ബേസില്‍ ജോസഫ്‌

സിംഗപ്പൂരിലെയും മലേഷ്യയിലെയും വളരെ പേര് കേട്ട ഒരു സീ ഫുഡ് ആണ് ഇന്ന് വീക്കെന്‍ഡ് കുക്കിംഗ് പരിചയപ്പെടുത്തുന്നത്. പേര് കേട്ടാല്‍ വളരെ സ്പൈസി ആയ ഒരു ഡിഷ് ആണെന്ന് തോന്നുമെങ്കിലും സിംഗപ്പൂരിയന്‍ ചില്ലി ക്രാബ് അത്രക്ക് സ്പൈസിയല്ല. ഒരു ഉന്തുവണ്ടി കച്ചവടത്തില്‍ നിന്നും ആണ് ചില്ലി ക്രാബ് ഉത്ഭവിച്ചത് എന്ന് ചരിത്രം പറയുന്നു. 1956 -ല്‍ ഷേര്‍യാന്‍ടിയാനും അവരുടെ ഭര്‍ത്താവ് ലിം ചൂനിയും കൂടി ചേര്‍ന്ന് കല്ലാങ് നദിയുടെ തീരത്തു കൂടി ഒരു ഉന്തുവണ്ടിയില്‍ ആവിയില്‍ വേവിച്ച വിവിധ തരത്തിലുള്ള സീഫുഡ് വിറ്റു നടന്നിരുന്നു. ലിം ചൂനി സഹധര്‍മ്മിണിയോട് വ്യത്യസ്തമായ എന്തെങ്കിലും പരീക്ഷിക്കാന്‍ ആവശ്യപ്പെട്ടു. ഷേര്‍യാന്‍ടിയാന്‍ ആദ്യമായി ടൊമാറ്റോ സോസ് കൊണ്ട് ഒരു ഗ്രേവിയുണ്ടാക്കി ക്രാബ് സ്റ്റിര്‍ ഫ്രൈയോടപ്പം ചേര്‍ത്ത് നോക്കി. എന്നാല്‍ അല്പം ചില്ലി കൂടി ചേര്‍ത്താല്‍ ഇതിലും കൂടുതല്‍ നന്നാവും എന്ന് മനസ്സിലാക്കി അങ്ങനെ പരീക്ഷിച്ചു. വളരെ പെട്ടെന്ന് തന്നെ ഈ സോസ് പ്രശസ്തമായി. ചുരുങ്ങിയ കാലയളവില്‍ തന്നെ അവര്‍ പാം ബീച്ച് എന്നപേരില്‍ അപ്പര്‍ ഈസ്റ്റ് കോസ്റ്റ് റോഡില്‍ ഒരു റെസ്റ്റോറന്റ് തുടങ്ങി. (ഇപ്പോള്‍ ഉള്ള ഈസ്റ്റ് കോസ്റ്റ് സീഫുഡ് സെന്ററിനരുകില്‍). സിംഗപ്പൂര്‍ ടൂറിസം ബോര്‍ഡ് ചില്ലി ക്രാബിനെ അവരുടെ ഒരു നാഷണല്‍ ഡിഷ് ആയി പ്രഖ്യാപിച്ചു പ്രചരിപ്പിച്ചു. ഇനി റെസിപ്പിയിലേക്ക് കടക്കാം

ചേരുവകള്‍

ഞണ്ട് – 1 എണ്ണം
സബോള – 2 എണ്ണം (നന്നായി ചോപ് ചെയ്തത്)
ചുവന്ന മുളക് – 8 എണ്ണം (നന്നായി ചോപ് ചെയ്തത്)
വെജിറ്റബിള്‍ ഓയില്‍ – 100 ml
ചെമ്മീന്‍ പേസ്റ്റ് – 2 ടീസ്പൂണ്‍
സോയാസോസ് (ലൈറ്റ് )2 ടീസ്പൂണ്‍
ഷുഗര്‍ – 50 ഗ്രാം
ടൊമാറ്റോ പ്യൂരീ -250 ml
ടൊമാറ്റോ പേസ്റ്റ് -1 ടേബിള്‍സ്പൂണ്‍
ടൊമാറ്റോ സോസ് -1 ടേബിള്‍സ്പൂണ്‍
വിനാഗിരി -2 ടീസ്പൂണ്‍
കോണ്‍ഫ്‌ളോര്‍ -1/4 ടേബിള്‍സ്പൂണ്‍ (100 ml വെള്ളത്തില്‍ കലക്കിയത് )
മുട്ട – 1 എണ്ണം
ഉപ്പ് -ആവശ്യത്തിന്
മല്ലിയില – ഗാര്‍ണിഷ് ചെയ്യാന്‍ ആവശ്യത്തിന്

