പന്തിൽ ‍കൃതിമം കാട്ടിയ സംഭവത്തിനു പിന്നിലെ പ്രധാനിയെന്ന് ആരോപിക്കപ്പെടുന്ന ഡേവിഡ് വാർണര്‍ക്കെതിരെയും ഓസീസ് ടീം ക്യാംപിലും പ്രതിഷേധം കത്തിയതായി റിപ്പോര്‍ട്ടുകള്‍. ടീം താമസിക്കുന്ന ഹോട്ടലില്‍ വെച്ച് ഡേവിഡ് വാര്‍ണറും ചില താരങ്ങളും കയ്യാങ്കളി നടന്നതായി രാജ്യാന്തര മാധ്യമങ്ങൾ റിപ്പോർട്ട് ചെയ്തു. ഫോക്സ് സ്പോർട്സ് ഓസ്ട്രേലിയയുടെ റിപ്പോർട്ട് അനുസരിച്ച് കേപ്ടൗണിലെ ടീം ബാറിൽ നിന്ന് മദ്യപിച്ച ശേഷം സഹതാരങ്ങളുമായി വാക്കുതർക്കത്തിൽ ഏർപ്പെടുകയായിരുന്നു. കയ്യാങ്കളിയുടെ വക്കിൽ എത്തിയതോടെയാണ് താരത്തോട് ഹോട്ടൽ വിട്ടു പുറത്തു പോകുവാൻ സഹതാരങ്ങൾ ആവശ്യപ്പെട്ടത്. വിവാദത്തിൽ തന്നെ മാത്രം വേട്ടയാടുന്നതിൽ വാർണർ അസ്വസ്ഥനായിരുന്നുവെന്നും സഹതാരങ്ങളോട് ക്ഷുഭിതനായാണ് പെരുമാറിയതെന്നും ഫോക്സ് സ്പോർട്സ് റിപ്പോർട്ട് ചെയ്തു. ഈ റിപ്പോർട്ട് അനുസരിച്ച് വാർണർ തന്നെയാണ് വാട്സ്ആപ്പ് ഗ്രൂപ്പിൽ നിന്ന് സ്വയം പുറത്തു പോയത്.
കയ്യാങ്കളി ഒഴിവാക്കാൻ വാർണറെ ടീം ഹോട്ടലിൽ നിന്ന് പുറത്താക്കണമെന്ന് ഇന്നലെ തന്നെ താരങ്ങൾ ടീം മാനേജ്മെന്റിനോട് ആവശ്യപ്പെട്ടിരുന്നു. പന്തിൽ കൃതിമം കാട്ടാനുളള തീരുമാനത്തെ കുറിച്ച് അറിവില്ലാതിരുന്ന ജൂനിയർ താരങ്ങളാണ് വാർണർക്കെതിരെ തിരിഞ്ഞത്. ടീമംഗങ്ങളുടെ വാട്സ് ആപ്പ് ഗ്രൂപ്പിൽ നിന്ന് വാർണറെ പുറത്താക്കിയെന്നും വാർത്തകള്‍ പുറത്തുവന്നതിന് പിന്നാലെയാണ് കയ്യാങ്കളി വിവരം പുറത്തുവന്നത്. ടീം ഹോട്ടലിൽ ഒറ്റയ്ക്കിരുന്ന വാർണറുടെ ചിത്രം സമൂഹമാധ്യമങ്ങളിൽ വൈറലായിരുന്നു.

എന്തൊരു തലയെടുപ്പമുളള താരമായിരുന്നു ഡേവിഡ് വാർണർ..! . ഏത് പ്രതിസന്ധി ഘട്ടത്തിലും നെഞ്ചുറപ്പോടെ തലയുയുർത്തി ക്രിസിൽ നിൽക്കുന്ന വാർണര്‍ക്കെതിരെ പന്തെറിയാൻ ഏത് ബൗളറും ഒന്ന് മടിക്കും. ആതമവിശ്വാസത്തിന്റെ അവസാന വാക്കായിരുന്നു ആ മനുഷ്യന്‍. ഒടുവില്‍ വാര്‍ണറും അയാൾ തലതാഴ്ത്തി മടങ്ങിരിക്കുന്നു. ക്രിക്കറ്റ് ഓസ്ട്രേലിയയും ക്രിക്കറ്റ് ആരാധകരുടെയും നെഞ്ചില്‍ ‍ചവിട്ടിയാണ് പടിയിറക്കം. പന്തുചുരുണ്ടൽ വിവാദത്തിന്റെ സൂത്രധാരൻ വാർണറാണെന്നായിരുന്നു വാർത്തകൾ. ക്രിക്കറ്റ് ഓസ്ട്രേലിയയുടെ അന്വേഷണ റിപ്പോർട്ട് വാർണർ കുറ്റക്കാരനാണെന്ന് ഉറപ്പിച്ചു. പന്ത് ചുരണ്ടിയതില്‍ ക്യാപ്റ്റനടക്കം മൂന്നുപേര്‍ക്ക് മാത്രം പങ്കെന്നായിരുന്നു അന്വേഷണ റിപ്പോർട്ടിലെ കണ്ടെത്തൽ. ക്യാപ്റ്റന്‍ സ്റ്റീവ് സ്മിത്ത്, വാര്‍ണര്‍, ബാന്‍ക്രോഫ്റ്റ് എന്നിവര്‍ക്കെതിരെയാണ് റിപ്പോര്‍ട്ട്. പങ്കുണ്ടെന്ന് തെളിഞ്ഞ മൂന്ന് താരങ്ങളെയും ഓസ്ട്രേലിയയ്ക്ക് തരിച്ചയക്കാൻ മാനേജ്മെന്റ് തീരുമാനിക്കുകയും ചെയ്തു.

