യോയോ ടെസ്റ്റ് പാസായില്ലെങ്കില്‍ വിടവാങ്ങൽ മത്സരം തരാം…അവർ പറഞ്ഞു, വികാരഭരിധനായി യുവി; പറയാന്‍ എനിക്ക് ഒരുപാടുണ്ട്, ലോകകപ്പ് നടക്കുന്നത് കൊണ്ട് വിവാദങ്ങൾക്കില്ല

യോയോ ടെസ്റ്റ് പാസായില്ലെങ്കില്‍ വിടവാങ്ങൽ മത്സരം തരാം…അവർ പറഞ്ഞു, വികാരഭരിധനായി യുവി; പറയാന്‍ എനിക്ക് ഒരുപാടുണ്ട്, ലോകകപ്പ് നടക്കുന്നത് കൊണ്ട് വിവാദങ്ങൾക്കില്ല
June 11 04:11 2019 Print This Article

തന്റെ അന്താരാഷ്ട്ര കരിയറിന് യുവരാജ് സിങ് തിരശ്ശീല ഇട്ടിരിക്കുകയാണ്. മുംബൈയില്‍ വിളിച്ചു ചേര്‍ത്ത പത്രസമ്മേളനത്തിലാണ് താരം താന്‍ പാഡഴിക്കുന്നുവെന്ന് അറിയിച്ചത്. കായിക ലോകം കണ്ട ഏറ്റവും ശക്തനായ പോരാളികളിലൊരാളാണ് യുവരാജ്. ക്യാന്‍സറിനെ അതിജീവിച്ച യുവിയുടെ ജീവിതം തന്നെ ഒരു പ്രചോദനമാണ്. തന്റെ വിരമിക്കലിലും തനിക്കുള്ളിലെ പോരാളിയെ അടയാളപ്പെടുത്തുകയാണ് യുവരാജ്.

ബിസിസിഐ തനിക്ക് വിടവാങ്ങല്‍ മത്സരം വാഗ്ദാനം ചെയ്തിരുന്നുവെന്നും എന്നാല്‍ താന്‍ നിരസിക്കുകയായിരുന്നുവെന്നുമാണ് യുവരാജിന്റെ വെളിപ്പെടുത്തല്‍. വിരമിക്കല്‍ പ്രഖ്യാപനത്തിനിടെയാണ് താരം മനസ് തുറന്നത്. 2017 ലായിരുന്നു യുവരാജ് അവസാനമായി ഇന്ത്യന്‍ ജഴ്‌സിയണിഞ്ഞത്.

”നിനക്ക് യോയോ ടെസ്റ്റ് പാസാകാന്‍ പറ്റിയില്ലെങ്കില്‍ ഒരു വിരമിക്കല്‍ മത്സരം തരാം എന്നവര്‍ പറഞ്ഞിരുന്നു” വികാരഭരിധനായിട്ടായിരുന്നു യുവി സംസാരിച്ചത്. സമകാലികനായിരുന്ന വീരേന്ദര്‍ സെവാഗ് തനിക്ക് വിടവാങ്ങല്‍ മത്സരം ലഭിക്കാതിരുന്നതിനെ കുറിച്ച് പറഞ്ഞിരുന്നു. ഇതിഹാസ താരങ്ങളായ വിവിഎസ് ലക്ഷ്മണിനും രാഹുല്‍ ദ്രാവിഡിനും വിടവാങ്ങല്‍ മത്സരമില്ലായിരുന്നു. എന്നാല്‍ തനിക്ക് വിടവാങ്ങാനായി ഒരു മത്സരം വേണ്ട എന്നതായിരുന്നു യുവിയുടെ നിലപാട്.

”എനിക്ക് അവസാന മത്സരം കളിക്കണമെന്ന് ഞാന്‍ ബിസിസിഐയോട് പറഞ്ഞില്ല. യോഗ്യനാണെങ്കില്‍ ഗ്രൗണ്ടില്‍ തന്നെ അവസാനിപ്പിക്കാമായിരുന്നു. എനിക്കൊരു അവസാന മത്സരത്തിനായി ഞാന്‍ ചോദിച്ചിട്ടില്ല. അങ്ങനെയല്ല ഞാന്‍ ക്രിക്കറ്റ് കളിച്ചത്. അതുകൊണ്ട് അന്ന് ഞാന്‍ പറഞ്ഞു, എനിക്കൊരു വിടവാങ്ങല്‍ മത്സരം വേണ്ട, യോയോ ടെസ്റ്റ് പാസായില്ലെങ്കില്‍ ഞാന്‍ മിണ്ടാതെ വീട്ടിലേക്ക് പോകാം. പക്ഷെ ഞാന്‍ ടെസ്റ്റ് പാസായി. പിന്നെ സംഭവിച്ചതൊന്നും എന്റെ തീരുമാനമായിരുന്നില്ല” താരം പറഞ്ഞു.

യോയോ ടെസ്റ്റുമായി ബന്ധപ്പെട്ട ചോദ്യങ്ങളില്‍ യുവി മറുപടി നല്‍കിയില്ല.

”ഇതിനെ കുറിച്ച് പറയാന്‍ എനിക്ക് ഒരുപാടുണ്ടാകും. പക്ഷെ ഇപ്പോള്‍ ഒന്നും പറയാത്തത് ലോകകപ്പ് നടക്കുന്നത് കൊണ്ടാണ്. താരങ്ങളെ കുറിച്ച് ഒരു വിവാദവും വേണ്ട. എന്റെ സമയം വരും. അപ്പോള്‍ സംസാരിക്കും. ലോകകപ്പിനിടെ വിരമിച്ചെന്ന് കരുതരുത്. ജീവിതത്തില്‍ മുന്നോട്ട് പോവുകയാണ് ലക്ഷ്യം” താരം കൂട്ടിച്ചേര്‍ത്തു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles