ഓസ്ട്രേലിയൻ മണ്ണിൽ ആദ്യമായൊരു ടെസ്റ്റ് പരമ്പര എന്ന ചരിത്ര നേട്ടം സ്വന്തമാക്കിയാണ് ഇന്ത്യൻ നായകൻ വിരാട് കോഹ്‌ലി പുതുവർഷത്തിൽ ജൈത്രയാത്രയ്ക്ക് തുടക്കം കുറിച്ചത്. ടെസ്റ്റ് വിജയത്തിനുശേഷം ഓസ്ട്രേലിയൻ ഓപ്പൺ ടെന്നിസ് മത്സരം കണ്ടാണ് ഓസീസ് പര്യടനത്തിന് കോഹ്‌ലി സമാപനം കുറിച്ചത്.

കോഹ്‌ലിക്കൊപ്പം ഭാര്യ അനുഷ്ക ശർമ്മയും ടെന്നിസ് മത്സരം കാണാനെത്തിയിരുന്നു. അവിടെ വച്ച് ഇരുവരും ടെന്നിസ് ഇതിഹാസ താരം റോജർ ഫെഡററെ നേരിൽക്കണ്ടു. ഇതിന്റെ ചിത്രങ്ങൾ കോഹ്‌ലി തന്റെ ട്വിറ്റർ പേജിൽ ഷെയർ ചെയ്തിരുന്നു. ഫെഡററുമായി കൂടിക്കാഴ്ച നടത്തിയതിനെക്കുറിച്ച് ബിസിസിഐ ടിവിക്ക് നൽകിയ അഭിമുഖത്തിൽ കോഹ്‌ലി സംസാരിച്ചു.

Image result for virat-kohli-reveals-what-he-discussed-with-roger-federer

”ഫെഡററെ ഇതിനു മുൻപ് ഞാൻ നേരിൽക്കണ്ടിട്ടുണ്ട്. പക്ഷേ അദ്ദേഹം അത് ഓർത്തിരിക്കുമെന്ന് കരുതിയില്ല. ഏതാനും വർഷങ്ങൾക്കു മുൻപ് സിഡ്നിയിൽ വച്ച് പരസ്പരം കണ്ടിട്ടുണ്ടെന്ന് ഫെഡറർ പറഞ്ഞപ്പോൾ എനിക്ക് അതിശയം തോന്നി. എന്നെ കണ്ടത് അദ്ദേഹം ഇപ്പോഴും ഓർക്കുന്നുണ്ടെന്നത് എന്നെ ശരിക്കും അതിശയപ്പെടുത്തി,” കോഹ്‌ലി പറഞ്ഞു.

”ഫെഡററെ കാണാൻ സാധിച്ചതിന്റെ സന്തോഷം എനിക്ക് പറഞ്ഞറിയിക്കാനാവില്ല. എന്റെ കുട്ടിക്കാലം മുതലേ അദ്ദേഹം കളിക്കുന്നത് ഞാൻ കാണാറുണ്ട്. നല്ലൊരു ടെന്നിസ് താരം മാത്രമല്ല, നല്ലൊരു മനുഷ്യനുമാണ് അദ്ദേഹം.”

”ഫെഡറർ എന്നോട് ചോദ്യങ്ങൾ ചോദിച്ചുകൊണ്ടേയിരുന്നു. അദ്ദേഹം എന്നോട് ചോദ്യങ്ങൾ ചോദിക്കുന്നല്ലോയെന്നായിരുന്നു എന്റെ ചിന്ത. അദ്ദേഹത്തിന്റെ മാനസികാവസ്ഥയെക്കുറിച്ചും കളിക്കാനുള്ള തയ്യാറെടുപ്പിനെക്കുറിച്ചും ടെന്നിസിനെ അദ്ദേഹം നോക്കിക്കാണുന്നതിനെക്കുറിച്ചും ഞാൻ സംസാരിച്ചു. അത് തികച്ചും മനോഹരമായൊരു നിമിഷമായിരുന്നു,” കോഹ്‌ലി പറഞ്ഞു.