ഷിബു മാത്യൂ.
അമ്മേ മരിയേ വാല്‍സിംഹാമിലെ മാതാവേ…..
ലില്ലിപ്പൂക്കള്‍ കൈകളിലേന്തും കന്യകയേ….

ജൂലൈ പതിനാറ്. ‘വാല്‍സിംഹാം തീര്‍ത്ഥാടനം’. മരിയ ഭക്തിയില്‍ വാല്‍സിംഹാം നിറഞ്ഞ ദിവസം. ഗ്രേറ്റ് ബ്രിട്ടന്‍ സീറോ മലബാര്‍ രൂപത രൂപീകൃതമായതിന് ശേഷം രൂപതയിലെ വിശ്വാസികള്‍ നടത്തിയ ആദ്യ തീര്‍ത്ഥാടനമാണ് വാല്‍സിംഹാമില്‍ നടന്നത്. അതും, രൂപതയുടെ ഒന്നാം വയസ്സില്‍ തന്നെ. രൂപതാധ്യക്ഷനും വൈദീകരുമുള്‍പ്പെടെ പതിനായിരത്തില്‍പ്പരം വിശ്വാസികളാണ് വാല്‍സിംഹാമിലെ ദേവാലയ തിരുമുറ്റത്തെത്തിയത്. വാല്‍സിംഹാമിലെ മാതാവിന്റെ സാന്നിധ്യം അനുഭവിക്കാന്‍ മാസങ്ങളായി ആത്മീയമായിട്ടൊരുങ്ങുകയായിരുന്നു ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ മലയാളി ക്രൈസ്തവര്‍.

അമ്മേ കന്യകയേ.. അമലോത്ഭവയേ..
ഇംഗ്ലണ്ടിന്‍ നസ്രത്താം വാല്‍സിംഹാമിന്‍ മാതാവേ… എന്നു തുടങ്ങുന്ന പരിശുദ്ധ അമ്മയുടെ സ്‌നേഹം തുളുമ്പുന്ന ഹൃദയസ്പര്‍ശിയായ ഗാനം വാല്‍സിംഹാം തീര്‍ത്ഥാടനത്തിനെ ഭക്തിനിര്‍ഭരമാക്കി. പരിശുദ്ധ അമ്മയുടെ സഹായം അപേക്ഷിച്ചു കൊണ്ടുള്ള ഈ ഗാനമായിരുന്നു തീര്‍ത്ഥാടന ദിവസം മുഴുവന്‍ വാല്‍സിംഹാമില്‍ മുഴങ്ങിക്കേട്ടത്. തീര്‍ത്ഥാടനം കഴിഞ്ഞ് ആഴ്ചകള്‍ പിന്നിട്ടിട്ടും
സീറോ മലബാര്‍ വിശ്വാസികളുടെ ഹൃദയത്തില്‍ ഇപ്പോഴും ഈ ഗാനം മുഴങ്ങുന്നു.

ഗ്രേറ്റ് ബ്രിട്ടന്‍ രൂപതയുടെ പ്രഥമ തീര്‍ത്ഥാടനം മലയാളം യുകെ നേരിട്ട് റിപ്പോര്‍ട്ട് ചെയ്തിരുന്നു. യുകെയുടെ വിവിധ ഭാഗത്തു നിന്നുമെത്തിയ
ആയിരക്കണക്കിന് ക്രൈസ്തവ വിശ്വാസികള്‍ രാവിലെ മുതല്‍ വൈകുന്നേരം വരെ ഒരേ ഗാനം പാടി പ്രാര്‍ത്ഥിക്കുന്നതു കാണുകയും, കേള്‍ക്കുന്തോറും പിന്നെയും കേള്‍ക്കാന്‍ തോന്നുമെന്ന് വിശ്വാസികളുടെ ചുണ്ടില്‍ നിന്ന് നേരിട്ട് കേട്ടതും ഞങ്ങളില്‍ ആകാംഷയുണര്‍ത്തി. ഈ ഗാനത്തിന്റെ ഉറവിടം തേടിയ ഞങ്ങള്‍ ചെന്നെത്തിയത് ഗാന രചയിതാവിന്റെയടുത്തു.തന്നെ.

