വെസ്റ്റിൻഡീസിന് എതിരായ ആദ്യ ടെസ്റ്റിൽ ഇന്ത്യയ്ക്ക് 318 റൺസ് ജയം. സ്കോർ– ഇന്ത്യ: 297, 7 വിക്കറ്റിന് 343 ഡിക്ല; വിൻഡീസ് 222,100. 5 വിക്കറ്റെടുത്ത ജസ്പ്രീത് ബുമ്രയാണ് ഇന്ത്യൻ ജയം വേഗത്തിലാക്കിയത്. സെഞ്ചുറി നേടിയ അജിൻക്യ രഹാനെ (102), ഹനുമ വിഹാരി (93) ക്യാപ്റ്റൻ വിരാട് കോലി (51) എന്നിവരാണ് രണ്ടാം ഇന്നിങ്സിൽ തിളങ്ങിയ ഇന്ത്യൻ ബാറ്റ്സ്മാൻമാർ.

നോർത്ത് സൗണ്ട്∙ ജസ്പ്രീത് ബുമ്രയുടെ മാരക ബോളിങ്ങിനു മുന്നിൽ തകർന്നടിഞ്ഞ വിൻഡീസിന് ഇന്ത്യയ്ക്കെതിരായ ആദ്യ ടെസ്റ്റിൽ വമ്പൻ തോൽവി. 8 ഓവറിൽ 7 റൺസ് മാത്രം വഴങ്ങി 5 വിക്കറ്റെടുത്ത ബുമ്രയ്ക്കു മുന്നിൽ ദിശാബോധം നഷ്ടമായ വിൻഡീസിന്റെ രണ്ടാം ഇന്നിങ്സ് വെറും 100 റൺസിന് അവസാനിച്ചു. ക്രെയ്ഗ് ബ്രാത്ത്‌വെയ്റ്റ് (1), ജോൺ കാംബെൽ (7) എന്നിവരെ പുറത്താക്കി ജയ്പ്രീത് ബുമ്ര ഏൽപ്പിച്ച ഇരട്ട പ്രഹരത്തിൽനിന്നു കരകയറാൻ വിൻഡീസിനു കഴിഞ്ഞില്ല.

പിന്നീട് ഡാരൻ ബ്രാവോ (2), ഷായ് ഹോപ് (2), ജെയ്സൻ ഹോൾഡർ (8) എന്നിവരെ ബോൾഡ് ചെയ്ത ബുമ്ര അതിവേഗം 5 വിക്കറ്റ് നേട്ടത്തിലെത്തി. ഇതിനിടെ ഷർമാർ ബ്രൂക്സ് (2), ഷിമ്രോൺ ഹെറ്റ്മയർ (1) എന്നിവരെ പുറത്താക്കിയ ഇഷാന്ത് ശർമയും കരുത്തുകാട്ടി. ഇതോടൊപ്പം 2 വിക്കറ്റ് വീഴ്ത്തിയ മുഹമ്മദ് ഷമിയുടെ പ്രകടനം കൂടിയായപ്പോൾ വിൻഡീസ് ക്ലോസ്. 38 റൺസെടുത്ത കെമർ റോഷാണ് അവരുടെ ടോപ് സ്കോറർ.

നേരത്തേ, ടെസ്റ്റ് ക്രിക്കറ്റിലെ 2 വർഷം നീണ്ട സെഞ്ചുറി വരൾച്ചയ്ക്കു വിരാമമിട്ട അജിൻക്യ രഹാനെയാണ് (242 പന്തിൽ 102) ഇന്ത്യയെ മികച്ച സ്കോറിലെത്തിച്ചത്. നാലാം ദിവസത്തെ ആദ്യ ഓവറിൽത്തന്നെ വിരാട് കോലിയെ (51) മടക്കിയ റോസ്ടൻ ചേസ് വിൻഡീസിനു ശുഭ സൂചന നൽകിയെങ്കിലും അഞ്ചാം വിക്കറ്റിൽ 135 റൺസ് ചേർത്ത രഹാനെ– വിഹാരി സഖ്യം അവരുടെ പ്രതീക്ഷകൾ തല്ലിക്കെടുത്തി. 17 റൺസെടുത്തു നിൽക്കെ രഹാനെ നൽകിയ ക്യാച്ച് ജോൺ കാംപെൽ വിട്ടുകളഞ്ഞതു മത്സരത്തിൽ വഴിത്തിരിവായി.

പിന്നീടു രഹാനെ, ടെസ്റ്റിലെ പത്താം സെഞ്ചുറി കുറിച്ചു മടങ്ങുമ്പോൾ ഇന്ത്യ സുരക്ഷിതമായ ലീഡ് കൈവരിച്ചിരുന്നു. 2017 ഓഗസ്റ്റിൽ ശ്രീലങ്കയ്ക്ക് എതിരെയായിരുന്നു ടെസ്റ്റിൽ രഹാനെയുടെ ഇതിനു മുൻപുള്ള സെഞ്ചുറി നേട്ടം. സെഞ്ചുറി തികയ്ക്കാനുള്ള തിടുക്കത്തിനിടെ ജെയ്സൻ ഹോൾഡറുടെ വൈഡ് ബോളിൽ വിക്കറ്റ് കീപ്പർ ഷായ് ഹോപ്പിനു ക്യാച്ച് നൽകിയാണു വിഹാരി പുറത്തായത്. ഇതോടെ കോലി ഇന്ത്യൻ ഇന്നിങ്സും ഡിക്ലയർ ചെയ്തു.