വാല്‍സിംഹാം ജനസമുദ്രമായി: സീറോ മലബാര്‍ സഭയുടെ പ്രഥമ തീര്‍ത്ഥാടനത്തിനെത്തിയത് പതിനായിരത്തിൽപരം വിശ്വാസികൾ…

വാല്‍സിംഹാം ജനസമുദ്രമായി: സീറോ മലബാര്‍ സഭയുടെ പ്രഥമ തീര്‍ത്ഥാടനത്തിനെത്തിയത് പതിനായിരത്തിൽപരം വിശ്വാസികൾ…
July 16 20:28 2017 Print This Article

മലയാളം യു കെ ന്യൂസ് ടീം.

വാല്‍സിംഹാം: ഗ്രേറ്റ് ബ്രിട്ടണ്‍ സീറോ മലബാര്‍ സഭ രൂപീകൃതമായതിനു ശേഷം രൂപതയിലെ മുഴവന്‍ വിശ്വാസികളെയും പങ്കെടുപ്പിച്ച് കൊണ്ട് വാല്‍സിംഹാമിലേയ്ക്ക് നടത്തിയ പ്രഥമ മരിയന്‍ തീര്‍ത്ഥാടനം വിശ്വാസികളുടെ വര്‍ദ്ധിച്ച പങ്കാളിത്തം കൊണ്ടും ഭക്തിനിര്‍ഭരമായ തിരുക്കര്‍മ്മങ്ങള്‍ കൊണ്ടും ശ്രദ്ധേയമായി. യു കെയിലെ നാനാഭാഗത്തു നിന്നും എത്തിയ സീറോ മലബാര്‍ വിശ്വാസികളെ കൊണ്ട് നിറഞ്ഞ തിരുന്നാള്‍ ആഘോഷം ഒന്നാം വയസ്സിലേയ്ക്ക് കടക്കാന്‍ പോകുന്ന ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയ്ക്ക് പ്രചോതനമാകും. മുന്‍കൂട്ടി നിശ്ചയിച്ച തുപൊലെ രാവിലെ ഒമ്പത് മണിക്ക് തന്നെ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ ഫാ. സോജി ഓലിക്കലിന്റെ വചനപ്രഘോഷണത്തോടെ ആരംഭിച്ചു. തുടര്‍ന്ന് ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപതാദ്ധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കല്‍ വാല്‍സിംഹാം മാതാവിന്റെ തിരുസ്വരൂപം വെഞ്ചരിച്ച് കിരീടമണിയിച്ചു. അതിന് ശേഷം നടന്ന പ്രദക്ഷിണം പരസ്യമായ വിശ്വാസ പ്രഘോഷണത്തിന് തെളിവായി.

പതിനായിരത്തിപ്പരം വിശ്വാസികള്‍ പങ്കെടുത്ത പ്രദക്ഷിണത്തിന്റെ മുന്‍നിരയുണ്ടായിരുന്നവര്‍ മൈലുകള്‍ താണ്ടി തിരിച്ച് ദേവാലയത്തിലെത്തിയപ്പോഴും പ്രദക്ഷിണത്തിന്റെ പിന്‍നിരയിലുണ്ടായിരുന്നവര്‍ ദേവാലയത്തില്‍ നിന്നും പുറപ്പെട്ടിരുന്നില്ല. പ്രദക്ഷിണത്തിലെ വിശ്വാസ ബാഹുല്യം കാരണം വിശുദ്ധ കുര്‍ബാന നിശ്ചിത സമയത്ത് തുടങ്ങാന്‍ വൈകി. തുടര്‍ന്ന് നടന്ന വിശുദ്ധ കുര്‍ബാനയ്ക്ക് മുമ്പായി വാല്‍സിംഹാം ദേവാലയത്തിന്റെ റെക്ടര്‍ മോണ്‍. ജോണ്‍ ആര്‍മിറ്റേച്ച് സീറോ മലബാര്‍ രൂപതാധ്യക്ഷനെയും വിശ്വാസികളെയും വാല്‍സിംഹാമിലേയ്ക്ക് സ്വാഗതം ചെയ്തു.

മാര്‍ ജോസഫ് സ്രാമ്പിക്കല്‍ മോണ്‍. ജോണ്‍ ആര്‍മിറ്റേച്ച് സീറോ മലബാര്‍ വിശ്വാസികള്‍ക്കായി ചെയ്തു തന്ന സൗകര്യങ്ങളേയും സേവനങ്ങളേയും പ്രകീര്‍ത്തിക്കുകയും ഈസ്റ്റ് ആംഗ്ലിയ രൂപതാദ്ധ്യക്ഷന്‍ അഭിവന്ദ്യ ഡോ. അലന്‍ ഹൊപ്‌സിനെ സീറോ മലബാര്‍ സഭയുടെ തിരുന്നാള്‍ ആഘോഷങ്ങളിലേയ്ക്ക് സ്വാഗതം ചെയ്തു. മറുപടി പ്രസംഗത്തില്‍ ഡോ. അലന്‍ ഹോപ്‌സ് സീറോ മലബാര്‍ വിശ്വാസികള്‍ക്ക് വാല്‍സിംഹാമിലേയ്ക്ക് മലയാളത്തില്‍ ‘സ്വാഗതം’ ചെയ്തത് എല്ലാവരിലും കൗതുകമുണര്‍ത്തി.