ഇത് ഷൈജ ഷാജി. ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയുടെ വാല്‍സിംഹാം തീര്‍ത്ഥാടനം അത്യധികം ഭക്തിനിര്‍ഭരവും ഹൃദയസ്പര്‍ശിയുമാക്കിയ ഗാനത്തിന്റെ ഉടമ. നോര്‍വിച്ചില്‍ താമസിക്കുന്ന ഷൈജ ഷാജി നോര്‍ഫൊക് ആന്റ് നോര്‍വിച്ച് യൂണിവേഴ്‌സിറ്റി ഹോസ്പിറ്റലില്‍ സ്റ്റാഫ് നെഴ്‌സാണ്. തികഞ്ഞ മരിയഭക്തയായ ഷൈജയുടെ ജന്മദേശം കേരളത്തില്‍ ഇടുക്കി ജില്ലയിലെ വാഴത്തോപ്പിലാണ്. ഭര്‍ത്താവ് ഷാജി തോമസ്സും ജോയല്‍ ജൂവല്‍ ജൊവാന ജോഷ്വാ എന്നിവര്‍ മക്കളുമാണ്. വാഴത്തോപ്പില്‍ വേങ്ങച്ചുവട്ടില്‍ ജോയി മേരി ദമ്പതികളുടെ നാല് മക്കളില്‍ രണ്ടാമത്തേതായ ഷൈജയ്ക്ക് സ്‌കൂള്‍ കോളേജ് കാലഘട്ടങ്ങളില്‍ യുവജനോത്സവങ്ങളില്‍ പങ്കെടുത്തതും ഇടവക ദേവാലയത്തില്‍ വിശുദ്ധ കുര്‍ബാനകളില്‍ പാടിയതുമൊഴിച്ചാല്‍ സംഗീതവുമായി കാര്യമായ ബന്ധമൊന്നുമില്ല. ഷൈജയയുടെ മമ്മി പള്ളിയില്‍ പാടുമായിരുന്നു. അതായിരുന്നു ആകെയുള്ള പ്രചോദനം.

കഴിഞ്ഞ പതിമൂന്ന് വഷമായി നോര്‍വിച്ചില്‍ താമസിക്കുന്ന ഷൈജ രണ്ടായിരത്തിപ്പതിനാലിലാണ് ഗാനങ്ങള്‍ എഴുതി തുടങ്ങിയത്. അമല മനോഹരിയമ്മേ… എന്നു തുടങ്ങുന്ന ഗാനത്തോടൊപ്പം സ്വന്തമായി രചന നിര്‍വ്വഹിച്ച മറ്റു പതിനൊന്നു ഗാനങ്ങളുമായി ‘വിളി കേള്‍ക്കുന്ന ദൈവം’ എന്ന CD യാണ് ആദ്യം പുറത്തിറങ്ങിയത്. സ്വന്തമായി രചനയും നിര്‍മ്മാണവും നടത്തിയ CD ഫാ. ഷാജന്‍ തേര്‍മഠത്തിന്റെ സഹായത്തോടെ ജോയി ചെറുവത്തൂര്‍ സംഗീതം നല്‍കിയത്.
ജി. വേണുഗോപാലും ദളിമയുമുള്‍പ്പെടെ നിരവധി പ്രമുഖ ഗായകരോടൊപ്പം ഷാജി തോമസിന്റെ മൂത്ത സഹോദരന്റെ മകള്‍ റോണിയും പാടിയ CD ധ്യാനകേന്ദ്രങ്ങളിലും പള്ളികളിലും സൗജന്യമായി നല്‍കുകയായിരുന്നു. അത് വിറ്റു കിട്ടുന്ന പണം പാവങ്ങളെ സഹായിക്കാനുപയോഗിക്കണം എന്ന ഒരു നിര്‍ദ്ദേശം മാത്രമേ ഷൈജയ്ക്ക് ഉണ്ടായിരുന്നുള്ളൂ. ഇതിനെല്ലാം പ്രോത്സാഹനം തന്നത് ഭര്‍ത്താവ് ഷാജി തോമസ്സാണെന്ന് ഷൈജ പറയുന്നു.

വാല്‍സിംഹാമിലെ പാട്ടെഴുതിയതിനെക്കുറിച്ച് ഞങ്ങള്‍ ചോദിച്ചപ്പോള്‍…

വാല്‍സിംഹാമിലെ തിരുന്നാള്‍ ഇത്തവണ നടത്തിയത് സഡ്ബറിക്കാരാണ്. തിരുന്നാളിന് മാതാവിന്റെ ഒരു പാട്ട് വെണമെന്ന് തിരുന്നാളിന്റെ പ്രധാന കോര്‍ഡിനേറ്ററായ റവ. ഫാ. ടെറിന്‍ മുള്ളക്കരയോട് സഡ്ബറിക്കാര്‍ ആവശ്യപ്പെട്ടതുപ്രകാരമാണ് ഈ പാട്ട് എഴുതാനുള്ള ഭാഗ്യം എന്റെ കൈയ്യില്‍ വന്നു പെട്ടത്. ടെറിനച്ചനാണ് പാട്ടെഴുതാന്‍ എന്നോട് പറഞ്ഞത്. വാല്‍സിംഹാമിലെ പരിശുദ്ധ അമ്മയുടെ ദേവാലയത്തില്‍ മിക്കവാറും ഞങ്ങള്‍ കുടുംബസമേതം പോകാറുണ്ടായിരുന്നു. ഒരിക്കല്‍ അവിടെ ചെന്നപ്പോള്‍ പ്രധാന ദേവാലയത്തില്‍ പോയി കൊന്തചെല്ലി പ്രാര്‍ത്ഥിച്ചു. അതു കഴിഞ്ഞ് സ്ലിപ്പര്‍ ചാപ്പലില്‍ പോയി കുറെ സമയം മാതാവിന്റെ മുഖത്തേയ്ക്ക് വെറുതെ നോക്കിയിരുന്നു. അങ്ങനെയിരുന്ന സമയത്ത് എന്തോ ഒരു പ്രചോദനം ഉണ്ടായി. എഴുതണം എന്നൊരു തോന്നല്‍. തീര്‍ത്ഥാടനത്തിന് വരുന്നവര്‍ക്കായി പ്രാര്‍ത്ഥനാ സഹായമെഴുതാന്‍ വെച്ചിരുന്ന പേപ്പറും പേനയുമാണ് പെട്ടന്ന് കൈയ്യില്‍ കിട്ടിയത്. മാതാവിന്റെ മുഖത്തേയ്ക്ക് നോക്കിയിരുന്ന് ആദ്യ വരികള്‍ കുറിച്ചു.
അമ്മേ കന്യകയേ… അമലോത്ഭവയേ…
മാക്‌സിമം പത്ത് മിനിറ്റ് മാത്രമേ ഈ പാട്ടെഴുതാന്‍ എടുത്തുള്ളൂ. പാട്ട് എഴുതണമെന്ന് ആഗ്രഹം ഉണ്ടായിരുന്നെങ്കിലും എഴുതാന്‍ വേണ്ടി പോയതല്ലായിരുന്നു അവിടെ. പരിശുദ്ധ അമ്മ എന്നില്‍ പ്രവര്‍ത്തിച്ചു എന്നു ഞാന്‍ ഉറച്ചു വിശ്വസിക്കുന്നു. ഈ ഗാനം ഇത്ര മനോഹരമായത് എന്റെ മാത്രം പരിശ്രമമല്ല. ഫാ. ടെറിന്‍ മുള്ളക്കരയില്ലായിരുന്നെങ്കില്‍ ഇങ്ങനെയൊരു ഗാനം ഉണ്ടാകുമായിരുന്നില്ല. കൂടാതെ ഈ ഗാനത്തിന് സംഗീതം പകര്‍ന്നത് സെഹിയോന്‍ ധ്യാനകേന്ദ്രത്തില്‍ സ്വര്‍ഗ്ഗീയ സംഗീതം പൊഴിക്കുന്ന സോണി ജോണിയാണ്. ക്രിസ്തീയ ഭക്തിഗാനങ്ങളുടെ അമരക്കാരനായ വില്‍സണ്‍ പിറവത്തിന്റെ സ്വരവുംകൂടി ചേര്‍ന്നപ്പോള്‍ നിങ്ങള്‍ പറഞ്ഞതുപോലെ തന്നെ ഈ ഗാനം അതിമനോഹരമായി. ജോഷി തോട്ടക്കരയാണ് ഓര്‍ക്കസ്ട്രാ ചെയ്തത്. ഷൈജ പറഞ്ഞു.

