ഇതിലും മികച്ചൊരു ലോകകപ്പ് ക്രിക്കറ്റ് ഫൈനൽ ഇനിയുണ്ടാവുമോ? അവസാനപന്തുവരെ നാടകീയത നിറഞ്ഞുനിന്ന കളിയിലാണു ക്രിക്കറ്റിന്റെ തറവാട്ടുകാർ തറവാട്ടുമുറ്റത്തുതന്നെ ആദ്യമായി ലോകകപ്പ് ഉയർത്തിയത്. ഒടുവിൽ ക്രിക്കറ്റ്, അതിന്റെ ജൻമനാടിനോടു കാവ്യനീതി കാട്ടിയിരിക്കുന്നു. തുല്യശക്തികളുടെ പോരാട്ടത്തിൽ വഴിത്തിരിവായത് അവസാന ഓവറിൽ ബെൻ സ്റ്റോക്സിന്റെ ബാറ്റിൽ തട്ടി ബൗണ്ടറിയിലേക്കു പാഞ്ഞ മാർട്ടിൻ ഗപ്ടിലിന്റെ ആ ത്രോയാണ്.

സ്റ്റോക്സ് രണ്ടാം റൺ പൂർത്തിയാക്കുന്നതിനിടെ പാഞ്ഞുവന്ന ത്രോ, താരത്തിന്റെ ബാറ്റിൽ അബദ്ധത്തിൽ തട്ടി ഫോറാവുകയായിരുന്നു. ഒറ്റപ്പന്തിൽ ഇംഗ്ലണ്ടിന് 6 റൺസ്. സെമിയിൽ ഡയറക്ട് ത്രോയിൽ എം.എസ്.ധോണിയെ റണ്ണൗട്ടാക്കി കളി ന്യൂസീലൻഡിന്റെ കൈകളിലെത്തിച്ച ഗപ്ടിലിന്റെ ‘മോശമല്ലാത്ത ത്രോ’ ഫൈനലിൽ കിരീടം അവരിൽനിന്നു തട്ടിത്തെറിപ്പിച്ചു.