ഡോക്ടർ ചമഞ്ഞ് വിവാഹ തട്ടിപ്പ്; കൊല്ലം സ്വദേശിയായ സൈനികനെയും കുടുംബത്തെയും കബളിപ്പിച്ച് 20 ലക്ഷവുമായി മുങ്ങിയ യുവതിക്കായി തെരച്ചിൽ

ഡോക്ടർ ചമഞ്ഞ് വിവാഹ തട്ടിപ്പ്; കൊല്ലം സ്വദേശിയായ സൈനികനെയും കുടുംബത്തെയും കബളിപ്പിച്ച് 20 ലക്ഷവുമായി മുങ്ങിയ യുവതിക്കായി തെരച്ചിൽ
March 14 11:38 2019 Print This Article

ഡോക്ടർ ചമഞ്ഞ് വിവാഹ തട്ടിപ്പ് നടത്തി സൈനികനെ പറ്റിച്ച് കടന്നു കളഞ്ഞ യുവതിക്കായി തെരച്ചിൽ ശക്തമാക്കി പോലീസ്.അഞ്ചല്‍ കരവാളൂര്‍ സ്വദേശിനി റീനയ്‌ക്കെതിരെയാണ് കൊട്ടാരക്കര പൊലീസ് കേസെടുത്ത് അന്വേഷണം നടത്തുന്നത്. അതേസമയം ഇവര്‍ കേരളം വിട്ടിട്ടുണ്ടാകുമെന്നാണ് സൂചന. രണ്ടുതവണ വിവാഹം കഴിക്കുകയും രണ്ട് മക്കളുടെ അമ്മയുമായ റീന കോട്ടാത്തല മൂഴിക്കോട് സ്വദേശിയായ സൈനികനെയാണ് കബളിപ്പിച്ചത്. ബ്യൂട്ടീഷ്യൻ ആയിരുന്ന റീന ആദ്യ വിവാഹമെന്ന തരത്തിലായിരുന്നു സൈനികനുമായി അടുത്തത്.

ഡോ.അനാമിക എന്ന പേര് പറഞ്ഞാണ് ഇവര്‍ സൈനികനുമായി അടുപ്പമുണ്ടാക്കിയതും പിന്നീട് 2014ല്‍ വിവാഹത്തിലെത്തിയതും. അനാഥയാണെന്ന് പറഞ്ഞതിനാല്‍ കൂടുതല്‍ അന്വേഷണം നടത്താതെയായിരുന്നു വിവാഹം. വിവാഹം കഴിഞ്ഞ് ദിവസങ്ങള്‍ക്കകം റീന ചെന്നൈയിലേക്ക് പോയി. റെയില്‍വെയില്‍ ഡോക്ടറായി ജോലി ലഭിച്ചുവെന്നാണ് ഭര്‍തൃബന്ധുക്കളോട് പറഞ്ഞത്. ഇടയ്ക്ക് ഭര്‍തൃ ഗൃഹത്തിലെത്താറുമുണ്ട്.

കോട്ടാത്തലയിലെ വീടിന് മുന്നില്‍ ഡോ.അനാമിക പ്രദീപ്, ഗൈനക്കോളജിസ്റ്റ്, റെയില്‍വെ ഹോസ്പിറ്റല്‍, ചെന്നൈ എന്ന ബോര്‍ഡും വച്ചു. സ്റ്റെതസ്‌കോപ്പ് ഉള്‍പ്പെടെയുള്ള ഡോക്ടറുടെ ഉപകരണങ്ങളും ചില മരുന്നുകളും വീട്ടില്‍ സൂക്ഷിച്ചു. ഇടയ്ക്ക് രോഗികളുടെ പരിശോധനയും നടത്തിവന്നു.

വിവിധ ആവശ്യങ്ങള്‍ പറഞ്ഞ് 20 ലക്ഷം രൂപ പലപ്പോഴായി സൈനികനില്‍ നിന്ന് റീന കൈക്കലാക്കി. ചെക്ക് മുഖേനയും എ.ടി.എം ഉപയോഗിച്ചുമാണ് പണം എടുത്തത്. സൈനികന്റെ ഇളയച്ഛന്റെ മകന് റെയില്‍വേയില്‍ ജോലി വാങ്ങി നല്‍കാമെന്ന് റീന ഉറപ്പ് നല്‍കുകയും ഇതിന്റെ ആവശ്യത്തിനായി 30,000 രൂപ ഇളയച്ഛനില്‍ നിന്നും കൈപ്പറ്റുകയും ചെയ്തു.

