീഡിയോ കാണാം