തിരുവനന്തപുരം: കേരളാ പോലീസില്‍ സ്ത്രീ പീഡനക്കേസില്‍ ഉള്‍പ്പെട്ടവരുടെ എണ്ണത്തില്‍ ഗണ്യമായ വര്‍ദ്ധനവെന്ന് പുതിയ റിപ്പോര്‍ട്ട്. മുഖ്യമന്ത്രി പിണറായി വിജയനാണ് ഇതു സംബന്ധിച്ച റിപ്പോര്‍ട്ട് പുറത്തുവിട്ടിരിക്കുന്നത്. നിലവില്‍ സംസ്ഥാനത്ത് ഗുരുതര സ്വഭാവദൂഷ്യത്തിന് നടപടി നേരിടുന്ന പോലീസുകാരുടെ എണ്ണത്തിലും വര്‍ദ്ധനവുണ്ടായിട്ടുണ്ട്. മുഖ്യമന്ത്രി പുറത്തുവിട്ട റിപ്പോര്‍ട്ട് പ്രകാരം 365 പോലീസുകാര്‍ക്കെതിരെയാണ് സ്വഭാവ ദൂഷ്യത്തിന് നടപടി സ്വീകരിച്ചിരിക്കുന്നത്.

സംസ്ഥാനത്ത് സ്ത്രീ പീഡനക്കേസുകളില്‍ അകപ്പെട്ട ഏതാണ്ട് 73 പോലീസുകാര്‍ ഉണ്ടെന്നാണ് കണക്ക്. ഇവര്‍ക്കെതിരെ വകുപ്പുതല നടപടിയെടുത്തിട്ടുണ്ട്. കൂടാതെ ക്രിമിനല്‍ കേസ് രജിസ്റ്റര്‍ ചെയ്തിട്ടുണ്ടെന്നും പിണറായി അറിയിച്ചു. പുതിയ കണക്കുകള്‍ സംസ്ഥാനത്തെ പോലീസ് സേനയില്‍ ക്രിമിനല്‍ പശ്ചാത്തലമുള്ളവരുണ്ടെന്ന് തെളിയിക്കുന്നതാണ്. വിഷയവുമായി ബന്ധപ്പെട്ട് ഭാവിയില്‍ സര്‍ക്കാര്‍ തലത്തില്‍ കൂടുതല്‍ അന്വേഷണം ഉണ്ടാകുമെന്നാണ് കരുതുന്നത്.

സ്ത്രീ പീഡനക്കേസുകളില്‍ പ്രതിചേര്‍ക്കപ്പെട്ട 73 പേരില്‍ 33 പേരും തിരുവനന്തപുരം ജില്ലയില്‍ നിന്നുള്ളവരാണ്. കൊല്ലം ജില്ലയില്‍ നിന്ന് മൂന്നു പേര്‍, പത്തനംതിട്ട ജില്ലയില്‍ നിന്ന് നാലു പേര്‍, ആലപ്പുഴ ജില്ലയില്‍ നിന്ന് നാലു പേര്‍, ഇടുക്കി ജില്ലയില്‍ നിന്ന് രണ്ടു പേരും സ്ത്രീ പീഡന കേസില്‍ പ്രതികളാണ്. എറണാകുളം സിറ്റിയില്‍ ആറു പേര്‍, എറണാകുളം റൂറലില്‍ ഒരാള്‍, തൃശൂര്‍ ജില്ലയില്‍ നിന്ന് രണ്ടു പേര്‍, പാലാക്കാട് ജില്ലയില്‍ നിന്ന് ഏഴു പേര്‍, മലപ്പുറം ജില്ലയില്‍ നിന്ന് നാലു പേര്‍, കോഴിക്കോട് ജില്ലയില്‍ രണ്ടു പേര്‍, വയനാട് ജില്ലയില്‍ നിന്ന് ഒരാള്‍, കണ്ണൂരില്‍ നിന്ന് മൂന്ന് പേരും ക്രിമനല്‍ കേസ് പ്രതികളാണെന്ന് മുഖ്യമന്ത്രി അറിയിച്ചു.