അഗസ്റ്റ വെസ്റ്റ്ലാൻഡ് ഹെലികോപ്റ്റർ ഇടപാടിലെ ഇടനിലക്കാരൻ ക്രിസ്റ്റ്യൻ മിഷേലിനെ സിബിഐ ഇന്ന് വിശദമായി ചോദ്യം ചെയ്തെക്കും. നിർണ്ണായക രേഖകൾ ഉൾപ്പെടെ മിഷേലിന്റെ കൈവശമുണ്ടെന്ന് സിബിഐ ഇന്നലെ കോടതിയെ അറിയിച്ചിരുന്നു. 5 ദിവസത്തെ കസ്റ്റഡി കാലവധിക്കുള്ളിൽ കഴിയുന്നത്ര വിവരങ്ങൾ ശേഖരിക്കാനാകും സിബിഐയുടെ ശ്രമം.. ഡയറക്ടറുടെ താത്കാലിക ചുമതലയുള്ള നാഗേശ്വരറവുവിന്റെ നേതൃത്വത്തിലാണ് നടപടിക്രമങ്ങൾ തുടരുന്നത്. രാവിലെയും വൈകീട്ടും ക്രിസ്റ്റ്യൻ മിഷേലിനെ കാണാൻ അഭിഭാഷകന് കോടതി അമതി നൽകിയിട്ടുണ്ട്

റഫാല്‍ ആരോപണങ്ങളുമായി ആക്രമണം തുടരുന്ന കോണ്‍ഗ്രസിനെ നേരിടാന്‍ നരേന്ദ്ര മോദിയുടെ ആയുധമാണ് അഗസ്റ്റ് വെസ്റ്റ്ലാന്‍ഡ് ഇടപാടിലെ മുഖ്യഇടനിലക്കാരാന്‍ ക്രിസ്റ്റ്യന്‍ മിഷേല്‍. അ‍ഞ്ച് ദിവസത്തെ സിബിഐ കസ്റ്റഡിയില്‍ മിഷേലിലൂടെ പുറത്തു വരുന്ന വിവരങ്ങള്‍ വരും ദിവസങ്ങളില്‍ ദേശീയ രാഷ്ട്രീയത്തില്‍ ഏറെ നിര്‍ണായകമാകും.

റഫാല്‍ യുദ്ധ വിമാനക്കരാറില്‍ അഴിമതി നടന്നുവെന്ന് ആരോപിച്ച് പ്രധാനമന്ത്രി നരേന്ദ്ര മോദിയെ തന്നെ പ്രതിക്കൂട്ടില്‍ നിര്‍ത്തി രാഷ്ട്രീയ നേട്ടം കൊയ്യാനുള്ള ഒരുക്കത്തിലായിരുന്നു കോണ്‍ഗ്രസ് ഇതുവരെ. ഒരു പരിധിവരെ ലക്ഷ്യം കണ്ടുവെന്നുതന്നെയാണ് കോണ്‍ഗ്രസിന്‍റെ വിലയിരുത്തല്‍. ഇതിനിടയിലാണ് ക്രിസ്റ്റ്യന്‍ മിഷേലിലൂടെ തിരിച്ചടി നല്‍കാന്‍ മോദിയും ബിജെപിയും ശ്രമിക്കുന്നത്. രണ്ടാം യുപിഎ സര്‍ക്കാരിനെ പിടിച്ചു കുലുക്കിയ അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിലെ പ്രതിയായ ബ്രിട്ടീഷ് ഇടനിലക്കാരന്‍ ക്രിസ്റ്റ്യന്‍ മിഷേലിനെ രാജ്യത്തെത്തിച്ചതിലൂടെ കോണ്‍ഗ്രസിനെ വരി‍‍ഞ്ഞുമുറുക്കാനാണ് നീക്കം.

കോണ്‍ഗ്രസിലെ ഒന്നാംനമ്പര്‍ കുടുംബത്തിലേയ്ക്ക് വിരല്‍ ചൂണ്ടുന്ന അഗസ്റ്റ വെസ്റ്റ്ലാന്‍ഡ് കേസിനെ ഇനി എങ്ങനെ നേരിടണമെന്നതാണ് കോണ്‍ഗ്രസിന് മുന്നിലുള്ള വെല്ലുവിളി. ക്രിസ്റ്റ്യന്‍ മിഷേലില്‍ നിന്നു പുറത്തു വരുന്ന വിവരങ്ങള്‍ കോണ്‍ഗ്രസിനെ പിടിച്ചുലക്കുമോ എന്നാണ് ഇനി അറിയേണ്ടത്. 3600 കോടി രൂപയുടെ ഇടപാടില്‍ നിരവധി കോണ്‍ഗ്രസ് നേതാക്കള്‍ക്കും ഉന്നത ഉദ്യോഗസ്ഥര്‍ക്കും വന്‍തുക കൈക്കൂലി നല്‍കിയിരുന്നതായി മിഷേലിന്‍റെ ഡയറിക്കുറിപ്പുകളില്‍ നിന്ന് കണ്ടെത്തിയിരുന്നു. അതേസമയം റഫാല്‍ ഇടപാടില്‍ അഴിമതി നടന്നുവെന്ന് സ്ഥാപിച്ചെടുക്കാന്‍ കഴിയുന്ന പ്രത്യക്ഷ തെളിവുകള്‍ ഒന്നുമില്ലാത്തത് ബിജെപിക്ക് സഹായകമാണ്.