മലയാളം യുകെ ന്യൂസ് ടീം

ഓവര്‍സീസ് റിക്രൂട്ട്‌മെന്റ് നടത്തുന്ന എന്‍ എച്ച് എസ് ലിസ്റ്റില്‍ ഉള്ള ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിച്ചിരിക്കണമെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം കര്‍ശന നിര്‍ദ്ദേശം നല്കി. ഇന്ത്യയില്‍ നിന്നും 5500 നഴ്‌സുമാരെ റിക്രൂട്ട് ചെയ്യാന്‍ ഒരു ഏജന്‍സിയ്ക്കും അനുമതി നല്കിയതായി അറിവില്ലെന്ന് എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് മാനേജ്‌മെന്റ് ടീം അറിയിച്ചു. ഏജന്‍സികള്‍ കോഡ് ഓഫ് പ്രാക്ടീസ് കര്‍ശനമായി പാലിക്കേണ്ടതാണ്. തെറ്റിദ്ധാരണ പരത്തുന്ന പരസ്യങ്ങള്‍ക്ക് എതിരെ പരാതി നല്കാന്‍ എന്‍എച്ച്എസ് നെ സമീപിക്കാന്‍ വര്‍ക്ക് ഫോഴ്‌സ് നിര്‍ദ്ദേശം നല്കിയിട്ടുണ്ട്. കോഡ് ഓഫ് പ്രാക്ടീസ് എല്ലാ റിക്രൂട്ട്‌മെന്റ് ഏജന്‍സികളും കര്‍ശനമായി പാലിക്കുന്നുണ്ടെന്ന് ഉറപ്പു വരുത്താന്‍ എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് ടീം പ്രതിജ്ഞ ബദ്ധമാണെന്ന് മാനേജ്‌മെന്റ് അറിയിച്ചു. വോസ്റ്റെക് എന്ന നഴ്സിംഗ് ഏജന്‍സി ഇത്തരത്തില്‍ തെറ്റിദ്ധാരണ പരത്തുന്ന പരസ്യവുമായി മലയാളി നഴ്സുമാരെ വഞ്ചിക്കാന്‍ ശ്രമിക്കുന്നത് ശ്രദ്ധയില്‍ പെട്ട മലയാളം യുകെ ന്യൂസ് ടീം എന്‍എച്ച്എസ് അധികൃതരെ ബന്ധപ്പെട്ടപ്പോഴാണ് ഈ വിവരം വെളിപ്പെടുത്തിയിരിക്കുന്നത്.

വോസ്റ്റെക് ഉടമ ജോയസ് ജോണിന് 5500 നഴ്സുമാരെ റിക്രൂട്ട് ചെയ്യാന്‍ കോണ്‍ട്രാക്റ്റ് ലഭിച്ചു എന്ന് തെറ്റിദ്ധരിപ്പിക്കുന്ന വാചകങ്ങള്‍.

‘ഓവര്‍സീസ് സ്റ്റാഫിനെ റിക്രൂട്ട് ചെയ്യാന്‍ ഏതെങ്കിലും ഗവണ്‍മെന്റുകള്‍ തമ്മില്‍ ധാരണ ഉള്ളതായോ ഏതെങ്കിലും ഏജന്‍സിക്ക് അതിന് കോണ്‍ട്രാക്റ്റ് നല്കിയിട്ടുള്ളതായോ അറിവില്ല. വ്യക്തിഗത എന്‍എച്ച്എസ് ട്രസ്റ്റുകള്‍ക്ക് സ്റ്റാഫിനെ നല്കാന്‍ മാത്രമേ നിലവിലുള്ള നിയമപ്രകാരം റിക്രൂട്ട്‌മെന്റ് ഏജന്‍സികള്‍ക്ക് സാധിക്കുകയുള്ളൂ. എന്‍എച്ച്എസില്‍ സ്റ്റാഫിനെ നല്കാന്‍ അധികാരപ്പെടുത്തിയിരിക്കുന്ന ഏജന്‍സികളുടെ പ്രവര്‍ത്തനങ്ങളെ കുറിച്ച് ആശങ്കയുള്ളവര്‍ എന്‍എച്ച്എസ് ഫ്രെയിം വര്‍ക്ക് പ്രൊവൈഡര്‍ ആയ എന്‍എച്ച്എസ് കൊളാബൊറേറ്റീവ് പ്രൊക്യൂര്‍മെന്റ് പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെടേണ്ടതാണ്’ എന്‍എച്ച്എസ് വര്‍ക്ക് ഫോഴ്‌സ് സീനിയര്‍ പ്രോഗ്രാം ഓഫീസര്‍ ബെത്ത് മേസണ്‍ പറഞ്ഞു.

