എണ്ണൂറുകോടിയുടെ വായ്പാതട്ടിപ്പ് കേസില്‍ റോട്ടോമാക്പെന്‍ ഉടമ വിക്രം കോത്താരി അറസ്റ്റില്‍. കോത്താരിയുടെ കാണ്‍പൂരിലെ വസതിയിലും ഒാഫീസിലും സി.ബി.ഐയുടെ നേതൃത്വത്തില്‍ പരിശോധന തുടരുകയാണ്. അതിനിടെ പഞ്ചാബ്നാഷണല്‍ബാങ്ക് സാമ്പത്തികതട്ടിപ്പുകേസ് അന്വേഷണത്തിന്‍റെ ഭാഗമായി ദക്ഷിണ മുംബൈയിലെ പിഎന്‍ബിയുടെ ബ്രാഡി ഹൗസ് ശാഖ സി.ബി.ഐ അടച്ചുപൂട്ടി സീല്‍ ചെയ്തു.

ബാങ്ക് ഒാഫ് ബറോഡ നല്‍കിയ പരാതിയുടെ അടിസ്ഥാനത്തിലാണ് കാണ്‍പൂരിലെ കോത്താരിയുടെ വസതിയിലും ഒാഫീസിലും പരിശോധന നടത്തിയത്. ഭാര്യയെയും മകനെയും ചോദ്യം ചെയ്തതിനുശേഷമാണ് കോത്താരിയെ സി.ബി.ഐ കസ്റ്റഡിയിലെടുത്തത്. ഡല്‍ഹിയിലെ സി.ബി.ഐ ആസ്ഥാനത്തെത്തിച്ച് ചോദ്യം ചെയ്യല്‍ തുടരും. അതിനിടെ പഞ്ചാബ് നാഷണല്‍ തട്ടിപ്പുകേസില്‍ സി.ബി.ഐ അന്വേഷണം ഊര്‍ജിതമാക്കി. തട്ടിപ്പുമായി ബന്ധപ്പെട്ട് ഭൂരിഭാഗം ക്രമക്കേടുകളും നടന്നത് ബ്രാഡി ഹൗസ് ശാഖ കേന്ദ്രീകരിച്ചാണെന്നാണ് സി.ബി.ഐയുടെ വാദം. പത്തിലധികം ഉദ്യോഗസ്ഥരെ കസ്റ്റഡിയിലെടുത്ത് ചോദ്യം ചെയ്തു. കേസുമായി ബന്ധപ്പെട്ട് കൂടുതല്‍ അറസ്റ്റുണ്ടായെക്കുമെന്നാണ് സൂചന. അതിനിടെ സി.ബി.ഐ അന്വേഷണ സംഘവുമായി കേന്ദ്ര വിജിലന്‍സ് കമ്മീഷന്‍ കൂടിക്കാഴ്ച നടത്തി. മൂന്നുവര്‍ഷം ഒരേ പദവിയില്‍ ഒരേ സ്ഥലത്ത് ജോലി ചെയ്യുന്ന ഉദ്യോഗസ്ഥരെ ഉടന്‍ സ്ഥലം മാറ്റണമെന്ന് ആവശ്യപ്പെട്ട് പൊതുമേഖലാ ബാങ്കുകള്‍ക്ക് കമ്മീഷന്‍ നോട്ടിസ് അയച്ചു.