റാമെര്‍ലാ വൈറസ് ബാധയെത്തുടര്‍ന്ന് ആലപ്പുഴ ജില്ലയില്‍ ആറായിരത്തിലേറെ താറാവുകള്‍ ചത്തു. മാന്നാര്‍, ചെന്നിത്തല മേഖലയിലാണു രോഗബാധ കണ്ടെത്തിയത്. ചെന്നിത്തലയിലെ സ്വകാര്യ ഹാച്ചറിയില്‍നിന്നു വിറ്റ 13 ദിവസം മുതല്‍ പ്രായമുള്ള താറാവുകളാണ് ചത്തത്.

തിരുവല്ല മഞ്ഞാടി പക്ഷി നിരീക്ഷണകേന്ദ്രത്തിലെ വെറ്ററിനറി സര്‍ജന്മാരുടെ നേതൃത്വത്തില്‍ നടത്തിയ പരിശോധനയില്‍ റാമെര്‍ലാ വൈറസ് ബാധയാണു താറാവുകള്‍ ചാകാന്‍ കാരണമെന്നു സ്ഥിരീകരിച്ചു. ശേഷിച്ച താറാവുകള്‍ക്ക് എക്‌സെപ്റ്റ് എന്ന മരുന്നു നിര്‍ദ്ദേശിച്ചെങ്കിലും അതു ഫലപ്രദമായില്ലെന്നു താറാവു കര്‍ഷകര്‍ പറയുന്നു.

വേനല്‍ക്കാലമായതിനാല്‍ ദേശാടനക്കിളികളുടെ സാന്നിധ്യം രോഗവ്യാപനത്തിനു വഴിയൊരുക്കുമെന്ന് ആശങ്കയുണ്ട്. രോഗം മറ്റു സ്ഥലങ്ങളിലേക്കു പടര്‍ന്നാല്‍ പൗള്‍ട്രി മേഖലയ്ക്കു വലിയ തിരിച്ചടിയാകും.