ടോം ജോസ്, തടിയംപാട്

വിനു ജോസഫിനു ലിവര്‍പൂള്‍ വലിയ ജനാവലിയുടെ സാന്നിദ്ധ്യത്തില്‍ വിട നല്‍കി. കഴിഞ്ഞ ദിവസം മരിച്ച ലിവര്‍പൂള്‍ നോട്ടിയാഷില്‍ താമസിക്കുന്ന പുനലൂര്‍ അഞ്ചല്‍ സ്വദേശി വിനു ജോസഫീന് തിങ്ങി നിറഞ്ഞ ജനക്കൂട്ടത്തിന്റെ സാന്നിദ്ധ്യത്തില്‍, സെയിന്റ് പാരിഷ് ചര്‍ച്ച് അങ്കണത്തില്‍ വച്ച് ലിവര്‍പൂള്‍ മലയാളി സമൂഹവും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നുമെത്തിയ ബന്ധുമിത്രാദികളും വിടനല്‍കി.

ലിവര്‍പൂള്‍ മാര്‍ത്തോമ്മാ ഇടവകയില്‍ അംഗമായിരുന്ന വിനുവിനെ അവസാനം ഒരു നോക്കു കാണുവാനും ആദരാഞ്ജലികള്‍ അര്‍പ്പിക്കുവാനും യുകെയുടെ വിവിധ ഭാഗങ്ങളില്‍ നിന്നും ഉള്ള മാര്‍ത്തോമ്മാ സഭാ വിശ്വസികള്‍ എത്തിച്ചേര്‍ന്നിരുന്നു. ഇന്നു ഉച്ചകഴിഞ്ഞ് മൃതദേഹം വഹിച്ചുകൊണ്ടുള്ള ഫ്യുണറല്‍ ഡയറക്‌റ്റെഴ്‌സിന്റെ വാഹനം പള്ളി അങ്കണത്തില്‍ പ്രവേശിച്ചപ്പോള്‍ തന്നെ പള്ളിയും പരിസരവും ജനങ്ങളെ കൊണ്ട് നിറഞ്ഞിരുന്നു.

vinu 2

അന്ത്യോപചാര ചടങ്ങുകള്‍ക്ക് ലിവര്‍പൂള്‍ മാര്‍ത്തോമ്മാ പള്ളി വികാരി ഫാദര്‍ റോണി ചെറിയാന്‍, ബ്രിസ്റ്റോള്‍ മാര്‍ത്തോമ്മാ പള്ളി വികാരി ഫാദര്‍ അബ്രാഹം മാത്യു, ലിവര്‍പൂള്‍ കാത്തോലിക്ക വികാരി ഫാദര്‍ ജിനോ അരികാട്ട് എന്നിവര്‍ നേതൃത്വം കൊടുത്തു.

വിശുദ്ധ പൗലോസിന്റെ വാക്കുകള്‍ ഉദ്ധരിച്ചുകൊണ്ട് നിങ്ങള്‍ പ്രത്യാശ ഉള്ളവരായി ജീവിക്കണം എന്നു ഫാദര്‍ ജിനോ അരിക്കാട്ട് വിശ്വാസികളെ ഓര്‍മിപ്പിച്ചു . മനുഷ്യ ജീവിതം കേവലം ഒരു തീര്‍ഥാടനം മാത്രമാണ് എന്നും അതുകൊണ്ട് ഈ ഭൌതിക ജീവിതത്തിന് അപ്പുറത്ത് ഒരു യഥാര്‍ത്ഥ ജീവിതമുണ്ട് എന്നും നമ്മള്‍ അതില്‍ പ്രത്യാശയുള്ളവരായിരിക്കണം എന്നും ഫാദര്‍ അബ്രാഹം മാത്യു പറഞ്ഞു.

vinu 3

ലിവര്‍പൂള്‍ മലയാളി അസോസിയേഷനുകള്‍ക്ക് വേണ്ടി തോമസ് ജോണ്‍ , ഷാജു ഉതുപ്പ് , തോമസ് ജോര്‍ജ് എന്നിവര്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ചു സംസാരിച്ചു. ഇതര ക്രൈസ്തവ സഭകള്‍ക്ക് വേണ്ടി പ്രതിനിധികള്‍ ആദരാഞ്ജലികള്‍ അര്‍പ്പിച്ച . യുക്മ, ഫോബ്മ, ഇടുക്കി ചാരിറ്റി ഗ്രൂപ്പ് എന്നീ സംഘടനകള്‍ക്ക് വേണ്ടിയും റീത്ത് സമര്‍പ്പിച്ചു.

