കൊച്ചി: പ്രമുഖ ദളിത് ചിത്രകാരന്‍ അശാന്തന്റെ മൃതദേഹത്തെ കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം അപമാനിച്ചു. എറണാകുളത്തപ്പന്‍ ക്ഷേത്രത്തിനു സമീപമുള്ള ദര്‍ബാര്‍ ഹാളില്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിന് വെക്കുന്നത് ആചാര പ്രകാരം അനുവദനീയമല്ല എന്നാരോപിച്ച് ഒരു കൂട്ടം ആളുകള്‍ പൊതുദര്‍ശന ചടങ്ങ് തടയുകയായിരുന്നു. അയിത്തം കല്‍പ്പിക്കപ്പെട്ട മൃതദേഹം ഒടുവില്‍ ദര്‍ബാര്‍ ഹാളിന്റെ തിണ്ണയില്‍ പൊതു ദര്‍ശനത്തിന് വെച്ചു. ചടങ്ങിനായി കെട്ടിയ പന്തലും പ്രതിഷേധവുമായി എത്തിയവര്‍ അഴിപ്പിച്ചു.

ലളിത കലാ അക്കാദമിയുടെ ഔദ്യോഗിക തീരുമാന പ്രകാരം ദര്‍ബാര്‍ ഹാളില്‍ അശാന്തന്റെ മൃതദേഹം പൊതുദര്‍ശനത്തിനു വെക്കാനാവശ്യമായ തയ്യാറെടുപ്പുകള്‍ നടക്കുന്നതിനിടെയായിരുന്നു കോണ്‍ഗ്രസ് നേതാവ് ഉള്‍പ്പെടെയുള്ള ആള്‍ക്കൂട്ടം ചടങ്ങുകള്‍ അലങ്കോലപ്പെടുത്തിയത്. അനുശോചനം രേഖപ്പെടുത്തി ദര്‍ബാര്‍ ഹാളിനു സമീപം വെച്ചിരുന്ന ഫ്‌ളക്‌സ് ബോര്‍ഡുകള്‍ പ്രതിഷേധവുമായി എത്തിയവര്‍ കീറിയെറിഞ്ഞു. മൃതദേഹം ഇവിടെ പൊതു ദര്‍ശനത്തിനു വെക്കാന്‍ അനുവദിക്കില്ലെന്ന് പറയുകയും മുദ്രാവാക്യം വിളിക്കുകയും ചെയ്ത ആള്‍ക്കൂട്ടം കൂടുതല്‍ ആളുകളെ വിളിച്ച് പ്രശ്‌നമുണ്ടാക്കുമെന്ന് സംഘാടകരെ ഭീഷണിപ്പെടുത്തി.

പ്രതിഷേധം ശക്തമായതിനെ തുടര്‍ന്ന് പിന്‍വശത്തെ വഴിയിലൂടെ മൃതദേഹം കൊണ്ടുവരുകയും വരാന്തയില്‍ പൊതുദര്‍ശനത്തിനു വെക്കുകയും ചെയ്തു. നേരത്തെ ചടങ്ങുകള്‍ക്കായി നിര്‍മ്മിച്ച പന്തല്‍ പ്രതിഷേധക്കാരുടെ എതിര്‍പ്പ് കാരണം സംഘാടകര്‍ പൊളിച്ച് മാറ്റിയിരുന്നു. ഇടപ്പള്ളിയില്‍ കര്‍ഷക കുടുംബത്തില്‍ ജനിച്ചു വളര്‍ന്ന മഹേഷ് എന്ന അശാന്തന്‍ രണ്ടു തവണ സംസ്ഥാന പുരസ്‌കാരം നേടിയിട്ടുള്ള ശ്രദ്ധേയനായ കലാകാരനാണ്.