കഴുത്തറുത്ത് കൊല്ലുന്ന തിമിംഗലങ്ങളുടെ രക്തം വീണാണ് കടൽ ചുവക്കുന്നത്.ആചാരത്തിന്റെയും വിശ്വാസത്തിന്റെയും ഭാഗമായി കൊന്നൊടുക്കിയത് എണ്ണൂറിലേറെ തിമിംഗലങ്ങളെ. അവയുടെ ചോരയിൽ കടൽ തന്നെ ചുവന്ന് നിറഞ്ഞു. ഇൗ ചിത്രങ്ങൾ ഇപ്പോൾ സമൂഹമാധ്യമങ്ങളിൽ വലിയ ചർച്ചയാവുകയാണ്. ഡെന്‍മാര്‍ക്കിനു കീഴിലുള്ള ഫറോ ദ്വീപിൽ നിന്നാണ് ആചാരത്തിന്റെ പേരിലുള്ള കൊടുംക്രൂരത.

തിമിംഗലങ്ങളെ മാത്രമല്ല ഡോള്‍ഫിനുകളെയും ഗിന്‍ഡാ ഡ്രാപ് എന്നറിയപ്പെടുന്ന ഈ അനാചാരത്തിന്‍റെ ഭാഗമായി കൊന്നു തള്ളുകയാണ്. ആചാരത്തിന്റെ ഭാഗമായി നടക്കുന്ന ഇൗ കൂട്ടക്കുരുതിക്ക് സർക്കാരിന്റെ പിന്തണയുമുണ്ട്. ഇത്തവണ മെയ് 28ന് മാത്രം 145 തിമിംഗലങ്ങളെയാണ് കഴുത്തറുത്ത് കൊന്നത്. എന്നാൽ ഇത് ഉപജീവനത്തിന്റെ തന്നെ ഭാഗമാണെന്നാണ് അധികൃതരുടെ വിശദീകരണം.

ഇത്തരത്തിൽ കെന്നൊടുക്കുന്ന തിമിംഗലത്തിന്റെ മാംസം ദ്വീപ് നിവാസികളുടെ ഭക്ഷണത്തിന്റെയും ഉപജീവനത്തിന്റെയും ഭാഗമാണ്. ഭക്ഷണത്തിനു വേണ്ടി നടത്തുന്ന വേട്ടയായതിനാല്‍ ഇതിനെ ആചാരമായി മാത്രം കാണേണ്ടതില്ലെന്നാണ് പോള്‍ നോള്‍സെയുടെയും വേട്ടയെ അനുകൂലിക്കുന്നവരുടെയും വാദം.

കരയോടു ചേര്‍ത്ത് നീന്താനാവാത്ത വിധമുള്ള അവസ്ഥയില്‍ തിമിംഗലങ്ങളെ വേട്ടയാടി എത്തിക്കും എന്നിട്ടാണ് കൊലപ്പെടുത്തുന്നത്. നീന്താൻ പറ്റാതെ കൂട്ടത്തോടെ കരയ്ക്കടിയുന്ന തമിംഗലങ്ങളെ കഴുത്തറുത്ത് കൊല്ലും. ഈ മുറിവില്‍നിന്ന് ചോര വാര്‍ന്നാണ് തിമിംഗലങ്ങള്‍ കൊല്ലപ്പെടുന്നത്. ഇൗ ചോര കടലിൽ പരന്ന് ചുവന്ന നിറമാവുകയും ചെയ്യും. ഇതിനെതിരെ വലിയ രോഷമാണ് ഉയരുന്നത്.