അഭിവന്ദ്യ പിതാവ് മാര്‍ ജോസഫ് സ്രാമ്പിക്കലിന്റെ മുഖ്യ കാര്‍മ്മികത്വത്തില്‍ നടന്ന സമൂഹബലിയില്‍ ഫാ. സെബാസ്റ്റ്യന്‍ ചാമക്കാല നേതൃത്വം കൊടുത്ത ഗായക സംഘത്തിലും ഷൈജ പാടിയിരുന്നു. തീര്‍ത്ഥാടനം നടന്ന ദിവസം രാവിലെ മുതല്‍ വൈകുന്നേരം വരെ വാല്‍സിംഹാമില്‍ മുഴങ്ങിക്കേട്ടത് ഷൈജയുടെ ഗാനമായിരുന്നു. കിലോമീറ്ററുകള്‍ നീളമുണ്ടായിരുന്ന തിരുന്നാള്‍ പ്രദക്ഷിണത്തിലും പതിനായിരത്തില്‍പ്പരം വിശ്വാസികള്‍ പാടി പ്രാര്‍ത്ഥിച്ചതും ഷൈജയുടെ വിരല്‍ത്തുമ്പില്‍ വിരിഞ്ഞ വരികള്‍ തന്നെ.

വാല്‍സിംഹാം തീര്‍ത്ഥാടനത്തിന് ആഴ്ചകള്‍ക്ക് മുമ്പേ ഈ ഗാനം ഗ്രേറ്റ് ബ്രിട്ടണ്‍ രൂപതയിലെ എല്ലാ വിശ്വാസികളുടെയും അടുത്തെത്തിയിരുന്നു. നോര്‍വിച്ചിലുള്ള റെജി മാണി ഈ പാട്ടിന്റെ വീഡിയോ നിര്‍മ്മിച്ച് സോഷ്യല്‍ മീഡിയയിലെത്തിച്ചു. അതു കൊണ്ട് യു കെയിലെ വിവിധ ഭാഗങ്ങളില്‍ നിന്നും വാല്‍സിംഹാമിലേയ്ക്കുള്ള യാത്രയില്‍ വിശ്വാസികള്‍ പാടി പ്രാര്‍ത്ഥിച്ചതും ഈ ഗാനമാണ്.

പരിശുദ്ധ അമ്മയുടെ സഹായം തേടുന്ന ഈ ഗാനം ലോകം മുഴുവനും അറിയപ്പെടും എന്നതില്‍ തര്‍ക്കമില്ല. ഷൈജ ഷാജിയോട് ഞങ്ങള്‍, മലയാളം യുകെ പറഞ്ഞതും അങ്ങനെ തന്നെ.
ഭക്തിനിര്‍ഭരമായ ഗാനം കേള്‍ക്കാന്‍ താഴെ കാണുന്ന ലിങ്കില്‍ ക്ലിക് ചെയ്യുക

[ot-video][/ot-video]