യുകെയില്‍ തൊഴില്‍ സാദ്ധ്യത അന്വേഷിക്കുന്ന നഴ്സുമാരെ തെറ്റിദ്ധരിപ്പിക്കുന്ന നിരവധി കാര്യങ്ങള്‍ വോസ്റ്റെക് ഏജന്‍സിയുടെ പരസ്യത്തില്‍ കണ്ടതിനെ തുടര്‍ന്നാണ് മലയാളം യുകെ ഇക്കാര്യത്തില്‍ വ്യക്തതയ്ക്ക് വേണ്ടി എന്‍എച്ച്എസിനെ സമീപിച്ചത്.. ഇന്ത്യന്‍ നഴ്‌സുമാര്‍ക്ക് യുകെയില്‍ ജോലിയ്ക്ക് രജിസ്റ്റര്‍ ചെയ്യാന്‍ IELTS വേണ്ട OET മതി എന്ന വ്യാപകമായ തെറ്റിദ്ധാരണാജനകമായ പ്രചാരണവും ഇവര്‍ കേരളത്തില്‍ നടത്തുന്നു  എന്നതിന്റെ വെളിച്ചത്തില്‍ വര്‍ക്ക് ഫോഴ്‌സ് ടീമിന്റെ വെളിപ്പെടുത്തല്‍ അതീവ പ്രാധാന്യം അര്‍ഹിക്കുന്നു. ഐഇ എല്‍ടിഎസ്  ഇല്ലാതെ ഒരാള്‍ക്ക് പോലും കേരളത്തില്‍ നിന്ന് യുകെയില്‍ നഴ്സ് ആയി ജോലി ചെയ്യാന്‍ സാധിക്കില്ല എന്നതാണ് വസ്തുത എന്നിരിക്കെ മലയാളി നഴ്സുമാരുടെ കൈയില്‍ നിന്നും പണം തട്ടിയെടുക്കുക എന്നത് മാത്രമാണ് തെറ്റിദ്ധരിപ്പിക്കുന്ന പരസ്യങ്ങളിലൂടെ വോസ്റ്റെക് പോലുള്ള ഏജന്‍സികള്‍ ശ്രമിക്കുന്നത് എന്ന് വ്യക്തം.

NHS കൊളാബൊറേറ്റീവ് പ്രൊക്യൂര്‍മെന്റ് പാര്‍ട്ണര്‍ഷിപ്പുമായി ബന്ധപ്പെട്ട വിവരങ്ങള്‍ Ipp.nhs.uk എന്ന വെബ് സൈറ്റില്‍ ലഭ്യമാണ്. സൈറ്റിലെ കോണ്ടാക്ട് സെക്ഷനില്‍ റിക്രൂട്ട്‌മെന്റുമായി ബന്ധപ്പെട്ട സംശയങ്ങള്‍ക്ക് ഇമെയിലിലൂടെ ബന്ധപ്പെട്ട് നിജസ്ഥിതി ബോധ്യപ്പെടാവുന്നതാണ്. NHS London Procurement Partnership, 200 Great Dover tSreet, London, SE1 4YB എന്ന ഓഫീസ് അഡ്രസില്‍ പോസ്റ്റല്‍ ആയും ആശയ വിനിമയം നടത്താം. ലണ്ടന്‍ ഓഫീസിന്റെ ഫോണ്‍ നമ്പര്‍ 0207188 6680 ആണ്.

വിദേശ രാജ്യങ്ങളില്‍ നിന്ന് 5500 നഴ്‌സുമാരെ എന്‍ എച്ച് എസ് കൊണ്ടുവരുന്നത് റിക്രൂട്ട്‌മെന്റ് ഡ്രൈവിന്റെ ഭാഗമായല്ല എന്ന് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് നേരത്തെ വ്യക്തമാക്കിയിരുന്നു. ഇന്ത്യയില്‍ നിന്നും ഫിലിപ്പൈന്‍സില്‍ നിന്നുമായി നഴ്‌സുമാരെ എത്തിക്കാനാണ് എന്‍എച്ച്എസ് പദ്ധതിയിടുന്നത്. വിദേശരാജ്യങ്ങളില്‍ നിന്ന് എത്തുന്ന നഴ്‌സുമാരുടെ സ്‌കില്‍ ഡെവലപ്‌മെന്റിന് ഉതകുന്നതും അതോടൊപ്പം എന്‍എച്ച്എസിനും പ്രയോജനം ചെയ്യുന്ന ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാം ആണ് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് നടപ്പാക്കാന്‍ ഒരുങ്ങുന്നത്. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് ചീഫ് എക്‌സിക്യൂട്ടീവ് പ്രഫസര്‍ ഇയന്‍ കമിംഗ് ആണ് ഇക്കാര്യം ബ്രിട്ടീഷ് പാര്‍ലമെന്റിന്റെ ഹൗസ് ഓഫ് കോമണ്‍സില്‍ വെളിപ്പെടുത്തിയത്.

