ബേസില്‍ ജോസഫ്

ചേരുവകള്‍

മൈദാ – 500 ഗ്രാം
മുട്ട വെള്ള – 1 മുട്ടയുടെ
സോഡാപ്പൊടി – 1 നുള്ള്
ഓയില്‍ – 200 എംല്‍
ഉപ്പ്/വെള്ളം – ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

മൈദാ, മുട്ട വെള്ള, സോഡാപ്പൊടി, വെള്ളം, ഉപ്പു എല്ലാം കൂടി ചേര്‍ത്ത് ഏകദേശം 20 മിനിട്ട് നന്നായി കുഴയ്ക്കുക. നല്ല സോഫ്റ്റ് ആയിരിക്കണം അതാണ് പരുവം. ഈ മാവ് വലിയൊരു ഉരുളയാക്കി വെക്കുക. ഇതിന്റെ മുകളില്‍ നല്ല പോലെ എണ്ണ പുരട്ടിയിട്ട് ഒരു നനഞ്ഞ തുണി ഇട്ടു മൂടി ഏറ്റവും കുറഞ്ഞത് ഒരു മണിക്കൂര്‍ വെയ്ക്കുക. കൂടുതല്‍ സമയം വെച്ചാല്‍ പൊറോട്ട കൂടുതല്‍ സോഫ്റ്റ് ആയിക്കിട്ടും. ഒരുമണിക്കൂറിനു ശേഷം കയ്യില്‍ എണ്ണ പുരട്ടി ഈ മാവ് എടുത്തു ഏകദേശം ഒരു നാരങ്ങയുടെ വലുപ്പത്തില്‍ ഉരുട്ടുക. എന്നിട്ട് ഓരോന്നായി മാറ്റി വയ്ക്കുക.

ഇനി 20 മിനിട്ടു നേരം ഈ ബോള്‍സ് നനഞ്ഞ തുണി വെച്ച് മൂടി വെയ്ക്കുക. ഇരുപതു മിനിട്ടിനു ശേഷം ഒരു ടേബിളിലോ കിച്ചന്‍ സ്ലാബിലോ നല്ലത് പോലെ എണ്ണ പുരട്ടിയിട്ട് ഒരു ബോള്‍ അതില്‍ വെച്ച് കയ്യിലും എണ്ണാ പുരട്ടിയിട്ട് കൈ കൊണ്ട് ഒന്ന് പരത്തിയിട്ടു ഒരു സൈഡില്‍നിന്നും പൊക്കി വീശിയടിക്കണം. കൈയില്‍ നന്നായി ഓയില്‍ പുരട്ടി ഇടതു കൈ കൊണ്ട് എടുത്തു എന്നിട്ട് ടേബിള്‍/സ്ലാബിലേക്ക് അടിക്കുക. ഇടതു കൈ കൊണ്ട് മാവ് എടുത്തു വലതു കൈ കൊണ്ട് മാവിന്റെ മുകളില്‍ സപ്പോര്‍ട്ട്‌കൊടുത്തു വേണം അടിച്ചു നീട്ടാന്‍.

മാവ് അടിക്കുന്തോറും അതിന്റെ നീളം കൂടും. കട്ടി കുറഞ്ഞു വരികയും ചെയ്യും. ഇനി അടിച്ചു നീട്ടി കട്ടി കുറച്ച ഈ മാവ് ടേബിള്‍/സ്ലാബില്‍ വെച്ച് കൈ കൊണ്ട് കുറച്ചു കൂടി വശങ്ങളിലേക്ക് പരത്തി നീളം കൂട്ടുക. മുകളില്‍ എണ്ണ ഒഴിച്ച് കൊടുക്കുക. എന്നിട്ട് ഒരു സൈഡില്‍ നിന്നും നേരെ മടക്കുക. ഇനി മറ്റേ സൈഡില്‍ നിന്നും നേരെ മടക്കുക. അങ്ങനെ പ്ലീറ്റ്‌സ് ഉണ്ടാക്കുക. എന്നിട്ട് ഒരു അറ്റത്തു പിടിച്ചു വട്ടത്തില്‍ ചുറ്റുക. മാറ്റി വയ്ക്കുക. ബാക്കി ഉള്ള ബോള്‍സ് ഇതേ പോലെ ചെയ്യുക.ഇനി കയ്യുടെ ഉള്ളം ഭാഗം ഉപയോഗിച്ച് ചുറ്റി വെച്ചിരിക്കുന്നത് അമര്‍ത്തി നടുക്ക് പരത്തുക.

വീണ്ടും കയ്യില്‍ എണ്ണ പുരട്ടി ആണ് ഇത് പരത്തുന്നത്.ഇനി ഒരു തവ/ ഫ്രൈയിംഗ് പാന്‍ ചൂടാക്കി എണ്ണ തടവി ഈ പൊറോട്ട അതിലേക്ക് ഇട്ട് രണ്ടു വശവും മൊരിച്ച് എടുക്കുക. ഇതേ പോലെ നാലഞ്ച് എണ്ണം ചെയ്തു കഴിഞ്ഞു ആ ടേബിള്‍/സ്ലാബിലോട്ടു ഈ ചൂട് പൊറോട്ട ഒന്നിന് മുകളില്‍ ഒന്നായി അടുക്കി വെച്ചതിനു ശേഷം കയ്യ് ഉപയോഗിച്ച് രണ്ടു വശങ്ങളില്‍ നിന്നും അടിച്ചു സോഫ്റ്റ് ആക്കുക. നല്ല നാടന്‍ കേരള പൊറോട്ട റെഡി.

ഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക