ഫാ. ബിജു ജോസഫ് കുന്നയ്ക്കാട്ട് പി.ആര്‍.ഒ

വാല്‍സിംഹാം: പ്രാര്‍ത്ഥനാ സ്തുതികളും മരിയ ഗീതങ്ങളും ഭക്തിസാന്ദ്രമാക്കിയ ആത്മീയ അന്തരീക്ഷത്തില്‍ വാല്‍സിംഹാം മാതാവിന്റെ തിരുനാള്‍ ഭക്തസഹസ്രങ്ങള്‍ക്ക് സ്വര്‍ഗ്ഗീയനുഭൂതിയായി. ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപതയുടെ നേതൃത്വത്തില്‍ നടന്ന ആദ്യ വാല്‍സിംഹാം തീര്‍ത്ഥാടനത്തില്‍ യു.കെയുടെ വിവിധ ഭാഗങ്ങളില്‍ നിന്ന് കോച്ചുകളിലും സ്വകാര്യ വാഹനങ്ങളിലുമായി ആയിരങ്ങളാണ് മാതൃസന്നിധിയിലേയ്ക്ക് ഒഴുകിയെത്തിയത്.

പരി. കന്യകാമറിയത്തിന്റെ പ്രത്യക്ഷീകരണം കൊണ്ടും സ്വര്‍ഗ്ഗീയ സാന്നിധ്യം കൊണ്ടും അനുഗ്രഹീതമായ വാല്‍സിംഹാം പ്രദേശം എല്ലാ ക്രൈസ്തവ വിശ്വാസികളുടെയും പുണ്യദേശമാണെന്ന് തീര്‍ത്ഥാടനത്തിനും ദിവ്യബലിക്കും മുഖ്യകാര്‍മ്മികനായിരുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ അഭിപ്രായപ്പെട്ടു. യു.കെയിലുള്ള സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ‘ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ രൂപത’ പ്രഖ്യാപിച്ച് പരി. ഫ്രാന്‍സിസ് മാര്‍പ്പാപ്പ ഔദ്യോഗിക പ്രഖ്യാപനം നടത്തിയതിന്റെ ഒന്നാം വാര്‍ഷികവും കര്‍മ്മല മാതാവിന്റെ തിരുനാളും ഒന്നിച്ചുവന്ന അപൂര്‍വ്വദിനം കൂടിയായിരുന്നു ഇന്നലെ പാപരഹാതിയും സ്വര്‍ഗ്ഗാരോപിതയുമായ പരി. മറിയം ദൈവത്തിന്റെ എല്ലാ നിര്‍ദ്ദേശങ്ങളോടും ‘ ആമേന്‍’ എന്നു പറയാന്‍ കാണിച്ച സന്മനസ്സാണ് അവളെ സ്വര്‍ഗ്ഗീയറാണിയായി ഉയര്‍ത്താന്‍ കാരണമെന്നും ദൈവഹിതത്തിന് ആമേന്‍ പറയാന്‍ മാതാവിനെപ്പോലെ നമുക്കും ആവണമെന്നും തിരുനാള്‍ സന്ദേശത്തില്‍ മാര്‍ സ്രാമ്പിക്കല്‍ ഓര്‍മ്മിപ്പിച്ചു. ബ്രിട്ടണില്‍ സീറോ മലബാര്‍ സഭ നല്‍കുന്ന ഉത്തമ വിശ്വാസസാക്ഷ്യത്തിനു നന്ദി പറയുന്നതായി തീര്‍ത്ഥാടകരെ അഭിസംബോധന ചെയ്ത് സംസാരിച്ച ഈസ്റ്റ് ആംഗ്ലിയ രൂപതാ ബിഷപ്പ് അലന്‍ ഹോപ്സും ഷ്റൈന്‍ റെക്ടറും പറഞ്ഞു.

ചൂടിന്റെ കാഠിന്യം കുറച്ച് മേഘത്തണലിന്റെ കുടയൊരുക്കി നല്ല കാലാവസ്ഥ നല്‍കി അനുഗ്രഹിച്ച് മാതാവിന്റെ മാധ്യസ്ഥം അറിഞ്ഞ് ദിനമാരംഭിച്ചത് രാവിലെ 9 മണിക്ക് തുടങ്ങിയ ജപമാല പ്രാര്‍ത്ഥനയോടെയായിരുന്നു. തുടര്‍ന്ന് റവ. ഫാ. സോജി ഓലിക്കലും റവ. ഫാ. അരുണ്‍ കലമറ്റവും മാതൃഭക്തിയുടെ പ്രാധാന്യത്തെക്കുറിച്ചും തീര്‍ത്ഥാടനങ്ങളുടെ പ്രസക്തിയെക്കുറിച്ചും പ്രഭാഷണങ്ങള്‍ നടത്തി. തുടര്‍ന്ന് വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപം വെഞ്ചരിച്ച് പ്രതിഷ്ഠിച്ച്് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യേക പ്രാര്‍ത്ഥനകള്‍ നടത്തി. മറിയം സ്വര്‍ഗ്ഗീയ രാജ്ഞിയാണെന്ന സഭയുടെ പ്രബോധനത്തിന്റെ പ്രകാശനമായി മെത്രാന്‍ മാതാവിന്റെ രൂപത്തില്‍ കിരീടധാരണവും നടത്തി. തുടര്‍ന്ന് നേര്‍ച്ച വെഞ്ചിരിപ്പും നടന്നു.

11.30 മുതല്‍ 1.30 വരെ അടിമ സമര്‍പ്പണത്തിനും വ്യക്തിപരമായ പ്രാര്‍ത്ഥനകള്‍ക്കും ഉച്ചഭക്ഷണത്തിനുമായി മാറ്റിവച്ചിരുന്നു. മിതമായ നിരക്കില്‍ സംഘാടക സമിതി ഒരുക്കിയിരുന്ന ഉച്ചഭക്ഷണം ഏറെപ്പേര്‍ക്ക് ആശ്വാസമായി. ഉച്ചകഴിഞ്ഞ് 1.30-ന് ആരംഭിച്ച പ്രസിദ്ധമായ ജപമാല പ്രദക്ഷിണത്തില്‍ പൊന്‍-വെള്ളി കുരിശുകള്‍, മുത്തുക്കുടകള്‍, കൊടികള്‍ തുടങ്ങിയവയോടുകൂടി വിശ്വാസികള്‍ ഭക്തിപൂര്‍വ്വം പങ്കുചേര്‍ന്നു. പ്രദക്ഷിണ സമാപനത്തില്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മുഖ്യകാര്‍മ്മികനായും 25-ല്‍ അധികം വൈദികര്‍ സഹകാര്‍ന്മികരായും പങ്കുചേര്‍ന്ന തിരുനാള്‍ ദിവ്യബലിയില്‍ എണ്ണായിരത്തിലധികം വിശ്വാസികള്‍ പ്രാര്‍ത്ഥനാപൂര്‍വ്വം പങ്കുചേര്‍ന്നു. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയോടും സഭാപ്രവര്‍ത്തനങ്ങളോടും വിശ്വാസികള്‍ കാണിക്കുന്ന ആത്മാര്‍ത്ഥതയ്ക്കും താല്‍പര്യത്തിനും നന്ദിപറയുന്നതായും യു.കെയിലെ സീറോ മലബാര്‍ കുടുംബങ്ങള്‍ മറ്റെല്ലാ ക്രൈസ്തവ കുടുംബങ്ങള്‍ക്കും വിശ്വാസകാര്യത്തില്‍ മാതൃകയാണെന്നും മാര്‍ സ്രാമ്പിക്കല്‍ കൂട്ടിച്ചേര്‍ത്തു.

