ലണ്ടന്‍: യു.കെയില്‍ പ്രവര്‍ത്തനം തുടരുന്ന വെബ്‌സൈറ്റുകള്‍ക്ക് പുതിയ നിയന്ത്രണരേഖ വരുന്നു. ചൈല്‍ഡ് പോണ്‍, തീവ്രവാദം, ആത്മഹത്യ പ്രവണത വര്‍ധിപ്പിക്കുന്ന ഉള്ളടക്കമടങ്ങിയ വിവരങ്ങള്‍, ലൈംഗീക വൈകൃത്യങ്ങള്‍ തുടങ്ങി ഓണ്‍ലൈനിലൂടെ പ്രചരിപ്പിക്കുന്ന ഗുരുതര പ്രത്യാഘാതങ്ങള്‍ സൃഷ്ടിച്ചേക്കാവുന്ന വിവരങ്ങളുടെ(ഓഡിയോ, വീഡിയോ, എഴുത്തുകള്‍, ഗ്രാഫിക് കണ്ടന്‍ഡ്) കൈമാറ്റം, പ്രചാരണം എന്നിവ നിയന്ത്രിക്കുന്നതിന്റെ ഭാഗമാണ് നടപടി. ദി ഡിപാര്‍ട്ട്‌മെന്റ് ഫോര്‍ ഡിജിറ്റല്‍, കള്‍ച്ചര്‍, മീഡിയ ആന്റ് സ്‌പോര്‍ട്‌സാണ്(ഡി.സി.എം.എസ്) വെബ്‌സൈറ്റുകള്‍ക്ക് വേണ്ടി പുതിയ നയരേഖയുണ്ടാക്കണമെന്ന് ആവശ്യപ്പെട്ടിരിക്കുന്നത്. ഇതിനായി സ്വതന്ത്രതലത്തില്‍ പ്രവര്‍ത്തിക്കുന്ന വാച്ച്‌ഡോഗിനെ നിയമിക്കണമെന്നും ഡി.സി.എം.എസ് ആവശ്യപ്പെട്ടിട്ടുണ്ട്.

യൂസര്‍മാരും വെബ്ബ്സൈറ്റുകളും തമ്മിലുള്ള ആശയവിനിമിയം എന്‍ക്രിപ്ട് ചെയ്യാന്‍ അഥവാ രഹസ്യകോഡുകളാക്കി മാറ്റാന്‍ ഒട്ടേറെ സൈറ്റുകള്‍ ഉപയോഗിക്കുന്ന സങ്കേതമാണ് എസ്.എസ്.എല്‍. ക്രെഡിറ്റ്കാര്‍ഡ് നമ്പറുകള്‍ പോലുള്ള പ്രധാനപ്പെട്ട വിവരങ്ങള്‍ വെബ്ബിലൂടെ വിനിമയം ചെയ്യപ്പെടുമ്പോള്‍ സുരക്ഷിതത്വം ഉറപ്പാക്കാനാണ് ഇതുപയോഗിക്കുന്നത്. ഓരോ വെബ്ബ്സൈറ്റും എസ്.എസ്.എല്‍.സങ്കേതം എത്ര ഫലപ്രദമായി ഏര്‍പ്പെടുത്തിയിരിക്കുന്നുവെന്ന് ഇനിയും കൃത്യമായി ഓഡിറ്റ് ചെയ്യപ്പെട്ടിട്ടില്ല. വെബ്‌സൈറ്റുകളിലൂടെ യൂസര്‍ വിവരങ്ങള്‍ ചോര്‍ന്നാല്‍ അത് സുരക്ഷാ വീഴ്ച്ചയായിട്ടെ കാണാനാകൂ. പുതിയ നിയമം നിലവില്‍ വരുന്നതോടെ ഇത്തരം വീഴ്ച്ചകളുടെ പൂര്‍ണ ഉത്തരവാദിത്വം വെബ്‌സൈറ്റുകള്‍ക്കായി മാറും. അതുവഴി ഉപഭോക്താക്കള്‍ക്ക് കൂടുതല്‍ സുരക്ഷതത്വം ഉറപ്പുവരുത്താന്‍ അധികൃതര്‍ക്ക് കഴിയും.

സമാന രീതിയിലാണ് യൂസര്‍ സെര്‍ച്ചുകളുടെ അടിസ്ഥാനത്തില്‍ വിദ്വേഷപരമായ വിവരങ്ങള്‍ ഉപഭോക്താവിലെത്തുന്നത്. ഇവിടെയും സെര്‍ച്ച് കീ റെക്കോര്‍ഡ് ചെയ്യപ്പെടുന്നതാണ് കാരണം. എ.ടി.എം കാര്‍ഡുകളുടെ വിവരങ്ങള്‍ പോലെ തന്നെയാണ് നമ്മുടെ സെര്‍ച്ച് കീകളുടെ റിലേറ്റ്ഡ് വിവരങ്ങള്‍ ലഭിക്കുന്നത്. ഉദാഹരണത്തിന് ആത്മഹത്യയെക്കുറിച്ച് അന്വേഷിച്ചാല്‍ പിന്നീട് സമാന വിവരങ്ങള്‍ നമ്മുടെ സ്‌ക്രീനില്‍ സെര്‍ച്ച് ചെയ്യാതെ എത്തും. ഇത് കൂടാതെ എന്‍ക്രിപ്റ്റഡ് സെക്യൂരിറ്റി തലത്തില്‍ രഹസ്യമായി പ്രചരിക്കുന്ന ചില വിദ്വേഷപരമായ വിവരങ്ങളെയും തടയിടുന്നതിന് വെബ്‌സൈറ്റുകള്‍ ഉത്തരവാദിത്വം കാണിക്കണം. തീവ്രവാദം, ചൈല്‍ഡ് പോണ്‍, വിദ്വേഷ പ്രസംഗങ്ങള്‍, സൈബര്‍ ആക്രമണങ്ങള്‍, അധിക്ഷേപരമായ ട്രോളുകള്‍, വെറുപ്പ് പടര്‍ത്തുന്ന പോണ്‍ തുടങ്ങിയ കാര്യങ്ങളാണ് നിയന്ത്രിക്കപ്പെടേണ്ട ലിസ്റ്റില്‍ പ്രധാനപ്പെട്ടവ. ആത്മഹത്യാ പ്രവണതകള്‍ വര്‍ധിക്കുന്നതിനും കൃത്യമായ ഓണ്‍ലൈന്‍ സ്വാധീനങ്ങളുണ്ടെന്ന് നേരത്തെ കണ്ടെത്തിയിരുന്നു. ഇതിനും നിയന്ത്രണമേര്‍പ്പെടുത്താന്‍ വൈബ്‌സൈറ്റുകള്‍ക്ക് മേല്‍ സമ്മര്‍മേറും.