തിരുവനന്തപുരം: മൈക്രോഫിനാന്‍സ് തട്ടിപ്പു കേസില്‍ വെള്ളാപ്പള്ളി നടേശനെതിരേ വിജിലന്‍സ് അന്വേഷണം നടത്താന്‍ ഉത്തരവ്. തിരുവനന്തപുരം വിജിലന്‍സ് കോടതിയാണ് ഈ ഉത്തരവ് പുറപ്പെടുവിച്ചത്. പ്രതിപക്ഷ നേതാവ് വിഎസ് അച്യുതാനന്ദന്‍ നല്‍കിയ ഹര്‍ജിയിലാണ് വിധി. വെള്ളാപ്പള്ളിക്കെതിരേ തെളിവുണ്ടെങ്കില്‍ കെസെടുക്കണമെന്നും പ്രാഥമിക അന്വേഷണ റിപ്പോര്‍ട്ട് മാര്‍ച്ച് അഞ്ചിനകം സമര്‍പ്പിക്കണമെന്നും കോടതി നിര്‍ദേശിച്ചു.
പിന്നാക്ക വികസന കോര്‍പ്പറേഷനില്‍ നിന്നും 2003 മുതല്‍ 2015 വരെയുളള കാലയളവില്‍ എസ്എന്‍ഡിപി വായ്പയെടുത്ത 15 കോടിയോളം രൂപ വ്യാജരേഖകളും, മേല്‍വിലാസവും നല്‍കി വെള്ളാപ്പള്ളി തട്ടിയെടുത്തുവെന്നാണ് വിഎസിന്റെ പരാതി. എസ്എന്‍ഡിപിയുടെ മൈക്രോഫിനാന്‍സ് പദ്ധതിയില്‍ 80 ലക്ഷത്തിലധികം രൂപയുടെ തട്ടിപ്പ് നടന്നതായി വിജിലന്‍സ് കണ്ടെത്തിയിരുന്നു.

എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍, പ്രസിഡന്റ് ഡോ. എം.എന്‍. സോമന്‍, മൈക്രോഫിനാന്‍സ് കോഓര്‍ഡിനേറ്റര്‍ കെ.കെ. മഹേശ്വരന്‍, പിന്നാക്ക ക്ഷേമ കോര്‍പറേഷന്‍ മുന്‍ എംഡി എന്‍. നജീബ് എന്നിവര്‍ക്കെതിരേ വിജിലന്‍സ് അന്വേഷണം ആവശ്യപ്പെട്ടാണ് വി.എസ് കോടതിയെ സമീപിച്ചത്. വിജിലന്‍സ് നടത്തിയ പ്രാഥമിക പരിശോധനയിലാണ് തട്ടിപ്പു നടന്നതായി കണ്ടെത്തിയത്. ഈ വിവരങ്ങള്‍ സര്‍ക്കാരിനെ അറിയിച്ചിട്ടുണ്ടെന്ന് വിജിലന്‍സ് നിയമോപദേശകന്‍ കോടതിയെ അറിയിച്ചു.