തിരുവനന്തപുരം: പോലീസിനെതിരേ സിപിഎം സംസ്ഥാന സെക്രട്ടറിയേറ്റില്‍ വിമര്‍ശനവുമായി വിഎസ് അച്യുതാനന്ദന്‍. പൊലീസ് ഈ നിലയില്‍ പോയാല്‍ സര്‍ക്കാര്‍ കുഴപ്പത്തിലാകുമെന്നും സര്‍ക്കാര്‍ പൊലീസിനെ കയറൂരി വിടരുതെന്നും വിഎസ് പറഞ്ഞു. ഭരണമാറ്റം ജനങ്ങളെ ബോധ്യപ്പെടുത്തണമെന്നും വിഎസ് ആവശ്യപ്പെട്ടു. സംസ്ഥാനത്തെ ജയിലുകളില്‍ നിന്നും സര്‍ക്കാര്‍ ശിക്ഷ ഇളവ് നല്‍കാന്‍ തീരുമാനിച്ചവരില്‍ കൊടുംകുറ്റവാളികള്‍ ഉള്‍പ്പെട്ട സംഭവത്തിലും വിമര്‍ശനവുമായി വിഎസ് രംഗത്തെത്തിയിരുന്നു.
പൊലീസിനെ ഇടംവലം തിരിയാന്‍ അനുവദിക്കാതെ ഉപയോഗപ്പെടുത്തുന്ന ഭരണകൂടങ്ങളുണ്ട്. എന്നാല്‍ ഒരു ജനാധിപത്യ സംവിധാനത്തില്‍ സ്വതന്ത്ര്യമായും നീതിപൂര്‍വമായും പ്രവര്‍ത്തിക്കാനുളള സ്വാതന്ത്ര്യം പൊലീസിന് നല്‍കുന്നതാണ് ശരി. അതിനര്‍ത്ഥം അനിയന്ത്രിതമായ അധികാര പ്രയോഗത്തിന് പൊലീസിനെ കയറൂരി വിടണമെന്നല്ലെന്ന് മാതൃഭൂമി ആഴ്ചപ്പതിപ്പിന് നല്‍കിയ അഭിമുഖത്തില്‍ വിഎസ് തുറന്നടിച്ചിരുന്നു.

കേരളത്തില്‍ മുഖ്യമന്ത്രി തന്നെയാണ് ആഭ്യന്തരവകുപ്പും ഇപ്പോള്‍ കെകാര്യം ചെയ്യുന്നത്. അങ്ങനെ വേണമെന്ന് നിര്‍ബന്ധമില്ലെന്നും തന്റെ സര്‍ക്കാരിന്റെ കാലത്ത് അങ്ങനെയല്ലായിരുന്നെന്നും വിഎസ് പറഞ്ഞിരുന്നു. സ്ത്രീകള്‍ക്കുവേണ്ടി പ്രത്യേക വകുപ്പ് തന്നെ വേണമെന്ന് തീരുമാനിച്ച ഇടതുപക്ഷ ജനാധിപത്യമുന്നണി സര്‍ക്കാര്‍ അധികാരത്തിലുണ്ട് എന്നതുകൊണ്ട് മാത്രം അതിക്രമങ്ങള്‍ കുറയില്ല എന്നാണ് അടുത്തിടെ ഉണ്ടായ ചില സംഭവങ്ങള്‍ സൂചിപ്പിക്കുന്നതെന്നും വിഎസ് ഇതേ അഭിമുഖത്തില്‍ പറഞ്ഞിരുന്നു.