vinu4

പിതാവിന്റെ വേര്‍പാടിന്റെ വേദന പങ്കിട്ട മൂത്ത മകള്‍ നേഹ സൗദി അറേബ്യയില്‍ വച്ച് പപ്പകാണിച്ച സ്‌നേഹം മുതലാണ് വിവരിച്ചു തുടങ്ങിയത്. അവള്‍ക്ക് നഷ്ട്ടമായത് എല്ലാം എല്ലാം ആയ പിതാവ് ആണ് എന്നു പറഞ്ഞപ്പോള്‍ സംസ്‌കാര ചടങ്ങില്‍ പങ്കെടുക്കാന്‍ എത്തിയവരുടെ കണ്ണുകള്‍ നിറഞ്ഞു. അവളുടെ ഇളയ രണ്ടു കുഞ്ഞനുജത്തിമാര്‍ അവര്‍ക്ക് നഷ്ട്ടപ്പെട്ട പിതാവിനെ പറ്റി വേണ്ടവിധം തിരിച്ചറിയാന്‍ ഉള്ള പ്രായം പോലും ഇല്ലാത്തവരായിരുന്നു. അവര്‍ നിറഞ്ഞ കണ്ണുമായി ഇരിക്കുന്ന വിനുവിന്റെ ഭാര്യ ലെനിയുടെ അരികില്‍ ഇരിപ്പുണ്ടായിരുന്നു.

vinu5

ലെനിയുടെ അച്ഛനും അമ്മയും നേരത്തെ മരിച്ചു പോയിരുന്നു. ആകെ ബാക്കി ആയി ഉണ്ടായിരുന്ന അടുത്ത ബന്ധുവായ അങ്കിള്‍ അമേരിക്കയില്‍ നിന്നും അന്ത്യോപചാരം അര്‍പ്പിക്കാന്‍ എത്തിയിരുന്നു. ലെനിയുടെ സഹോദരിയും ഭര്‍ത്താവും ലിവര്‍പൂളില്‍ തന്നെയാണ്.

vinu6

നന്ദി പ്രകാശിപ്പിച്ച് കൊണ്ട് സംസാരിച്ച അബ്രാഹം ജോര്‍ജ്ജ് വിനു മരിച്ചപ്പോള്‍ മുതല്‍ ഞങ്ങളെ സമാശ്വസിപ്പിക്കാന്‍ ശ്രമിച്ച മാര്‍ത്തോമ്മാ സഭാ അംഗങ്ങള്‍ക്കും ഫാദര്‍ റോണി ചെറിയാനും, മറ്റു ലിവര്‍പൂള്‍ സമൂഹത്തിനും നന്ദി പറഞ്ഞു. മൃതദേഹം നാട്ടില്‍ കൊണ്ടുപോകുന്നതിനുള്ള സഹായങ്ങള്‍ ചെയ്യാന്‍ മാര്‍ത്തോമ്മാസഭ വളരെ സജീവമായി പ്രവര്‍ത്തിച്ചിരുന്നു. ഇന്നത്തെ പള്ളിയിലെ ക്രമികരണങ്ങളും വളരെ നന്നായിരുന്നു.

vinu8

വിനുവിന്റെ മൃതദേഹം നാളെ നാട്ടിലേക്കു കൊണ്ടുപോകും. അടുത്ത ചൊവ്വാഴ്ച വിനുവിന്റെ സ്വദേശമായ കരവാളൂര്‍ പള്ളിയില്‍ സംസ്‌കരിക്കും. വിനുവിന്റെ ലിവര്‍പൂള്‍ ജീവിതത്തിന്റെ ഫോട്ടോ പ്രദര്‍ശനവും അന്തിമോപചാര ചടങ്ങുകള്‍ക്കൊപ്പം നടത്തിയിരുന്നു.

vinu9