കല്‍പറ്റ: വയനാട് മീനങ്ങാടിക്കടുത്ത് പിതാവിനെയും മകളെയും തള്ളിയിട്ട് സ്വകാര്യ ബസ് നിര്‍ത്താതെ പോയതായി പരാതി. പിതാവിന്റെ കാലിലൂടെ ബസ്സിന്റെ പിന്‍ചക്രം കയറിയിറങ്ങി തുടയെല്ല് പൊട്ടി. ഗുരുതരമായി പരിക്കേറ്റ കാര്യമ്ബാടി സ്വദേശി ജോസഫ് കല്‍പറ്റയിലെ സ്വകാര്യ ആശുപത്രിയില്‍ ഗുരുതരാവസ്ഥയില്‍ ചികിത്സയിലാണ്. അപകടത്തില്‍ മകളുടെ കൈയ്ക്കും പരിക്കേറ്റിട്ടുണ്ട്.

ഇന്നലെ വൈകിട്ട് ബത്തേരിയില്‍ മീനങ്ങാടിക്കടുത്ത് വെച്ചാണ് സംഭവം. ബത്തേരിയില്‍ നിന്ന് അന്‍പത്തിനാലിലേക്ക് വരുന്ന വഴിയാണ് സംഭവം നടന്നത്. യാത്രക്കാര്‍ ഇറങ്ങുന്നതിന്റെ മുമ്ബ് ബസ് എടുത്തതാണ് അപകടത്തിന് കാരണം. ജോസഫിന്റെ മകള്‍ നീതു ഇറങ്ങാന്‍ നോക്കവെ ബസ് മുന്നോട്ട് എടുത്തതോടെ പെണ്‍കുട്ടി റോഡിലേക്ക് തെറിച്ച്‌ വീഴുകയായിരുന്നു. ബസ് നിര്‍ത്താതെ പോകുകയും യാത്രക്കാര്‍ ബഹളം വച്ചതിനെ തുടര്‍ന്ന് അല്‍പദൂരം മാറി ബസ് നിര്‍ത്തുകയും ചെയ്തു. സംഭവം ചോദിക്കാനായി ബസിലേക്ക് കയറിയ ജോസഫിനെ കണ്ടക്ടര്‍ പുറത്തേയ്ക്ക് തള്ളുകയായിരുന്നു.

റോഡിലേക്ക് വീണ ജോസഫിന്റെ കാലിലൂടെ ബസ് കയറിയിറങ്ങി. തുടയിലെ എട്ട് പൊട്ടി പുറത്തേക്ക് വന്നു. മുട്ടിന്റെ ചിരട്ട പൊടിഞ്ഞുപോകുകയും ചെയ്തു. കല്‍പ്പറ്റ-ബത്തേരി റൂട്ടില്‍ സര്‍വീസ് നടത്തുന്ന പരശുറാം എക്‌സ്പ്രസ് എന്ന ബസിലാണ് സംഭവം നടന്നത്. സംഭവത്തില്‍ ജോസഫിന്റെ മകള്‍ നീതു പോലീസില്‍ പരാതി നല്‍കി.

ബസ് ജീവനക്കാര്‍ക്കെതിരെ നടപടി. ഡ്രൈവറുടെയും കണ്ടക്ടറുടെയും ലൈസന്‍സ് സസ്പെന്‍‍‍‍ഡ് ചെയ്യും. ഡ്രൈവറും കണ്ടക്ടറും കുറ്റക്കാരെന്ന് മോട്ടോര്‍വാഹന വകുപ്പിന്റെ റിപ്പോര്‍ട്ടില്‍ കണ്ടെത്തി. നടപടിക്ക് ഗതാഗതമന്ത്രി ഗതാഗത കമ്മിഷണര്‍ക്ക് നിര്‍ദേശം നല്‍കി.

ആശുപത്രിയിലെത്തിച്ച ശേഷം ജീവനക്കാർ സംഭവം നിസാരവൽക്കരിച്ചെന്നും സ്ഥലം വിട്ടെന്നും മകൾ പറയുന്നു. തുടയെല്ലുകള്‍ തകര്‍ന്ന ജോസഫിന്റെ കാലിന് മൂന്ന് പൊട്ടലുകളുമുണ്ട്.കാലിന്റെ ചിരട്ട തകര്‍ന്ന നിലയിലുമാണ്.

പൊലീസ് ബസ് കണ്ടക്ടറുടെയും ഉടമയുടെയും മൊഴിയെടുത്തു. ജോസഫിനെ തള്ളിയിട്ടില്ല എന്നും വീഴുന്നത് കണ്ടില്ല എന്നുമാണ് ഉടമയുടെയും കണ്ടക്ടറുടെയും മറുപടി. മോട്ടോർ വാഹന വകുപ്പും തുടർനടപടികൾ എടുക്കും