യുകെയ്ക്കും തെരേസ മേയ് ഗവണ്‍മെന്റിനും നിര്‍ണ്ണായകമായ ബ്രെക്‌സിറ്റ് ബില്‍ ഇന്ന് കോമണ്‍സില്‍ വോട്ടിനിടും. ടോറികളില്‍ ഒരു വിഭാഗവും സഖ്യകക്ഷിയായ ഡിയുപിയും പ്രതിപക്ഷം ഒന്നടങ്കവും എതിര്‍ക്കുന്ന ബില്‍ കോമണ്‍സ് താണ്ടില്ല എന്ന് ഉറപ്പാണ്. ലോര്‍ഡ്‌സ് ഇന്നലെത്തന്നെ ബില്‍ വോട്ടിനിട്ട് തള്ളിയിരുന്നു. എന്നാല്‍ ബില്‍ പരാജയപ്പെട്ടാല്‍ ജെറമി കോര്‍ബിന്‍ ഒരു അവിശ്വസ പ്രമേയം മുന്നോട്ടു വെക്കുമോ എന്നാണ് നിരീക്ഷകര്‍ ഉറ്റുനോക്കുന്നത്. ഒരു പൊതുതെരഞ്ഞെടുപ്പാണ് ലേബര്‍ ലക്ഷ്യം വെക്കുന്നതെന്നാണ് സൂചന. ആഴ്ചകളായി തുടരുന്ന കുഴഞ്ഞുമറിഞ്ഞ ബ്രെക്‌സിറ്റ് ചര്‍ച്ചകള്‍ക്കിടയില്‍ അവിശ്വാസ പ്രമേയത്തിന് സാധ്യതയുണ്ടെന്ന അഭ്യൂഹങ്ങള്‍ ഉയര്‍ന്നിരുന്നു. പ്രമേയം അവതരിപ്പിക്കണമെന്നാണ് സ്‌കോട്ടിഷ് നാഷണല്‍ പാര്‍ട്ടി ആവശ്യപ്പെടുന്നത്.

ടോറികള്‍ക്കിടയിലും തെരേസ മേയുടെ നേതൃത്വത്തിനെതിരെ അവിശ്വാസ നീക്കമുണ്ടായിരുന്നു. ഗവണ്‍മെന്റിനെതിരെ അവിശ്വാസ പ്രമേയം വരണമെന്ന അഭിപ്രായക്കാരാണ് ഇവരും. എന്നാല്‍ മുഖ്യ പ്രതിപക്ഷ നേതാവെന്ന നിലയില്‍ ജെറമി കോര്‍ബിന് മാത്രമേ ഇത് അവതരിപ്പിക്കാനാകൂ. മേയുടെ പ്രധാനമന്ത്രി പദവിക്കും ഗവണ്‍മെന്റിന്റെ നിലനില്‍പ്പിനു പോലും അവിശ്വാസ പ്രമേയം ഭീഷണിയാകും. 14 ദിവസത്തിനുള്ള സഭയില്‍ വിശ്വാസം തെളിയിക്കാനായില്ലെങ്കില്‍ അത് ഒരു പൊതുതെരഞ്ഞെടുപ്പിലേക്കായിരിക്കും നയിക്കുക.

2011ലെ ഫിക്‌സ്ഡ് ടേം പാര്‍ലമെന്റ് ആക്ട് അനുസരിച്ച് ഗവണ്‍മെന്റുകള്‍ക്ക് തെരഞ്ഞെടുപ്പുകള്‍ ഇടക്കിടെ പ്രഖ്യാപിക്കാന്‍ കഴിയില്ല. അഞ്ചു വര്‍ഷ കാലാവധിക്കിടെ തെരഞ്ഞെടുപ്പ് നടക്കണമെങ്കില്‍ മൂന്നില്‍ രണ്ട് എംപിമാര്‍ അതിന് അനുകൂലമായി വോട്ട് ചെയ്യണം. അല്ലെങ്കില്‍ കോമണ്‍സില്‍ ഒരു അവിശ്വാസ പ്രമേയം പാസാകണം. കോമണ്‍സ് റൂള്‍ ബുക്ക് അനുസരിച്ച് അവിശ്വാസ പ്രമേയം ചര്‍ച്ച ചെയ്യാനുള്ള സമയം ഗവണ്‍മെന്റിന് ലഭിക്കും. അവിശ്വാസ പ്രമേയം പാസായാല്‍ 14 ദിവസത്തിനുള്ളില്‍ തെരഞ്ഞെടുപ്പ് പ്രഖ്യാപിക്കും. 1979ലാണ് അവസാനമായി ബ്രിട്ടനില്‍ ഒരു അവിശ്വാസ പ്രമേയം പാസായത്. ജിം കാലഗാന്റെ നേതൃത്വത്തിലുള്ള ലേബര്‍ സര്‍ക്കാര്‍ 310നെതിരെ 311 വോട്ടുകള്‍ക്കാണ് പരാജയപ്പെട്ടത്. പിന്നാലെ നടന്ന തെരഞ്ഞെടുപ്പില്‍ കണ്‍സര്‍വേറ്റീവ് പാര്‍ട്ടി അധികാരത്തിലെത്തി.