ഐഎസ് ഭീകര സാന്നിധ്യ കേരളതീരത്തെന്ന കേന്ദ്ര ഇന്റലിജൻസ് റിപ്പോർട്ടിനു പിന്നാലെ പുറം കടലിൽ അധികൃതരെ വെട്ടിച്ച് ബോട്ടിന്റെ പാച്ചിൽ. സിനിമയെ വെല്ലുന്ന ബോട്ട് ചെയ്സിലൂടെ ഏറെ നേരത്തിനൊടുവിൽ കോസ്റ്റ് ഗാർഡിന്റെ ചെറുകപ്പൽ ബോട്ടിനെ സാഹസികമായി പിടികൂടി കരയിലെത്തിച്ചു.

കൊല്ലം ശക്തികുളങ്ങര നിന്നുള്ള ട്രോളർ ബോട്ടും ഇതിലെ 14 മത്സ്യത്തൊഴിലാളികളെയുമാണു വിഴിഞ്ഞത്തെത്തിച്ചത്. ഇവരെ അധികൃതർ വിശദമായി ചോദ്യം ചെയ്തു. ആദ്യം വിഴിഞ്ഞത്തെ മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിന്റെ ബോട്ടാണ് പട്രോളിങിനിടെ വലിയ തുറ ഭാഗത്തു വച്ച് ദൂരപരിധി ലംഘിച്ച് മീൻപിടിത്തം നടത്തിയെന്ന പേരിൽ ഈ ബോട്ടിനെ പിടികൂടാൻ ശ്രമിച്ചത്.

മറൈൻ എൻഫോഴ്സ്മെന്റ് വിഭാഗത്തിലെ സിഐ: എസ്.എസ്.ബൈജു, സിപിഒ: ബിജു എന്നിവരുടെ നേതൃത്വത്തിലുള്ള സംഘം ബോട്ടുകാരിൽ നിന്നു രേഖകൾ വാങ്ങാനുള്ള ശ്രമത്തിനിടെ പെട്ടെന്നു ബോട്ട് വെട്ടിച്ചു പായുകയായിരുന്നു.എൻഫോഴ്സ്മെന്റ് ബോട്ടിലെ സ്രാങ്ക്മാരായ അഗസ്റ്റിൻ, ജോയി, ലൈഫ് ഗാർഡുമാരായ പ്രദീപ്, മനോഹരൻ എന്നിവരുൾപ്പെട്ട ബോട്ട് പിന്നാലെ പോയെങ്കിലും മത്സ്യബന്ധന ബോട്ട് പരമാവധി വേഗത്തിൽ ഓടിച്ചു പോയി.

വിവരം കിട്ടിയ വിഴിഞ്ഞം കോസ്റ്റ്ഗാർഡ് സി-410 അതിവേഗ ബോട്ട് പിന്നാലെ പാഞ്ഞു. കമാൻഡിങ് ഓഫിസർ ഡെപ്യൂട്ടി കമാൻഡന്റ് സി.വി.ടോമിയുടെ നേതൃത്വത്തിലുള്ള 10 അംഗ സേനാവിഭാഗം മിനിറ്റുകൾക്കുള്ളിൽ വലിയതുറ ഭാഗത്തെത്തി മത്സ്യബന്ധന ബോട്ടിനെ പിന്തുടർന്നു. മുന്നറിയിപ്പുകൾ പലവട്ടം നൽകിയിട്ടും നിർത്താൻ കൂട്ടാക്കാതെ ബോട്ടു വടക്കൻ ഭാഗത്തേക്ക് പാഞ്ഞതോടെ സേനാധികൃതർ കൊച്ചി കേന്ദ്രത്തിൽ വിവരം നൽകി.

അവിടെ നിന്നുള്ള സേനാ ബോട്ടുകൾ സജ്ജരാവുകയും പുറം കടലിൽ നിരീക്ഷണത്തിലുള്ള കപ്പലുകൾക്കു വിവരം കൈമാറുകയും ചെയ്തു. ഒരു മണിക്കൂറോളം പുറംകടലിൽ സിനിമയെ വെല്ലുന്ന ബോട്ട് ചെയ്സായിരുന്നു. മുന്നറിയിപ്പുകൾ അവഗണിച്ചു ഏകദേശം 15 നോട്ടിക്കൽ മൈൽ ദൂരം ഇരു ബോട്ടുകളും മത്സരിച്ചു പാഞ്ഞു.മര്യനാട് പിന്നിട്ടു കഴിഞ്ഞപ്പോൾ സേനാ ബോട്ട് മുന്നിൽകയറി. വെടിയുതിർക്കുമെന്ന നിലവന്നപ്പോളാണു മത്സ്യബന്ധന ബോട്ട് കീഴടങ്ങിയത്.

പിടികൂടിയ ബോട്ടിൽ ഉടൻ സേന പരിശോധന നടത്തി. തൊഴിലാളികളെ ചോദ്യം ചെയ്തു. 20 പെട്ടി മത്സ്യമുണ്ടായിരുന്ന ബോട്ടിൽ 8 തമിഴ്നാട്ടുകാരായ മത്സ്യത്തൊഴിലാളികളും 6 വടക്കേ ഇന്ത്യൻ തൊഴിലാളികളുമാണ് ഉണ്ടായിരുന്നത്. മത്സ്യബന്ധന ലൈസൻസ് ഉണ്ടെന്ന് ഫിഷറീസ് അധികൃതർ പറഞ്ഞു.

സംശയമുയർത്തി ബോട്ടു പാഞ്ഞതാണ് അധികൃതരെ ആശങ്കയിലാഴ്ത്തിയത്. ബോട്ടിലെ മീൻ ലേലം ചെയ്യുകയും പിഴയീടാക്കുകയും ചെയ്യുമെന്നു മറൈൻ എൻഫോഴ്സ്മെന്റ് അധികൃതർ അറിയിച്ചു. മറൈൻ എൻഫോഴ്സ്മെന്റ് എസ്പി: കിഷോർകുമാർ, ഫിഷറീസ് അസി. ഡയറക്ടർ രാജീവ്, എസ്ഐ: ഷിബുരാജ് എന്നിവർ സ്ഥലത്തെത്തി.