കോവിഡ് -19 നെതിരായ പോരാട്ടത്തില്‍ ഏര്‍പ്പെട്ടിരിക്കുന്ന മുന്‍നിര ആരോഗ്യ പ്രവര്‍ത്തകരെ ആദരിക്കാന്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ബോര്‍ഡ് തയാറെടുക്കുന്നതായി നേരത്തെ റിപോര്‍ട്ടുകള്‍ ഉണ്ടായിരുന്നു. 117 ദിവസത്തെ ഇടവേളയ്ക്ക് ശേഷം സതാംപ്ടണില്‍ അന്താരാഷ്ട്ര ക്രിക്കറ്റ് പുനരാരംഭിച്ചപ്പോള്‍ ഇംഗ്ലണ്ട് ക്രിക്കറ്റ് ടീം ആരോഗ്യ പ്രവര്‍ത്തകരുടെ പേരുകളുള്ള ജേഴ്‌സി ധരിച്ചു. ഈ പട്ടികയില്‍ ഇടംപിടിച്ച ഇന്ത്യക്കാരനാണ് ഡല്‍ഹിയില്‍നിന്നുള്ള ഡോ.വികാസ് കുമാര്‍. ഇംഗ്ലണ്ട് നായകന്‍ ബെന്‍ സ്റ്റോക്‌സിന്റെ ജഴ്‌സിയിലാണ് വികാസ് കുമാറിന്റെ പേര് ഇടംപിടിച്ചത്. സ്‌കൂളില്‍ പഠിക്കുമ്പോള്‍ ക്രിക്കറ്റ് താരമാകാന്‍ മോഹിച്ച വികാസ് കുമാറിന്, ക്രിക്കറ്റ് താരങ്ങളുമായി അടുത്തിടപഴകാന്‍ മൂന്നു വര്‍ഷം മുന്‍പ് അവസരം ലഭിച്ചിരുന്നു. അന്ന് ഡല്‍ഹിയില ഫിറോസ് ഷാ കോട്‌ല സ്റ്റേഡിയത്തില്‍ നടന്ന ഇന്ത്യശ്രീലങ്ക മത്സരത്തില്‍ ‘ഡ്യൂട്ടി ഡോക്ടറു’ടെ ദൗത്യം വികാസ് കുമാറിന് ലഭിച്ചിരുന്നു.

‘റൈസ് ദി ബാറ്റ്’ കാമ്പെയ്നില്‍ നിര്‍ദ്ദേശിക്കപ്പെട്ട ഡോക്ടര്‍മാരില്‍ ഒരാളാണ് ഡോ. വികാസ് കുമാര്‍. ഡര്‍ഹാമിലെ ഡാര്‍ലിംഗ്ടണിലുള്ള നാഷണല്‍ ഹെല്‍ത്ത് സര്‍വീസ് (എന്‍എച്ച്എസ്) ട്രസ്റ്റ് ആശുപത്രിയിലെ ക്രിട്ടിക്കല്‍ കെയര്‍ യൂണിറ്റിലാണ് അദ്ദേഹം ജോലി ചെയ്യുന്നത്. വെസ്റ്റ് ഇന്‍ഡീസിനെതിരായ ടെസ്റ്റ് മത്സരത്തിന്റെ ഭാഗമായി ഇംഗ്ലണ്ടിന്റെ ക്യാപ്റ്റന്‍ ബെന്‍ സ്റ്റോക്‌സ് ധരിച്ചിരുന്ന പരിശീലന ജഴ്‌സിയില്‍ 35-കാരനായ ഇന്ത്യന്‍ വംശജനായ വികാസ് കുമാറിന്റെ പേര് ഉള്‍പ്പെടുത്തിയപ്പോള്‍ കുമാറിന്റെ പ്രതികരണം ഇങ്ങനെ ആയിരുന്നു.

”സ്റ്റോക്‌സും മറ്റുള്ളവരും ആ സന്ദേശം പുറത്തുവിടുന്നത് കണ്ട് അതിശയിപ്പിച്ചു. നമുക്കെല്ലാവര്‍ക്കും ഇത് വളരെ ബുദ്ധിമുട്ടാണ്. എന്‍എച്ച്എസ് ഉദ്യോഗസ്ഥര്‍ ധാരാളം ത്യാഗങ്ങള്‍ സഹിച്ചു. ഇന്ത്യയിലെ എന്റെ ഡോക്ടര്‍ സഹോദരങ്ങള്‍ക്ക് ഉള്‍പ്പെടെയുള്ള അംഗീകാരമാണ് ഇത്’ വികാസ് കുമാര്‍ പ്രതികരിച്ചു. ദില്ലി സര്‍വകലാശാലയില്‍ നിന്ന് ബിരുദം നേടിയ കുമാര്‍ മൗലാന ആസാദ് മെഡിക്കല്‍ കോളേജില്‍ നിന്ന് അനസ്‌തേഷ്യയില്‍ ബിരുദാനന്തര ബിരുദം നേടി. ഭാര്യയും രണ്ട് വയസുള്ള മകനുമൊപ്പം 2019 ല്‍ ഇംഗ്ലണ്ടിലേക്ക് എത്തുകയായിരുന്നു.

കുമാറിന് സ്റ്റോക്ക്‌സില്‍ നിന്ന് ഹൃദയസ്പര്‍ശിയായ വീഡിയോ സന്ദേശം ലഭിച്ചു. ”ഹായ് വികാസ്, ഈ മഹാമാരിയിലുടനീളം നിങ്ങള്‍ ചെയ്ത എല്ലാത്തിനും ഒരു വലിയ നന്ദി. ക്രിക്കറ്റിലേക്ക് നിങ്ങള്‍ക്ക് സന്തോഷകരമായ തിരിച്ചുവരവ് ലഭിക്കാന്‍ ഞാന്‍ ആഗ്രഹിക്കുന്നു, കഴിയുന്നത്ര റണ്‍സും വിക്കറ്റും നേടുക.വികാസ് കുമാര്‍ പറഞ്ഞു. ഇന്ത്യന്‍ വംശജരായ ആരോഗ്യ പ്രവര്‍ത്തകരായ നോര്‍വിച്ചില്‍ നിന്നുള്ള ഡോ. ജമാസ്പ് കൈഖുസ്രൂ ദസ്തൂര്‍, ലീസെസ്റ്ററില്‍ നിന്നുള്ള ഹരികൃഷ്ണ ഷാ, ഫിസിയോതെറാപ്പിസ്റ്റ് കൃഷന്‍ അഗദ എന്നിവരും വെസ്റ്റ് ഇന്‍ഡീസിനെതിരായ പരമ്പരയിലൂടെ ആദരിക്കപ്പെട്ടു.