തുടര്‍ന്ന് തീര്‍ത്ഥാടനത്തിന്റെ ഏറ്റവും പ്രധാന തിരുക്കര്‍മ്മമായ വിശുദ്ധ കുര്‍ബാന ആരംഭിച്ചു. രൂപതാധ്യക്ഷന്‍ മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യകാര്‍മ്മികത്വത്തില്‍ ആഘോഷമായ തിരുനാള്‍ കുര്‍ബാന നടന്നു. രൂപതയിലെ ഇരുപത്തഞ്ചില്‍പ്പരം വൈദീകര്‍ സഹകാര്‍മികരായി. അത്യന്തം ഭക്തിനിര്‍ഭരമായ ദിവ്യബലിയില്‍ പതിനായിരത്തോളം വിശ്വാസികള്‍ പങ്കെടുത്തു. ഒക്ടോബറില്‍ നടന്ന മെത്രാഭിഷേക ശുശ്രൂഷകള്‍ക്ക് ശേഷം ഇതാദ്യമായിട്ടാണ് ഇത്രയധികം വിശ്വാസികള്‍ ഒന്നിച്ചു കൂടുന്നത്. അതും ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ ഔദ്യോഗീക പ്രഖ്യാപനം പരിശുദ്ധ സിംഹാസനം നടത്തിയിട്ട് ഒരു വര്‍ഷം പൂര്‍ത്തിയായ ദിവസം തന്നെ ഇത്രയധികം ജനാവലി ഒന്നിച്ചു കൂടിയതും ശ്രദ്ധേയമായി.

അഭിവന്ദ്യ മാര്‍. ജോസഫ് സ്രാമ്പിക്കല്‍ തിരുന്നാള്‍ സന്ദേശം നല്‍കി. തിരുന്നാള്‍ സന്ദേശത്തില്‍ ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത എന്താണന്നും എന്തിനാണെന്നും ഉള്ളതിനുള്ള ഉത്തരമാണ് ഇന്നിവിടെ നടന്നതെന്നു ചൂണ്ടിക്കാട്ടി. രൂപതാദ്ധ്യക്ഷനും അഭിഷിക്തരും വിശ്വാസികളോട് ചേര്‍ന്ന് ദൈവത്തെ മഹത്വപ്പെടുത്താനും ആരാധിക്കാനുമായി ദൈവപരിപാലനയാലും കൃപയാലും കിട്ടിയ ഒരു വേദിയാണ് ഗ്രേറ്റ് ബ്രിട്ടണ്‍ രൂപത. പരിശുദ്ധ കന്യകാമറിയം മംഗള വാര്‍ത്ത സ്വീകരിച്ചതിന്റെ ഓര്‍മ്മ നിലനിര്‍ത്തുന്ന സ്ഥലമാണ് വാല്‍സിംഹാം. രുപതയുടെ ജന്മദിനം ആഘോഷിക്കുന്ന അവസരത്തില്‍ തന്നെ ഈ തീര്‍ത്ഥാടനം നടന്നത് അനുഗ്രഹ പ്രദമാണെന്ന് അഭിവന്ദ്യ പിതാവ് പറഞ്ഞു. മംഗള വാര്‍ത്തയുടെ സമയത്ത് പരിശുദ്ധ അമ്മ ദൈവഹിതത്തിന് ആമ്മേന്‍ പറഞ്ഞതുപോലെ നമ്മളും നമ്മുടെ ജീവിതത്തില്‍ ദൈവഹിതത്തിന് ആമ്മേന്‍ പറയേണ്ടതിന്റെ ആവശ്യകത മാര്‍ സ്രാമ്പിക്കല്‍ എടുത്തു പറഞ്ഞു. വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ഒരുക്കങ്ങള്‍ക്ക് നേതൃത്വം നല്‍കിയ റവ. ഫാ. ടെറിന്‍ മുള്ളക്കരയെയും ഷൂസ്ബറി രൂപതാ വിശ്വാസികളേയും മാര്‍ സ്രാമ്പിക്കല്‍ നന്ദിയോടെ അനുസ്മരിച്ചു.

വിശുദ്ധ കുര്‍ബാനയ്ക്ക് ശേഷം വാര്‍സിംഹാം തീര്‍ത്ഥനത്തിന്റെ കോര്‍ഡിനേറ്റര്‍ ഫാ. ടെറിന്‍ മുള്ളക്കര വാല്‍സിംഹാം തീര്‍ത്ഥാടനത്തോട് സഹകരിച്ച എല്ലാവര്‍ക്കും പ്രത്യേകിച്ച് ഷൂസ്ബറി രൂപതാദ്ധ്യക്ഷന്‍ ഡോ. അലന്‍ ഹോപ്പിനെ നന്ദിയോടെ സ്മരിച്ചു. ഡോ. അലന്‍ ഹൊപ് ബിഷപ്പ് ഓഫ് മൈഗ്രന്‍സ് ആണെന്ന് ഫാ. ടെറിന്‍ മുള്ളക്കര ഓര്‍മ്മിപ്പിച്ചു. മെത്രാഭിഷേക തിരുക്കര്‍മ്മങ്ങള്‍ക്ക് സംഗീതം നല്‍കിയതുള്‍പ്പെടെ നിരവധി തിരുക്കര്‍മ്മങ്ങള്‍ക്ക് സംഗീതം പൊഴിച്ച ഫാ. സെബാസ്റ്റ്യന്‍ ചാമക്കാലയുടെയും സംഘത്തിന്റെയും ഗാനങ്ങള്‍ തിരുന്നാള്‍ തിരുക്കര്‍മ്മങ്ങള്‍ കൂടുതല്‍ ഭക്തി സാന്ദ്രമായെന്ന് ഫാ. മുള്ളക്കര തന്റെ നന്ദി പ്രസംഗത്തില്‍ കൂട്ടിച്ചേര്‍ത്തു.
ആറു മണിയോട് കൂടി ഭക്തിനിര്‍ഭരമായ വാല്‍സിംഹാം തീര്‍ത്ഥാടനം സമാപിച്ചു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

view more articles

Related Articles