ബെന്നി വര്‍ക്കി

കേരളത്തിലെ വയനാട് ജില്ലയിലെ വിവിധ രോഗം മൂലം വീടുകളില്‍ വേദനയനുഭവിച്ചു കഴിയുന്ന ആളുകള്‍ക്ക് സഹായഹസ്തവുമായി വയനാട് ജില്ലയില്‍ നിന്നും ഇംഗ്ലണ്ടില്‍ കുടിയേറിയവരുടെ സംഘടന. വോയ്സ് ഓഫ് വയനാട് ഇന്‍ യുകെ അവരുടെ ചാരിറ്റി പ്രവര്‍ത്തനങ്ങളുടെ ഭാഗമായി യു.കെയില്‍ താമസിക്കുന്ന വയനാട്ടുകാര്‍ അവരുടെ വരുമാനത്തിന്റെ ഒരുഭാഗം ചാരിറ്റിക്ക് വേണ്ടി മാറ്റി വെക്കുകയായിരുന്നു. മാനന്തവാടി ജില്ലാ ആശുപത്രിയോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന ജീവജ്യോതി പെയിന്‍ ആന്റ് പാലിയേറ്റീവ് സൊസൈറ്റിക്ക് ഒരു ആംബുലന്‍സ് നല്‍കുവാനാണ് സംഘടന തീരുമാനിച്ചത്. വയനാട്ടിലെ വിവിധ പഞ്ചായത്തുകളില്‍ വീടുകളില്‍ മാറാരോഗങ്ങള്‍ മൂലം വേദനയനുഭവിച്ചു കഴിയുന്നവര്‍ക്ക് വീടുകളിലെത്തി സൗജന്യമായി വേണ്ട സേവനം ചെയ്തു കൊടുക്കുകയാണ് ജീവജ്യോതി ട്രസ്റ്റ് ചെയ്യുന്നത്.

യാതൊരു പ്രതിഫലവും സ്വീകരിക്കാതെയാണ് ട്രസ്റ്റിനോട് ചേര്‍ന്ന് പ്രവര്‍ത്തിക്കുന്ന വളണ്ടിയര്‍മാര്‍ വീടുകളിലെത്തി ശുശ്രൂഷ ചെയ്യുന്നത്. ഒരു വാഹനം ലഭിച്ചതോടെ കൂടുതല്‍ വീടുകളില്‍ സേവനം ലഭ്യമാക്കുന്നതിന് സാധിക്കുമെന്ന് ട്രസ്റ്റ് ചെയര്‍മാന്‍ ഷെപ്പേര്‍ഡ് പറഞ്ഞു. ജില്ലാ ആശുപത്രിയില്‍ വരുന്ന രോഗികള്‍ക്കും ആശ്രിതര്‍ക്കും സൗജന്യമായി ഉച്ചഭക്ഷണം വിതരണം ചെയ്യുന്നതും ഈ ട്രസ്റ്റിന്റെ പ്രവര്‍ത്തകരാണ്. വോയ്സ് ഓഫ് വയനാട് ഇന്‍ യു.കെ ചെയര്‍മാന്‍ ശ്രീ. രാജന്‍ വര്‍ഗീസിന്റെ നേതൃത്വത്തിലുള്ള കമ്മിറ്റിയാണ് ഒരു വര്‍ഷം കൊണ്ട് ആംബുലന്‍സിനുള്ള തുക സമാഹരിച്ചത്.

മാനന്തവാടി ടൗണില്‍ നടന്ന ചടങ്ങില്‍ വെച്ച് വയനാട് ജില്ലാ പോലീസ് സര്‍ജന്‍ ഡോ. മനു ജോണ്‍സ് ആംബുലന്‍സിന്റെ താക്കോല്‍ ട്രസ്റ്റ് ചെയര്‍മാന്‍ ഷെപ്പേര്‍ഡിന് നല്‍കി. യോഗത്തില്‍ ഇബ്രാഹിം കൈപ്പാണി അധ്യക്ഷത വഹിച്ചു. രാജന്‍ വര്‍ഗീസ്, ബെന്നി പെരിയപ്പുറം, സജിമോന്‍ രാമച്ചനാട്ട് തുടങ്ങിയവര്‍ സംസാരിച്ചു. യു.കെയില്‍ നിന്നും നിരവധി കുടുംബങ്ങള്‍ യോഗത്തില്‍ പങ്കെടുത്തു.