സംഘിയെന്ന് ഫേസ് ബുക്ക് ലൈവ് ഇടയിൽ വിളിച്ച യുവാവിന് വ്യക്തമായ മറുപടി നല്‍കി നടി അനുശ്രീ. ആരാധകര്‍ക്ക് ഈസ്റ്റര്‍ ദിന ആശംസകള്‍ പങ്കുവെക്കാന്‍ ഫേസ്ബുക്കില്‍ ലൈവിലെത്തിയ നടിയോടാണ് ഒരാള്‍ ഇപ്പോള്‍ ബാലഗോകുലത്തിന്റെ പ്രവര്‍ത്തക അല്ലേ എന്ന് കമന്റ് ചെയ്ത് ചോദിച്ചത്. ഇയാള്‍ ചോദ്യം വീണ്ടും ആവര്‍ത്തിച്ചപ്പോള്‍ താന്‍ സംഘിയാണെന്ന പ്രചരണത്തിനോടുള്ള പ്രതികരണം അറിയിക്കുകയായിരുന്നു താരം. വീടിനടുത്ത് ക്രിസ്ത്യന്‍ പള്ളികള്‍ ഒന്നും ഇല്ല, അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ പള്ളിയില്‍ നടത്തുന്ന പരിപാടിയിലും പങ്കെടുക്കുമായിരുന്നു.

അനുശ്രീയുടെ വാക്കുകള്‍ ഇങ്ങനെ

ഞാന്‍ ഒരിക്കിലും ബാലഗോകുല പ്രവര്‍ത്തകയോ, സംഘിയോ അല്ല. നാട്ടില്‍ നടത്തിയ ഒരു പരിപാടിയില്‍ കുട്ടികളോടൊപ്പം ഞാനും പങ്കെടുത്തു. അടുത്ത വര്‍ഷവും അവിടെ പരിപാടി ഉണ്ടെങ്കില്‍ അന്നും ഞാന്‍ പങ്കെടുക്കും. അതിനര്‍ത്ഥം ഞാന്‍ ഒരു പ്രവര്‍ത്തകയാണെന്നല്ല, നാട്ടില്‍ നടക്കുന്ന ഒരു പരിപാടിയില്‍ പങ്കുകൊണ്ടു എന്ന് മാത്രം.

വീടിനടുത്ത് ക്രിസ്ത്യന്‍ പള്ളികള്‍ ഒന്നും ഇല്ല, അങ്ങനെയുണ്ടായിരുന്നെങ്കില്‍ ഞാന്‍ പള്ളിയില്‍ നടത്തുന്ന പരിപാടിയിലും പങ്കെടുക്കുമായിരുന്നു. എന്റെ ക്രിസ്ത്യന്‍ സുഹൃത്തുകള്‍ക്ക് ക്രിസ്മസിന് സര്‍പ്രൈസ് നല്‍കാനും, മുസ്ലീം സുഹൃത്തുക്കളോടൊപ്പം നോമ്ബ് മുറിക്കാനും പോകാറുണ്ട്. ഈരാറ്റുപ്പേട്ടയ്ക്കടുത്ത് ഷൂട്ടിംഗിന് പോയപ്പോള്‍ ഒരു സംഭവം നടന്നു.

ഞാന്‍ കാറില്‍ ഇരിക്കുകയാണ്, സഹോദരന്‍ ഭക്ഷണം മേടിക്കാന്‍ കടയിലേക്ക് പോയി, അതേ സമയം ബൈക്കിലെത്തിയ രണ്ടു യുവാക്കള്‍ എത്തി അവള് സംഘിയാടാ എന്ന് പറഞ്ഞ് വൈലന്റായി. ഒരു ഭീകരവാദിയോട് എന്ന പോലുള്ള സമീപനമായിരുന്നു അവരുടേത്. ഷുട്ടിംഗ് സംബന്ധമായി രാത്രിയില്‍ സഞ്ചരിക്കുന്ന സമയത്ത് ഇങ്ങനെയുള്ള ആളുകളുടെ മുന്നില്‍ ചെന്നുപെട്ടാല്‍ അവര്‍ തന്നെ കൊന്നു കളയുമല്ലോ എന്ന് വരെ ഞാന്‍ ചിന്തിച്ചു അനുശ്രീ പറഞ്ഞു.