കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിനേക്കുറിച്ചുള്ള വാര്‍ത്തകള്‍ മാധ്യമങ്ങളില്‍ നിറയുകയാണ്. കുടുംബാംഗങ്ങളില്‍ നിന്നുള്‍പ്പെടെ പീഡനങ്ങള്‍ കുട്ടികള്‍ ഏറ്റുവാങ്ങിക്കൊണ്ടിരിക്കുന്നു. ബോധവല്‍ക്കരണങ്ങളും കടുത്ത ശിക്ഷകളും ഏര്‍പ്പെടുത്തിയാലും ഇതിന് പരിഹാരമുണ്ടാകുന്നില്ല. ഈ പ്രശ്‌നത്തെ എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നത് വലിയൊരു ചോദ്യമാണ്. പ്രത്യേകിച്ചും മാതാപിതാക്കളാണ് കുട്ടികളെ മര്‍ദ്ദിക്കുകയോ പീഡിപ്പിക്കുകയോ ചെയ്യുന്നതെങ്കില്‍, അവരെ നിങ്ങള്‍ക്ക് നേരിട്ടറിയാമെങ്കില്‍ അത് എങ്ങനെ കൈകാര്യം ചെയ്യാനാകുമെന്നത് ഒരു കീറാമുട്ടി പ്രശ്‌നമായിരിക്കും.

അവരുമായി സംസാരിക്കുന്നതുപോലും നമ്മെ സംബന്ധിച്ചിടത്തോളം ബുദ്ധിമുട്ട് നിറഞ്ഞ അനുഭവമായിരിക്കും. എന്നാല്‍ കുട്ടികളെയാണ് നിങ്ങള്‍ പരിഗണിക്കുന്നതെങ്കില്‍ മാതാപിതാക്കളുമായി സംസാരിക്കുകയും പ്രശ്‌നത്തിന് പരിഹാരം കാണാന്‍ ശ്രമിക്കുകയും വേണം. വിദഗ്ദ്ധര്‍ക്കു മുന്നിലാണ് പ്രശ്‌നം എത്തുന്നതെങ്കില്‍ അവര്‍ കുട്ടികളുടെ സുരക്ഷയ്ക്കും ഭാവിക്കും പരിഗണന നല്‍കുകയും അതിനായുള്ള നടപടികള്‍ സ്വീകരിക്കുകയും ചെയ്യും.

കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നുണ്ടോ എന്ന് എങ്ങനെ തിരിച്ചറിയാം?

ഒരു കുട്ടി പീഡനങ്ങള്‍ക്ക് ഇരയാകുന്നുണ്ടോ എന്ന് എളുപ്പത്തില്‍ തിരിച്ചറിയാന്‍ ചില മാര്‍ഗങ്ങളുണ്ട്. ചില അടയാളങ്ങള്‍ കണ്ടാല്‍ ഇത് തിരിച്ചറിയാം. എബിസി ചിഹ്നങ്ങളാണ് അവയില്‍ പ്രധാനം. Appearance, Behaviour, Communication എന്നിവയാണ് അവ.

അപ്പിയറന്‍സ്: അസാധാരണമായ മുറിവുകളോ ചതവുകളോ കുട്ടികളില്‍ കണ്ടാല്‍ ശ്രദ്ധിക്കേണ്ടതാണ്.

ബിഹേവിയര്‍: അന്തര്‍മുഖത്വം, ഉത്ക്ണ്ഠ, സ്വയം മുറിവേല്‍പ്പിക്കുന്ന ശീലം, സ്വഭാവത്തില്‍ പെട്ടെന്നുണ്ടാകുന്ന മാറ്റം തുടങ്ങിയവയും ശ്രദ്ധ നല്‍കേണ്ട കാര്യമാണ്.

കമ്യൂണിക്കേഷന്‍: ദേഷ്യത്തോടെ സംസാരിക്കുക, ലൈംഗികമായി സംസാരിക്കുക, രഹസ്യാത്മകത എന്നിവയെല്ലാം കുട്ടികള്‍ പീഡിപ്പിക്കപ്പെടുന്നതിന്റെ ലക്ഷണങ്ങളായി കണക്കാക്കാം

ഇത്തരം ലക്ഷണങ്ങള്‍ കണ്ടാല്‍ അവ റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് ആദ്യമായി നിങ്ങളുടെ ഉത്തരവാദിത്തം. ചിലപ്പോള്‍ സാഹചര്യങ്ങളെ നിങ്ങള്‍ തെറ്റായി വ്യാഖ്യാനിച്ചതായിരിക്കാമെന്ന ആശങ്കയും തോന്നാം. പക്ഷേ കുട്ടികളുടെ സുരക്ഷയ്ക്ക് നിങ്ങള്‍ ശബ്ദമുയര്‍ത്തുന്നത് തന്നെയായിരിക്കും നല്ലത്. പീഡനത്തിന് ഉത്തരവാദിയായ ആള്‍ നിങ്ങളുടെ ഉറ്റ സുഹൃത്തോ, പരിചയക്കാരനോ ബന്ധുവോ ആണെങ്കില്‍ പോലും വിവരം അറിയിക്കുന്നതാണ് നീതി.

കുട്ടി പീഡിപ്പിക്കപ്പെട്ടതായി സംശയമുണ്ടെങ്കിലും അക്കാര്യത്തില്‍ ഉറപ്പില്ലെങ്കില്‍ എന്തുചെയ്യണം?

ഒരു കുട്ടി പീഡിപ്പിക്കപ്പെട്ടതായി നിങ്ങള്‍ക്ക് സംശയം തോന്നുന്നു.എന്നാല്‍ അതിന് തെളിവുകളൊന്നുമില്ല. കുട്ടി അതേക്കുറിച്ച് സൂചനകളും നല്‍കുന്നില്ലയെങ്കില്‍ എന്തു ചെയ്യാനാകുമെന്നത് മറ്റൊരു പ്രശ്‌നമാണ്. അത്തരം സന്ദര്‍ഭങ്ങളില്‍

കുട്ടിയുടെ പെരുമാറ്റം നിരീക്ഷിക്കുക. ഒരു ഡയറിയില്‍ അവ കുറിച്ചുവെക്കുന്നത് കുട്ടിയുടെ സ്വഭാവമാറ്റം നിരീക്ഷിക്കാന്‍ ഉതകും.

നിങ്ങളുടെ സംശയം സ്‌കൂളുമായും ജിപിയുമായും പങ്കുവെക്കുക. കുട്ടിയോട് ഇടപഴകുന്ന പ്രൊഫഷണലുകള്‍ക്ക് സ്വഭാവത്തിലുണ്ടാകുന്ന മാറ്റങ്ങള്‍ മനസിലായിട്ടുണ്ടാകും.

ഏറ്റവും വിശ്വാസമുള്ള സുഹൃത്തോ കുടുംബാംഗമോ ആയി ഇക്കാര്യങ്ങള്‍ സംസാരിക്കുക. എന്‍എസ് പിസിസി കൗണ്‍സലറുമായി സംസാരിക്കുന്നതും കൂടുതല്‍ വ്യക്തത ഇക്കാര്യത്തിലുണ്ടാകാന്‍ ഉതകും.

സംശയമുള്ള കാര്യങ്ങള്‍ റിപ്പോര്‍ട്ട് ചെയ്യുകയെന്നതാണ് ചെയ്യാനാകുന്ന മറ്റൊരു കാര്യം. ഇതിലൂടെ നിങ്ങള്‍ക്ക് കൂടുതല്‍ സഹായം ലഭിച്ചേക്കാം.