ഇന്ത്യയില്‍ നിന്ന് ഉള്ള നഴ്‌സുമാരെ യുകെയില്‍ എത്തിച്ച് ഗ്ലോബല്‍ ലേണേഴ്‌സ് പ്രോഗ്രാമിന്റെ പൈലറ്റ് സ്‌കീം നടപ്പിലാക്കി തുടങ്ങിയതായി പ്രഫസര്‍ കമിംഗ് പറഞ്ഞിരുന്നു. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടും അപ്പോളോ മെഡിസ്‌കില്‍സ് ഇന്‍ഡ്യയുമാണ് ഇതിലെ പങ്കാളികള്‍. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ടും ഇന്ത്യയിലെ അപ്പോളോ ഹോസ്പിറ്റല്‍ മാനേജ്‌മെന്റുകളുമായി ഇതിനുള്ള മെമ്മോറാണ്ടം ഓഫ് അണ്ടര്‍സ്റ്റാന്‍ഡിംഗ് ഒപ്പു വച്ചിട്ടുണ്ട്. എന്‍ എം സി നിഷ്‌കര്‍ഷിച്ചിട്ടുള്ള ഇംഗ്ലീഷ് പരിജ്ഞാനവും വിദ്യാഭ്യാസ യോഗ്യതയും ഉളളവര്‍ക്ക് മാത്രമേ ഇതു പ്രകാരം യുകെയില്‍ പ്ലേസ്‌മെന്റ് ലഭിക്കുകയുള്ളൂ. പദ്ധതിയുടെ ആദ്യ ഘട്ടത്തില്‍ 500 നഴ്‌സുമാരാണ് എത്തിച്ചേരുന്നത്. യുകെയിലെ നഴ്‌സിംഗ് സ്റ്റാഫ് ഷോര്‍ട്ടേജിനെ കുറിച്ച് എം.പിമാര്‍ ഉന്നയിച്ച ചോദ്യങ്ങള്‍ക്ക് നല്കിയ മറുപടിയില്‍ ഇപ്പോള്‍ നടപ്പാക്കുന്നത് നഴ്‌സസ് റിക്രൂട്ട്‌മെന്റ് അല്ല എന്ന് ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് അസന്നിഗ്ദമായി വ്യക്തമാക്കിയിരുന്നു.

ഇതൊരു റിക്രൂട്ട്‌മെന്റ് പ്രോഗ്രാം അല്ല. നഴ്‌സുമാര്‍ ഇവിടെ വന്ന് പഠിച്ച് ഇന്ത്യയിലേക്ക് തന്നെ മടങ്ങും. അവര്‍ ഇവിടെ സേവനം ചെയ്യുമ്പോള്‍ എന്‍എച്ച്എസിന് അതിന്റെ പ്രയോജനം ലഭിക്കും. കൂടുതല്‍ അനുഭവസമ്പത്തുള്ള സ്‌കില്‍ഡ് നഴ്‌സ് ആയി അവര്‍ മടങ്ങും. യുകെയിലെയും ഇന്ത്യയിലെയും ആരോഗ്യ രംഗത്ത് കെയര്‍ ക്വാളിറ്റി കൂട്ടുന്നതിന് ഇതു സഹായകമാകും. ഹെല്‍ത്ത് എഡ്യൂക്കേഷന്‍ ഇംഗ്ലണ്ട് പറഞ്ഞു.

യുകെയിലുള്ള നഴ്‌സിംഗ് ഗ്രാജ് വേറ്റുകള്‍ പ്രഫഷന്‍ ഉപേക്ഷിക്കുന്നതു മൂലവും യൂറോപ്യന്‍ യൂണിയനില്‍ നിന്നുള്ള നഴ്‌സുമാരുടെ വരവ് കുറഞ്ഞതു കാരണവും സ്റ്റാഫ് ഷോര്‍ട്ടേജ് കാരണം എന്‍ എച്ച് എസ് വന്‍ പ്രതിസന്ധി നേരിടുകയാണ്. തത്ക്കാലിക പരിഹാരമെന്ന നിലയിലാണ് ഓവര്‍സീസ് നഴ്‌സുമാരെ തത്കാലികാടിസ്ഥാനത്തില്‍ കൊണ്ടു വരാന്‍ ശ്രമം നടക്കുന്നത്.