ലോക്സഭ തെരഞ്ഞെടുപ്പിന്റെ ആറാം ഘട്ടത്തില്‍ വോട്ട് ചെയ്യാന്‍ ഇന്ത്യന്‍ ക്രിക്കറ്റ് നായകന്‍ വിരാട് കോഹ്ലിയെത്തി. ഹരിയാനയിലെ ഗുരുഗ്രാമില്‍ നീണ്ട ക്യൂവില്‍ കാത്തുനിന്ന് അദ്ദേഹം വോട്ട് രേഖപ്പെടുത്തിയത്. തിരക്ക് കൂടുന്നത് കണക്കിലെടുത്ത് അതികാലത്ത് തന്നെ അദ്ദേഹം വോട്ട് ചെയ്യാനെത്തി. ആരോടും സംസാരിക്കാതെ ക്യൂവില്‍ തന്നെ തുടര്‍ന്ന കോഹ്ലി വേഗം വോട്ട് ചെയ്ത് മടങ്ങി.

പോകും നേരം ചില ആരാധകരുടെ ആവശ്യപ്രകാരം അദ്ദേഹം ഓട്ടോഗ്രാഫ് എഴുതി നല്‍കി. വോട്ടര്‍മാരെ അവബോധം ചെയ്യാനുളള പരിപാടിക്കായി ഒരു കട്ടൗട്ടിന് പിന്നില്‍ നില്‍ക്കാന്‍ അദ്ദേഹത്തോട് ബൂത്ത് വലന്റിയര്‍മാര്‍ അപേക്ഷിച്ചു. ഇവിടെ വെച്ച് ഫോട്ടോയും എടുത്താണ് കോഹ്ലി പോയത്. ഗുരുഗ്രാമിലെ 24 സ്ഥാനാര്‍ത്ഥികളുടെ വിധി ഇന്നാണ് നിര്‍ണയിക്കുക. 22 ലക്ഷം വോട്ടര്‍മാരാണ് ഇവിടെ വോട്ട് ചെയ്യുന്നത്.

രാജ്യതലസ്ഥാനം അടക്കം ഏഴ് സംസ്ഥാനങ്ങളിലെ 59 മണ്ഡലങ്ങളില്‍ ഇന്ന് രാവിലെ ഏഴ് മണി മുതല്‍ പോളിങ് ആരംഭിച്ചു. കേന്ദ്രമന്ത്രി ഹര്‍ഷ് വര്‍ധന്‍, സമാജ്വാദി നേതാവ് അഖിലേഷ് യാദവ്, കോണ്‍ഗ്രസ് നേതാവ് ജ്യോതിരാദിത്യ സിന്ധ്യ എന്നിവരടക്കം നിരവധി പ്രമുഖരാണ് ഇന്ന് ജനവിധി തേടുന്നത്.
ഉത്തര്‍പ്രദേശില്‍ 14 സീറ്റുകളിലും ഹരിയാനയില്‍ 10 സീറ്റികളിലും ഡല്‍ഹിയില്‍ 7 സീറ്റുകളിലും ജനവിധി തേടും. ജാര്‍ഖ്ണ്ഡില്‍ 4, ബിഹാറിലം മധ്യപ്രദേശിലും പശ്ചിമബംഗാളിലും എട്ട് സീറ്റുകളിലും വീതമാണ് ജനവിധി തേടുന്നത്.

ഡല്‍ഹിയില്‍ കോണ്‍ഗ്രസിന്റെയും ബി.ജെ.പിയുടെയും സംസ്ഥാന അധ്യക്ഷന്മാര്‍ നേര്‍ക്കുനേര്‍ പോരാടുന്നു. കോണ്‍ഗ്രസിന്റെ ഷീല ദീക്ഷിതും ബി.ജെ.പിയുടെ മനോജ് തീവാരിയും. കോണ്‍ഗ്രസിനായി മുന്‍ കേന്ദ്രമന്ത്രി നേതാവ് അജയ് മാക്കന്‍, ബോക്സിങ് താരം വിജേന്ദ്രസിങ്, മീനാക്ഷി ലേഖി, ക്രിക്കറ്റ് താരം ഗൌതംഗംഭീര്‍ തുടങ്ങി പ്രമുഖരും ഡല്‍ഹിയിലെ പോര്‍ക്കളത്തിലുണ്ട്.

കേന്ദ്രമന്ത്രിമാരായ നരേന്ദ്ര സിങ് തോമര്‍, രാധാമോഹന്‍ സിങ് എന്നിവരും ഈ ഘട്ടത്തില്‍ ജനവിധി തേടുന്നുണ്ട്. കഴിഞ്ഞ ഘട്ടങ്ങളിലെ അക്രമസംഭവങ്ങളുടെ പശ്ചാത്തലത്തില്‍ കനത്ത സുരക്ഷയിലാണ് പശ്ചിമബംഗാളില്‍ ഒരുക്കിയിരിക്കുന്നത്.