ഫാ. ബിജു കുന്നയ്ക്കാട്ട്, പിആര്‍ഒ
വാല്‍സിംഹാം: ഇംഗ്ലണ്ടിലെ നസ്രേത്ത് എന്ന് അറിയപ്പെടുന്ന പുണ്യപുരാതനവും ചരിത്ര പ്രസിദ്ധവുമായ വാല്‍സിംഹാമിലേക്ക് ഈ വര്‍ഷം ജൂലൈ 16 ഞായറാഴ്ച ഗ്രേറ്റ് ബ്രിട്ടന്‍ രൂപതാ കുടുംബമൊന്നാകെ വന്നെത്തും. കഴിഞ്ഞ പത്ത് വര്‍ഷമായി ഈസ്റ്റ് ആംഗ്ലിയ രൂപതയിലെ ബഹു. വൈദികരും അല്‍മായ വിശ്വാസികളും പ്രധാന നേതൃത്വം നല്‍കി നടത്തിയിരുന്ന ഈ തീര്‍ത്ഥാടനം ഈ വര്‍ഷം മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പ്രധാന നേതൃത്വം നല്‍കി നടത്തുന്നു എന്ന പ്രത്യേകതയുമുണ്ട്.

എല്ലാ വര്‍ഷവും ആയിരങ്ങള്‍ പങ്കെടുക്കുന്ന വാല്‍സിംഹാം തീര്‍ത്ഥാടനം ഇത്തവണ മുതല്‍ ഗ്രേറ്റ് ബ്രിട്ടന്‍ രൂപത ഏറ്റെടുത്ത് നടത്തുന്നത് പരി. മാതാവിനോടുള്ള നന്ദി പ്രകാശനമായിക്കൂടിയാണ്. കഴിഞ്ഞ വര്‍ഷം ജൂലൈ മാസം 28-ാം തിയതിയാണ് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത പരി. പിതാവ് ഫ്രാന്‍സിസ് മാര്‍പാപ്പ പ്രഖ്യാപിച്ചതും രൂപതയുടെ ആദ്യ മെത്രാനായി മാര്‍ ജോസഫ് സ്രാമ്പിക്കലിനെ നിയമിച്ചതും.

1061ല്‍ വാല്‍സിംഹാമില്‍ കുലീനയായ ഒരു സ്ത്രീക്ക് പരി. മറിയം ദര്‍ശനം നല്‍കുകയും നസ്രത്തിലെ തിരുക്കുടുംബ ഭവനത്തിന്റെ മാതൃകയില്‍ ഒരു വീട് നിര്‍മിച്ച് ദൈവദൂതന്‍ നസ്രത്തിലെ ഭവനത്തില്‍ വെച്ച് നല്‍കിയ മഗംള വാര്‍ത്താ സംഭവത്തെ ആദരിക്കാന്‍ ആവശ്യപ്പെടുകയും ചെയ്തു. പരി.മാതാവിന്റെ നിര്‍ദേശമനുസരിച്ച് ഭവനം നിര്‍മിക്കുകയും സിംഹാസനസ്ഥയായ മറിയത്തിന്റെ മടിയില്‍ ഉണ്ണിയേശു ഇരിക്കുന്ന മാതൃകയില്‍ ഒരു ശില്‍പം നിര്‍മിക്കുകയും ചെയ്തു. അക്കാലം മുതല്‍ നോര്‍ത്തേണ്‍ യൂറോപ്പിലെ ഏറ്റവും വിഖ്യാതമായ മരിയന്‍ തീര്‍ത്ഥാടന കേന്ദ്രങ്ങളിലൊന്നാണ് വാല്‍സിംഹാം.

4

ഈ വര്‍ഷം ജൂലൈ 16-ാം തിയതി ഞായറാഴ്ച നടക്കുന്ന തീര്‍ത്ഥാടനത്തില്‍ ഫാ. സോജി ഓലിക്കലു സംഘവും നേതൃത്വം നല്‍കുന്ന മരിയന്‍ പ്രഭാഷണം, മാതാവിന് അടിമ വെയ്ക്കല്‍, ഭക്തിനിര്‍ഭരമായ പ്രദക്ഷിണം, മാര്‍ ജോസഫ് സ്രാമ്പിക്കല്‍ നേതൃത്വം നല്‍കുന്ന പൊന്തിഫിക്കല്‍ കുര്‍ബാന എന്നിവ ഉണ്ടായിരിക്കും. മാതൃഭക്തിയില്‍ ഏറെ മുമ്പില്‍ നില്‍ക്കുന്ന കേരളത്തിലെ സീറോ മലബാര്‍ വിശ്വാസികളും മറ്റ് ക്രൈസ്തവ സഭയിലെ അംഗങ്ങളും ഏറെ താല്‍പര്യത്തോടെയാണ് എല്ലാ വര്‍ഷവും ഈ തീര്‍ത്ഥാടനത്തില്‍ പങ്കെടുക്കുന്നത്.

കുറവിലങ്ങാട് മുത്തിയമ്മയും കൊരട്ടി മുത്തിയും വല്ലാര്‍പാടത്തമ്മയും പാറേല്‍ മാതാവുമൊക്കെയായി നിരവധി പേരുകളില്‍ കേരള ക്രൈസ്തവരുടെ മനസില്‍ പ്രത്യേക സ്ഥാനമുള്ള പരി. മറിയത്തിനെ ഇവിടെ വാല്‍സിംഹാം മാതാവായി വിശ്വാസികള്‍ നെഞ്ചിലേറ്റുന്നു. പരി.അമ്മയുടെ മക്കളും ഭക്തരുമായ എല്ലാ വിശ്വാസികളെയും ഈ വര്‍ഷത്തെ വാല്‍സിംഹാം തീര്‍ത്ഥാടനത്തിലേക്ക് ക്ഷണിച്ചുകൊണ്ടുള്ള രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ വീഡിയോയും പുറത്തിറങ്ങി

വീഡിയോ കാണാം