ബ്രിട്ടനിലെ അന്തരീക്ഷ താപനിലയില്‍ ഗണ്യമായ വര്‍ദ്ധനവുണ്ടാകുമെന്ന് കാലാവസ്ഥ നിരീക്ഷകര്‍. സ്പ്രിംഗില്‍ രാജ്യത്തിന്റെ പല ഭാഗങ്ങളിലും റെക്കോര്‍ഡ് താപനിലയായിരിക്കും രേഖപ്പെടുത്തുകയെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പില്‍ പറയുന്നു. തെക്കന്‍ മേഖലയില്‍ നിന്നുള്ള ട്രോപ്പിക്കല്‍ എയര്‍ യുകെയുടെ അന്തരീക്ഷത്തിലെത്തുന്നതോടെ താപനില ഗണ്യമായി വര്‍ദ്ധിക്കും.ഹ്യൂമിഡിറ്റിയും അനുഭവപ്പെടാമെന്ന് നിരീക്ഷകര്‍ വ്യക്തമാക്കുന്നു. അന്തരീക്ഷ താപനില 25 ഡിഗ്രി സെല്‍ഷ്യസിലേക്ക് എത്തുന്നതോടെ ഈ വര്‍ഷത്തെ റെക്കോര്‍ഡ് വര്‍ദ്ധനവാണ് രേഖപ്പെടുത്തുക. നിലവില്‍ ഏറ്റവും ഉയര്‍ന്ന താപനില റിപ്പോര്‍ട്ട് ചെയ്തിരിക്കുന്നത് സതേണ്‍ ഇംഗ്ലണ്ടിലെ കെന്റിലാണ് 19.4 ഡിഗ്രി സെല്‍ഷ്യസ് രേഖപ്പെടുത്തിയത്. വൈകിയാരംഭിച്ച സ്പ്രിംഗില്‍ സമ്മറിന് സമാനമായ കാലാവസ്ഥയാണ് റിപ്പോര്‍ട്ട് ചെയ്യുന്നത്. സമീപകാലത്തെ ഏറ്റവും ചുടേറിയ ഏപ്രിലിനാണ് യുകെ സാക്ഷ്യം വഹിക്കാന്‍ പോകുന്നത്.

അതേസമയം സ്‌കോട്‌ലന്‍ഡില്‍ ശക്തമായി മഴക്കും വെള്ളപ്പൊക്കത്തിനും സാധ്യതയുണ്ടെന്ന് മെറ്റ് ഓഫീസ് മുന്നറിയിപ്പ് നല്‍കി. ഇവിടെങ്ങളില്‍ യെല്ലോ വാണിംഗ് പുറപ്പെടുവിച്ചിട്ടുണ്ട്. പുലര്‍ച്ചെ 2 മണി മുല്‍ രാവിലെ 11 മണിവരെ ശക്തമായ മഴ ലഭിച്ചേക്കുമെന്ന് മുന്നറിയിപ്പില്‍ പറയുന്നു. കൊടും ശൈത്യത്തിന് ശേഷം രാജ്യത്തെ കാലാവസ്ഥയില്‍ മാറ്റങ്ങളുണ്ടായികൊണ്ടിരിക്കുകയാണെന്നും. അധിക സമയം തെളിച്ചമുള്ള കാലവസ്ഥ ലഭിക്കുമെന്നും മെറ്റ് ഓഫീസ് നിരീക്ഷകന്‍ അലക്‌സ് ബര്‍ക്കില്‍ വ്യക്തമാക്കി. ബുധനാഴ്ച്ച രാജ്യത്തിന്റെ മിക്കയിടങ്ങളിലും തെളിച്ചമുള്ള കാലാവസ്ഥയായിരിക്കും. വരും ദിവസങ്ങളില്‍ താപനില 18 മുതല്‍ 25 ഡിഗ്രി സെല്‍ഷ്യസ് വരെ ഉയര്‍ന്നേക്കുമെന്നും കാലാവസ്ഥ നിരീക്ഷകര്‍ മുന്നറിയിപ്പ് നല്‍കിയിട്ടുണ്ട്. ചൂട് കൂടിയതോടു കൂടി ബീച്ചുകളിലും പാര്‍ക്കുകളിലും വെയില്‍ കായാനെത്തുന്ന ആളുകളുടെ എണ്ണം വര്‍ദ്ധിച്ചിട്ടുണ്ട്.

സമ്മറിലെ സഞ്ചാരികളുടെ പ്രധാന ഹോളിഡെ സ്‌പോട്ടുകളായ ഗ്രീസ്, ഇറ്റലി സ്‌പെയിന്‍ തുടങ്ങിയ രാജ്യങ്ങളെക്കാളും കൂടിയ താപനിലയാവും ബ്രിട്ടനില്‍ വരും ദിവസങ്ങളില്‍ അനുഭവപ്പെടാന്‍ പോകുന്നത്. ചിലപ്പോള്‍ താപനിലയിലെ വര്‍ദ്ധനവ് അമേരിക്കയിലെ കാലിഫോര്‍ണിയേക്കാളും കൂടുതാലാവാന്‍ സാധ്യതയുണ്ടെന്ന് നിരീക്ഷകര്‍ ചൂണ്ടികാണിക്കുന്നു. സമീപവര്‍ഷങ്ങളിലെ ഏറ്റവും ചൂടേറിയ ഏപ്രില്‍ മാസമായിരിക്കും ഈ വര്‍ഷത്തേത്. യുകെയിലെ പല ഭാഗങ്ങളിലും കൊടുംവേനലിന് സമാനമായ കാലാവസ്ഥയായിരിക്കും ലഭിക്കുക. സമീപകാലത്തെ ഏറ്റവും കടുപ്പമേറിയ വിന്ററിലൂടെയാണ് ബ്രിട്ടന്‍ കടന്നുപോയത്. അതിശക്തമായ ശീതക്കാറ്റും മഴയും മഞ്ഞുവീഴ്ച്ചയും മൂലം രാജ്യം വലഞ്ഞിരുന്നു. എന്നാല്‍ വൈകിയെത്തിയ സ്പ്രിംഗില്‍ കൂടുതല്‍ തെളിച്ചമുള്ള ദിവസങ്ങള്‍ ലഭിക്കുന്നത് ജനങ്ങളെ സന്തോഷത്തിലാക്കുന്നുണ്ട്.