ലോകകപ്പ് ക്രിക്കറ്റിൽ ഇന്ത്യൻ ക്രിക്കറ്റ് ടീമിൽ പരുക്കു കളി തുടരുന്നു. ഓപ്പണർ ശിഖർ ധവാനു പിന്നാലെ ഓൾറൗണ്ടർ വിജയ് ശങ്കറും പരുക്കുമൂലം ലോകകപ്പ് ടീമിൽനിന്ന് പുറത്തായി. പരിശീലനത്തിനിടെ കാൽവിരലിനേറ്റ പരുക്കാണ് വിജയ് ശങ്കറിന് തിരിച്ചടിയായത്. ഇതോടെ ഐസിസിയുടെ അനുവാദത്തോടെ പകരക്കാരനെ ഇംഗ്ലണ്ടിലേക്ക് അയയ്ക്കും. കർണാടകക്കാരനായ മായങ്ക് അഗർവാൾ പകരക്കാരനാകുമെന്നാണ് റിപ്പോർട്ട്. ഇന്നലെ ഇംഗ്ലണ്ടിനെതിരായ മൽസരത്തിൽ വിജയ് ശങ്കർ കളിച്ചിരുന്നില്ല. താരത്തിനു പരുക്കേറ്റ വിവരം ടോസിനു പിന്നാലെ ക്യാപ്റ്റൻ വിരാട് കോലി പുറത്തുവിടുകയും ചെയ്തു. ഈ സാഹചര്യത്തിൽ യുവതാരം ഋഷഭ് പന്ത് ലോകകപ്പ് അരങ്ങേറ്റം കുറിച്ചിരുന്നു.

ആദ്യമെറിഞ്ഞ പന്തിൽത്തന്നെ വിക്കറ്റ് സ്വന്തമാക്കി ചരിത്രമെഴുതിക്കൊണ്ടാണ് വിജയ് ശങ്കർ ലോകകപ്പ് അരങ്ങേറ്റം കുറിച്ചത്. ഇതുവരെ മൂന്നു മൽസരങ്ങൾ കളിച്ചു. പാക്കിസ്ഥാനെതിരായ മൽസരത്തിനിടെ ഭുവനേശ്വർ കുമാർ പരുക്കേറ്റു മടങ്ങിയതിനെ തുടർന്ന് ഓവർ പൂർത്തിയാക്കാനെത്തിയാണ് വിജയ് ശങ്കർ കന്നി ലോകകപ്പ് വിക്കറ്റ് നേടിയത്. ഈ മൽസരത്തിൽ നേടിയ രണ്ടു വിക്കറ്റുകളാണ് മൂന്നു മൽസരങ്ങളിൽനിന്നുള്ള സമ്പാദ്യം. മൂന്ന് ഇന്നിങ്സുകളിൽനിന്നായി 58 റൺസും നേടി. അതേസമയം, പ്രതീക്ഷിച്ച മികവു പുലർത്താനാകാതെ പോയതോടെ ആരാധകർ വിജയ് ശങ്കറിനെ വിമർശിച്ച് രംഗത്തെത്തിയിരുന്നു. എന്നാൽ, വിജയ് ശങ്കറിനെ പിന്തുണച്ച ക്യാപ്റ്റൻ വിരാട് കോലി, താരത്തിന്റെ മികച്ച പ്രകടനം ഉടനുണ്ടാകുമെന്ന് ആത്മവിശ്വാസം പ്രകടിപ്പിച്ചിരുന്നു.

‘കഴിഞ്ഞ ദിവസം പരിശീലനത്തിനിടെ ജസ്പ്രീത് ബുമ്രയുടെ ഏറുകൊണ്ട് വിജയ് ശങ്കറിന്റെ കാൽവിരലിനു പരുക്കേറ്റിരുന്നു. അദ്ദേഹത്തിന്റെ അവസ്ഥ ഇനിയും മെച്ചപ്പെട്ടിട്ടില്ല. ലോകകപ്പിൽ തുടർന്നു കളിക്കാനാകുമെന്നും കരുതാൻ വയ്യ. അദ്ദേഹത്തെ ഉടൻ നാട്ടിലേക്ക് തിരിച്ചയയ്ക്കും’ – ബിസിസിഐ വൃത്തങ്ങളെ ഉദ്ധരിച്ച് വാർത്താ ഏജൻസിയായ പിടിഐ റിപ്പോർട്ട് ചെയ്തു.

‘കർണാടക താരം മായങ്ക് അഗർവാളിനെ പകരക്കാരനായി ആവശ്യപ്പെടാനാണ് ടീം മാനേജ്മെന്റിന്റെ തീരുമാനം. അദ്ദേഹം ഓപ്പണറായതിനാൽ ഋഷഭ് പന്ത് അടുത്ത മൽസരങ്ങളിൽ നാലാം നമ്പർ സ്ഥാനത്ത് പരാജയപ്പെട്ടാലും ലോകേഷ് രാഹുലിനെ നാലാം നമ്പർ സ്ഥാനത്തേക്ക് മാറ്റി പരീക്ഷിക്കാനാകും’– ബിസിസിഐ വൃത്തങ്ങൾ അറിയിച്ചു.

രാജ്യാന്തര ക്രിക്കറ്റിൽ ഇതുവരെ ഏകദിനത്തിൽ അദ്ദേഹം കളിച്ചിട്ടുമില്ല. ഇന്ത്യൻ സീനിയർ ടീമിനായി ഇതുവരെ കളിച്ചിട്ടുള്ളത് രണ്ടു ടെസ്റ്റുകൾ മാത്രമാണ്. 2018 ഡിസംബറിലും 2019 ജനുവരിയിലുമായി ഓസ്ട്രേലിയയ്ക്കെതിരായ രണ്ട് ടെസ്റ്റുകളിലായിരുന്നു ഇത്. രണ്ട് ടെസ്റ്റുകളിലും നിന്ന് രണ്ട് അർധസെഞ്ചുറികൾ സഹിതം 65.00 ശരാശരിയിൽ 195 റൺസും നേടി. 77 റൺസാണ് ഉയർന്ന സ്കോർ. ഇക്കഴിഞ്ഞ ഐപിഎല്ലിൽ കിങ്സ് ഇലവൻ പഞ്ചാബിന്റെ താരമായിരുന്നു.