പാചകം ചെയ്യുന്ന വിധം

ഞണ്ട് നന്നായി കഴുകി വൃത്തിയാക്കി നല്ല കട്ടിയുള്ള ഭാഗങ്ങളിലെ ഷെല്‍ ഉടച്ചു വയ്ക്കുക. കുക്ക് ചെയ്യുമ്പോള്‍ നന്നായി വേവാന്‍ വേണ്ടിയാണ് ഇങ്ങനെ ചെയ്യുന്നത്. ചോപ് ചെയ്ത് വച്ചിരിക്കുന്ന സബോളയും ചുവന്ന മുളകും ഒരു മിക്‌സിയിലിട്ടു നന്നായി അരച്ച് പേസ്റ്റ് ആക്കി എടുക്കുക. ഒരു വോക്കില്‍ (ചൈനീസ് കഡായിയ്ക്കാണ് വോക്ക് എന്ന് പറയുന്നത്.) അല്ലെങ്കില്‍ ചുവടു ഒരു കട്ടിയുള്ള ഒരു പാനില്‍ ഓയില്‍ ചെറുതീയില്‍ ചൂടാക്കി അരച്ച് വച്ചിരിക്കുന്ന പേസ്റ്റ് കുക്ക് ചെയ്യുക. പകുതി കുക്ക് ആയിക്കഴിയുമ്പോള്‍ കൂടെ ചെമ്മീന്‍ പേസ്റ്റും ചേര്‍ക്കുക. ഓയില്‍ നന്നായി വലിഞ്ഞു തുടങ്ങുമ്പോള്‍ ടൊമാറ്റോ പ്യൂരീ, ടൊമാറ്റോ പേസ്റ്റ്, ടൊമാറ്റോ സോസ്, സോയാസോസ് ഷുഗര്‍, വിനാഗിരി, ആവശ്യത്തിന് ഉപ്പ് എന്നിവ ചേര്‍ത്ത് നന്നായി മിക്‌സ് ചെയ്ത് തിളപ്പിക്കുക. സോസ് തിളച്ചു തുടങ്ങുമ്പോള്‍ വൃത്തിയാക്കി വച്ചിരിക്കുന്ന ഞണ്ട് ചേര്‍ത്ത് സോസ് കൊണ്ട് മൂടി കുക്ക് ചെയ്യുക. നന്നായി കുക്ക് ആയി കഴിയുമ്പോള്‍ ഞണ്ടിന്റെ ഷെല്ലിന് നല്ല ചുവന്ന നിറം വന്നു തുടങ്ങും. അപ്പോള്‍ വെള്ളത്തില്‍ കലക്കി വച്ചിരിക്കുന്ന കോണ്‍ഫ്‌ലോറും അടിച്ചു വച്ചിരിക്കുന്ന മുട്ടയും ചേര്‍ത്ത് ഇളക്കി മല്ലിയില കൊണ്ട് ഗാര്‍ണിഷ് ചെയ്ത് ചൂടോടെ സെര്‍വ് ചെയ്യുക.

basilഹോട്ടല്‍ മാനേജ്മെന്‍റ് ബിരുദധാരിയായ ബേസില്‍ ജോസഫ് ന്യൂ പോര്‍ട്ടിലാണ് താമസം. മലയാളം യുകെയില്‍ വീക്കെന്‍ഡ് കുക്കിംഗ് എന്ന പംക്തി തയ്യാറാക്കുന്നു. എല്ലാ ഞായറാഴ്ചകളിലും ആണ് വീക്കെന്‍ഡ് കുക്കിംഗ് പ്രസിദ്ധീകരിക്കുന്നത്.

ബേസില്‍ ജോസഫിന്‍റെ കൂടുതല്‍ പാചകക്കുറിപ്പുകള്‍ കാണാന്‍ ഇവിടെ ക്ലിക്ക് ചെയ്യുക