ദിവ്യബലിയെത്തുടര്‍ന്ന് ഈ വര്‍ഷത്തെ തിരുനാളിന് നേതൃത്വം നല്‍കിയ റവ. ഫാ. ടെറിന്‍ മുല്ലക്കര, ഡസ്ബറി കമ്മ്യൂണിറ്റി അടുത്തവര്‍ഷത്തെ തിരുനാള്‍ ഏറ്റുനടത്തുന്ന കിംഗ്സ്ലിന്‍ കമ്മ്യൂണിറ്റി തുടങ്ങിയവര്‍ക്കായുള്ള പ്രത്യേക ആശീര്‍വാദ പ്രാര്‍ത്ഥന നടന്നു. റവ. ഫാ. ഫിലിപ്പ് പന്തമാക്കലിന്റെ നേതൃത്വത്തിലുള്ള കിംഗ്സ്ലിന്‍ കമ്മ്യൂണിറ്റിയിലെ അംഗങ്ങളായിരിക്കും അടുത്ത വര്‍ഷത്തെ തിരുനാളിന് ആതിഥ്യമരുളുന്നത്. തിരുനാള്‍ ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കര എല്ലാവര്‍ക്കും നന്ദി പ്രകാശിപ്പിച്ചു. രൂപതാ വികാരി ജനറല്‍ റവ. ഫാ. സജിമോന്‍ മലയില്‍ പുത്തന്‍പുരയിലും തിരുനാള്‍ ആശംസകള്‍ നേര്‍ന്ന് സംസാരിച്ചു. റവ. ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെ നേതൃത്വത്തില്‍ ഗാനങ്ങളാലപിച്ച ഗായകസംഘം ദിനത്തിന് സ്വര്‍ഗ്ഗീയനുഭൂതി സമ്മാനിച്ചു. തിരുനാളിന്റെ വിജയത്തിനുവേണ്ടി ഡസ്ബറി കമ്മ്യൂണിറ്റി കഴിഞ്ഞ ഒരു വര്‍ഷമായി നടത്തിവന്ന ഒരുക്കങ്ങളെയും ത്യാഗങ്ങളെയും മാര്‍ സ്രാമ്പിക്കല്‍ പ്രത്യേകം അഭിനന്ദിച്ചു.

സംഘാടക മികവിന്റെ മറ്റൊരു നേര്‍ക്കാഴ്ച കൂടിയായി വാല്‍സിംഹാം തിരുനാള്‍. രൂപതാധ്യക്ഷന്റെ നിര്‍ദ്ദേശങ്ങള്‍ക്കനുസരിച്ച് ജനറല്‍ കണ്‍വീനര്‍ റവ. ഫാ. ടെറിന്‍ മുല്ലക്കരയും ഡസ്ബറി കമ്മ്യൂണിറ്റിയും കമ്മിറ്റിയംഗങ്ങളും മാസങ്ങളായി നടത്തിവന്ന ഒരുക്കങ്ങളാണ് തിരുനാള്‍ അനുഗ്രഹപ്രദമാകുന്നത് പ്രധാന പശ്ചാത്തലമൊരുക്കിയത്. രൂപതയുടെ വിവിധ വി. കുര്‍ബാന സെന്ററുകളില്‍ നിന്ന് ബഹു. വൈദികരുടെയും കമ്മിറ്റിയംഗങ്ങളുടെയും നേതൃത്വത്തില്‍ വിശ്വാസികള്‍ പരി. അമ്മയുടെ സന്നിധിയിലേക്ക് ഒഴുകിയെത്തിയപ്പോള്‍ ജൂലൈ 16 അവിസ്മരണീയമായി മാറി. ഭക്ഷണ ക്രമീകരണങ്ങളും വാഹന പാര്‍ക്കിംഗുകളും കൂടുതല്‍ സൗകര്യപ്രദമാക്കിയത് തീര്‍ത്ഥാടകര്‍ക്ക് അനുഗ്രഹമായി. യു.കെയില്‍ പ്രവാസികളായി പാര്‍ക്കുന്ന എല്ലാവര്‍ക്കും എപ്പോഴും പരി. വാല്‍സിംഹാം മാതാവിന്റെ സംരക്ഷണം എപ്പോഴും ഉണ്ടാകട്ടെയെന്ന് മാര്‍ ജോസഫ് സ്രാമ്പിക്കല്‍ പ്രത്യാശ പ്രകടിപ്പിച്ചു.