കൊച്ചി: വോട്ടിംഗ് മെഷീന്‍ തകരാറിലായതിനെ തുടര്‍ന്ന് വോട്ട് ചെയ്യാനെത്തിയ കര്‍ദ്ദിനാള്‍ മാര്‍ ജോര്‍ജ് ആലഞ്ചേരി വോട്ട് ചെയ്യാതെ മടങ്ങി. കൊച്ചിയിലെ എറണാകുളം മാർക്കറ്റ് റോഡിലുള്ള സെന്‍റ് മേരീസ് സ്കൂളിൽ ആണ് അദ്ദേഹം വോട്ട് ചെയ്യാനെത്തിയത്. ഒരു മണിക്കൂറോളം ബൂത്തില്‍ കാത്തുനിന്നതിന് ശേഷവും യന്ത്രത്തകരാര്‍ പരിഹരിക്കാനാകാത്തതിനെ തുടര്‍ന്നാണ് അദ്ദേഹം മടങ്ങിയത്. ബൂത്തിലേക്ക് പുതിയ മെഷീൻ എത്തിച്ച് തകരാര്‍ പരിഹരിക്കാന്‍ ശ്രമം തുടരുന്നുണ്ടെങ്കിലും വോട്ടിംഗ് ആരംഭിച്ചിട്ടില്ല. ഫാദര്‍ പോള്‍ തേലേക്കാടും ആലഞ്ചേരിക്കൊപ്പമുണ്ടായിരുന്നു.
വിവിധ ബൂത്തുകളില്‍ വോട്ട് ചെയ്യാന്‍ പ്രമുഖരും എത്തി . ആദ്യത്തെ ഒരു മണിക്കൂറില്‍ തന്നെ പ്രമുഖ നടന്‍ മോഹലാല്‍, നടനും സിപിഎം സ്ഥാനാര്‍ത്ഥിയുമായ ഇന്നസെന്റും പോളിംഗ് ബൂത്തില്‍ എത്തി. വോട്ട് രേഖപ്പെടുത്താനായി ഇരു താരങ്ങളും ക്യൂവില്‍ കാത്തുനിന്നു. തിരുവന്തപുരം മണ്ഡലത്തിലെ മുടവന്‍മുഗള്‍ ഗവണ്‍മെന്റ് എല്‍പി സ്‌കൂളിലാണ് മോഹന്‍ലാല്‍ വോട്ട് രേഖപ്പെടുത്താനെത്തിയത്. തൃശ്ശൂര്‍ മണ്ഡലത്തിലാണ് ഇന്നസെന്റിന് വോട്ട്. ഭാര്യ ആലീസിനോടൊപ്പമാണ് അദ്ദേഹം വോട്ട് രേഖപ്പെടുത്താനെത്തിയത്. എറണാകുളം, കൊല്ലം മണ്ഡലങ്ങളിലെ യുഡിഎഫ് സ്ഥാനാര്‍ത്ഥികളായ ഹൈബി ഈടന്‍, പ്രേമചന്ദ്രന്‍ എന്നിവരും നേരത്തേ തന്നെ പോളിംഗ് ബൂത്തിലെത്തി.