റീനയുടെ ബാഗില്‍ നിന്നും ഭര്‍ത്താവിന്റെ സഹോദരിക്ക് ലഭിച്ച റെയില്‍വേ റിസര്‍വേഷന്‍ ടിക്കറ്റാണ് സംശയങ്ങള്‍ക്ക് ആക്കംകൂട്ടിയത്. ഇതില്‍ കരവാളൂരിലെ വിലാസവും റീന ശാമുവേല്‍ എന്നുമാണ് രേഖപ്പെടുത്തിയിരുന്നത്. ഇതിന്റെ ചുവടുപിടിച്ച് നടത്തിയ അന്വേഷണത്തിലാണ് അനാമികയെന്നത് വ്യാജ പേരാണെന്നും റീന ശാമുവലാണ് യഥാര്‍ത്ഥ പേരെന്നും ബോദ്ധ്യപ്പെട്ടത്.

രണ്ട് തവണ വിവാഹം ചെയ്തതാണ് റീനയെന്നും ഇതില്‍ രണ്ട് കുട്ടികളുണ്ടെന്ന സത്യവുമൊക്കെ സൈനികന്റെ ബന്ധുക്കള്‍ മനസ്സിലാക്കി. പിന്നീടാണ് കൊല്ലം റൂറല്‍ എസ്.പിയ്ക്ക് പരാതി നല്‍കിയത്. പൊലീസ് നടത്തിയ അന്വേഷണത്തില്‍ റെയില്‍വേയില്‍ ഇത്തരത്തില്‍ ഒരാള്‍ ജോലി ചെയ്തിട്ടില്ലെന്നും വ്യക്തമായി.

റീനയുടെ മെഡിക്കല്‍ ബിരുദം വ്യാജമാണെന്ന് ഇതിനകം അന്വേഷണ സംഘത്തിന് തെളിവ് ലഭിച്ചിട്ടുണ്ട്. പ്ലസ്ടുവും ബ്യൂട്ടീഷ്യന്‍ കോഴ്‌സുമാണ് ഇവരുടെ യോഗ്യതയെന്നാണ് കണ്ടെത്തിയത്. അനാഥയാണെന്ന് വിശ്വസിപ്പിച്ചുവെങ്കിലും ഇവര്‍ക്ക് കരവാളൂരില്‍ മാതാപിതാക്കള്‍ ജീവിച്ചിരിപ്പുണ്ട്. പതിനഞ്ചും പന്ത്രണ്ടും വയസ്സുള്ള രണ്ട് കുട്ടികളുണ്ടെന്നും വ്യക്തമായിട്ടുണ്ട്. വഞ്ചനാക്കുറ്റം, പണം തട്ടിപ്പ്, ആള്‍മാറാട്ടം തുടങ്ങി നിരവധി വകുപ്പുകള്‍ ചേര്‍ത്ത് കേസെടുത്തെന്നും ഇവരെ കണ്ടെത്താനുള്ള ഊര്‍ജ്ജിത ശ്രമത്തിലാണെന്നും പൊലീസ് പറയുന്നു.

  Categories:


വാര്‍ത്തകളോടു പ്രതികരിക്കുന്നവര്‍ അശ്ലീലവും അസഭ്യവും നിയമവിരുദ്ധവും അപകീര്‍ത്തികരവും സ്പര്‍ദ്ധ വളര്‍ത്തുന്നതുമായ പരാമര്‍ശങ്ങള്‍ ഒഴിവാക്കുക. വ്യക്തിപരമായ അധിക്ഷേപങ്ങള്‍ പാടില്ല. ഇത്തരം അഭിപ്രായങ്ങള്‍ സൈബര്‍ നിയമപ്രകാരം ശിക്ഷാര്‍ഹമാണ്. വായനക്കാരുടെ അഭിപ്രായങ്ങള്‍ വായനക്കാരുടേതു മാത്രമാണ്, മലയാളം യുകെയുടേതല്ല!

Comments
view more articles

Related Articles