പന്തുചുരണ്ടൽ വിവാദത്തെത്തുടർന്ന് ഓസ്ട്രേലിയൻ താരം ഡേവിഡ് വാർണർ സണ്‍റൈസേഴ്സ് നായകസ്ഥാനം ഒഴിഞ്ഞു. നേരത്തെ ഓസ്ട്രേലിയൻ വൈസ് ക്യാപ്റ്റൻ സ്ഥാനത്തു നിന്നും രാജിവച്ചിരുന്നു. പന്തുചുരണ്ടലിൽ ഉൾപ്പെട്ട മൂന്നു പേര്‍ക്കുമെതിരെ എന്ത് നടപടി സ്വീകരിക്കുമെന്ന് ക്രിക്കറ്റ് ഓസ്ട്രേലിയ അല്‍പസമയത്തിനകം പ്രഖ്യാപിക്കും.
നാണം കെട്ട പന്തു ചുരണ്ടൽ; ഓസ്ട്രേലിയ വിവാദത്തിൽപ്പെട്ടതിങ്ങനെ
ക്രിക്കറ്റ് ലോകത്തെ തന്നെ പിടിച്ചുലച്ച വാർത്തയാണ് ഓസ്ട്രേലിയ– ദക്ഷിണാഫ്രിക്ക മൂന്നാം ക്രിക്കറ്റ് ടെസ്റ്റിനിടെ ഉയർന്ന പന്ത് ചുരണ്ടല്‍ വിവാദം. മുതിർന്ന താരങ്ങളായ ക്യാപ്റ്റൻ സറ്റീവ് സ്മിത്തും. ഓപ്പണിങ്ങ് ബാറ്റ്സ്മാൻ കാമറൂൺ ബാൻക്രോഫ്റ്റും ടീമിലുള്ളവരുടെ പിന്തുണയുണ്ടെന്ന് വെളിപ്പെടുത്തിയത് ആഘാതത്തിന്റെ ആക്കം കൂട്ടി.
121 റൺസെടുത്ത് ലീഡിൽ നിൽക്കുന്ന ദക്ഷിണാഫ്രിക്കയെ എങ്ങനെയും തകർക്കുക എന്നതായിരുന്നു ലക്ഷ്യം. ക്യാപ്റ്റനെന്ന നിലയിൽ സ്റ്റീവ് സ്മിത്തും അദ്ദേഹത്തിന്റെ ഭാഷയിൽ ടീമിലെ ‘ലീഡർഷിപ് ഗ്രൂപ്പും’ ചേർന്നാണ് കൃത്രിമം കാട്ടാമെന്ന് തീരുമാനിച്ചത്. ടീമിലെ മുതിർന്ന താരങ്ങൾ ഉൾപ്പെട്ട ‘ലീഡർഷിപ് ഗ്രൂപ്പ്’ എന്നല്ലാതെ ആരൊക്കെയാണ് അതിലെ അംഗങ്ങൾ എന്ന് സ്മിത്ത് വെളിപ്പെടുത്തിയില്ല. പന്തു ചുരണ്ടി റിവേഴ്സ് സ്വിങ് കണ്ടെത്താനായിരുന്നു ശ്രമം.
ഓസ്ട്രേലിയൻ ടീമിലെ അത്ര ശ്രദ്ധിക്കപ്പെടുന്ന താരമല്ലാത്ത കാമറൂൺ ബാൻക്രോഫ്റ്റിനെയാണ് സാൻഡ്പേപ്പറുപയോഗിച്ച് പന്തുചുരുണ്ടാനുള്ള ദൗത്യം ഏൽപ്പിച്ചത്. കാമറാക്കണ്ണുകൾ ബാൻക്രോഫ്റ്റിനെ ശ്രദ്ധിക്കില്ല എന്ന ചിന്തിയിലായിരുന്നു ഈ നീക്കം. പന്ത് കൈയിൽ കിട്ടിയപ്പോഴൊക്കെ ബാൻക്രോഫ്റ്റ് ചുരണ്ടൽ തകൃതിയാക്കി. പക്ഷെ പണിപാളിയത് അവിചാരിതമായാണ്. അസാധാരണമായ രീതിയിൽ ബാൻക്രോഫ്റ്റ് ‘എന്തോ’ ചെയ്യുന്നത് ശ്രദ്ധയിൽപ്പെട്ട ടിവി ക്യാമറാമാൻമാർ ഈ ദൃശ്യം മൊത്തം പകർത്തി. പിന്നീട് സ്റ്റേഡിയത്തിലെ വലിയ സ്ക്രീനിൽ ഇതു വ്യക്തമായി പ്രദർശിപ്പിച്ചു. പന്തു ചുരണ്ടാൻ ഉപയോഗിച്ച സാൻഡ് പേപ്പർ അടിവസ്ത്രത്തിനുള്ളിൽ ഒളിപ്പിക്കാൻ ശ്രമിക്കുന്ന ബാന്‍ക്രോഫ്റ്റും സ്ക്രീനിൽ തെളിഞ്ഞു. ബാൻക്രോഫ്റ്റ് പന്തു ചുരണ്ടുന്നതിന്റെ വിദൂര ദൃശ്യവും ക്ലോസ് അപ്പും സ്ക്രീനിൽ ആവർത്തിച്ചു പ്രത്യക്ഷപ്പെട്ടതോടെ സംഭവം അംപയർമാരും ശ്രദ്ധിച്ചു.